ശബരിമലയിൽ നടക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം; ദേവസ്വം ബോർഡിനെതിരെ മനുഷ്യാവകാശ കമ്മീഷൻ....
തിരുവനന്തപുരം: ശബരിമലയില്ഡ ഇപ്പോൾ നടക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ ഒരുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അടിയന്തിര നടപടികള്‍ സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥര്‍ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചതായി കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
ദേവസ്വം കമ്മീഷണര്‍, സംസ്ഥാന പോലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവര്‍ വിഷയത്തില്‍ നേരിട്ട് ഇടപെട്ട് പരാതികള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് നിർദേശിച്ചു. ചെങ്ങന്നൂര്‍ റയില്‍വേ സ്റ്റേഷനിലെത്തുന്ന ഇതര സംസ്ഥാനക്കാരായ തീര്‍ഥാടകര്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നു. ചെങ്ങന്നൂര്‍, നിലയ്ക്കല്‍ പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പരാതികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. പമ്പയിലും സന്നിധാനത്തും ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് പോലും അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നതായി കമ്മീഷൻ ഉത്തരവിൽ ചൂണ്ടികാട്ടുന്നു. അതേസമയം ശബരിമലയില്‍ നെയ്യഭിഷേകം നടത്തുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ തീരുമാനിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ വ്യക്തമാക്കി.
പുലര്‍ച്ചെ മൂന്നേകാല്‍ മുതല്‍ പന്ത്രണ്ടരവരെ നെയ്യഭിഷേകം നടത്താനാകും. നെയ്യഭിഷേകത്തിനുളള എല്ലാസൗകര്യവും ഒരുക്കും. ഭക്തര്‍ക്ക് ബുദ്ധിമുട്ടാവുന്ന ഒന്നും ഇനി ഉണ്ടാകില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. മാധ്യമങ്ങളും ഭക്തരും ചൂണ്ടിക്കാട്ടുന്ന എന്തു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തയ്യാറാണ്. ഇതുവരെ നേരിട്ടത് സ്റ്റാര്‍ട്ടിങ് ട്രംബിള്‍ ആയിരുന്നു. പുലര്‍ച്ചെ മൂന്നുമണിക്കുളളില്‍ എത്താനാകും വിധം ഭക്തരെ കടത്തിവിടും. മറ്റ് രാഷ്ട്രീയ കാര്യങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും പത്മകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.












Click it and Unblock the Notifications