“നമ്മള്‍ ജനാധിപത്യത്തിൽ നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് മാറി”:മോദിക്ക് 9 പ്രതിപക്ഷ നേതാക്കളുടെ കത്ത്
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സത്യേന്ദ്രർ ജെയിന്‍ തിഹാർ ജയിലിലാണ് ഇപ്പോള്‍ കഴിയുന്നത്.

ദില്ലി: പാർട്ടി നേതാക്കളെ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ആയുധമാക്കി ആം ആദ്മി പാർട്ടി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെ എട്ട് പ്രതിപക്ഷ നേതാക്കൾ സിസോദിയയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. "നമ്മള്‍ ജനാധിപത്യത്തിൽ നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് മാറിയിരിക്കുന്നു" എന്ന് സൂചിപ്പിക്കുന്നതാണ് ഈ നടപടിയെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ടിഎംസിയുടെ മമത ബാനർജി, ശിവസേനയുടെ (യുബിടി) ഉദ്ധവ് താക്കറെ, എൻസിപിയുടെ ശരദ് പവാർ, ബിആർഎസിന്റെ കെ ചന്ദ്രശേഖർ റാവു എന്നിവരുൾപ്പെടെ എട്ട് പ്രതിപക്ഷ നേതാക്കളാണ് അറസ്റ്റിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാഴ്ച കത്ത് അയച്ചത്. "സിസോദിയയുടെ അറസ്റ്റ് ഒരു രാഷ്ട്രീയ വേട്ടയുടെ ഉദാഹരണമായി ലോകമെമ്പാടും ഉദ്ധരിക്കപ്പെടും, സ്വേച്ഛാധിപത്യ ബിജെപിക്ക് കീഴിൽ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ഭീഷണിയിലാണെന്ന് ലോകം സംശയിക്കുന്നതിനെ കൂടുതൽ സ്ഥിരീകരിക്കും," കത്തിൽ പറയുന്നു.
മന്ത്രിമാരായിരുന്ന മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരുടെ അറസ്റ്റിൽ വിശദീകരണവുമായി വീടുവീടാന്തരം കയറി പ്രചരണം നടത്താനും ആം ആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്. നേതാക്കളെ ബി ജെ പി രാഷ്ട്രീയമായി നേരിടുന്നുവെന്നും ഇതിനെതിരെ ജനകീയ പ്രതിരോധം ഉയരുണമെന്നും എ എ പി വ്യക്തമാക്കുന്നു. അതിനിടെ, എക്‌സൈസ് നയ അഴിമതി കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി സിസോദിയയുടെ സിബിഐ കസ്റ്റഡി ഡൽഹി റോസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം മാർച്ച് 6 വരെ നീട്ടിയിട്ടുമുണ്ട്.

ദില്ലിയിലെ പാർട്ടി ഓഫീസിൽ നിന്ന് ഏതാനും മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോടതിക്ക് മുമ്പില്‍ ഇന്നലേയും പ്രതിഷേധവുമായി എ എ പി നേതാക്കളും പ്രവർത്തകരുമെത്തി. . തലസ്ഥാനത്തെ ബി ജെ പി ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കാനാണ് എ എ പി നേരത്തെ തീരുമാനിച്ചതെങ്കിലും അവിടെ പൊലീസ് വലിയ തോതില്‍ സുരക്ഷ ഒരുക്കിയിരുന്നതിനാല്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധിച്ചില്ല.
ദില്ലിയുടെ വിവിധ ഭാഗങ്ങളിലിപ്പോഴും എഎപി പ്രതിഷേധം തുടരുന്നുണ്ട്. "മോദി ജബ് ജബ് ദർത്താ ഹേ, പോലീസ് കോ ആഗേ കർത്ത ഹേ", "മനീഷ് സിസോദിയ തുജെ സലാം" തുടങ്ങിയ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമേന്തിയായാണ് പ്രതിഷേധ പ്രകടനം. ഇതോടൊപ്പം തന്നെ മനീഷ് സിസോദിയയ്ക്കും സത്യേന്ദർ ജെയിനിനും എതിരായ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള വീടുവീടാന്തരം കയറി പ്രചാരണം ഇന്ന് മുതല്‍ ആരംഭിക്കുന്നത്. പരിപാടിയുടെ ഭാഗമായി ജനങ്ങളോട് നേരിട്ട് സംസാരിക്കുകയും "നിരപരാധികളായ മന്ത്രിമാരെ" എങ്ങനെ കള്ളക്കേസുകളിൽ കുടുക്കുന്നുവെന്ന് വിശദീകരിക്കുകയും ചെയ്യും.മാർച്ച് 5 ന് ഛത്തീസ്ഗഡിലെ റായ്പൂരിൽ നടക്കാനിരിക്കുന്ന വമ്പിച്ച പാർട്ടി പ്രവർത്തകരുടെ കൺവെൻഷനോടെ തിരഞ്ഞെടുപ്പ് കാഹളം മുഴക്കാന്‍ എ എ പി ഒരുങ്ങുന്നു എന്നതും ശ്രദ്ധേയമാണ്.
സിസോദിയയ്‌ക്കെതിരെ തെളിവുകളില്ലാത്തതിനാൽ സിസോദിയ നിരപരാധിയാണെന്ന് ഒടുവിൽ തെളിയിക്കപ്പെടുമെന്ന് സിബിഐക്ക് അറിയാമെന്നും എന്നാൽ മനീഷ് സിസോദിയയെ കഴിയുന്നത്ര കാലം ജയിലിൽ അടയ്ക്കാൻ സാധിച്ചാൽ കേന്ദ്രസർക്കാർ അതിനെ വിജയമായി കണക്കാക്കുമെന്നുമാണ് എഎപി അവകാശപ്പെടുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സത്യേന്ദ്രർ ജെയിന്‍ തിഹാർ ജയിലിലാണ് ഇപ്പോള്‍ കഴിയുന്നത്.
അതോടൊപ്പം തന്നെ ഫെബ്രുവരി 27 ന് സിസോദിയയെ കസ്റ്റഡിയിൽ വിട്ടെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ സിസോദിയയുടെ നടപടി ക്രമങ്ങൾ തീർപ്പാക്കിയെന്നും അതിനാൽ അന്ന് പ്രതികളുടെ വിസ്താരമോ ചോദ്യം ചെയ്യലോ നടന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിനോട് പ്രതികള്‍ സഹകരിച്ചില്ലെന്നും സി ബി ഐ ആരോപിച്ചു.












Click it and Unblock the Notifications