അശ്വന്ത് കോക്കിനും ആറാട്ടണ്ണനുമൊക്കെ പൂട്ടുവീഴുമോ? നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന് ഹർജി
കൊച്ചി: സിനിമ വ്യവസായ മേഖല ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് റിലീസിങ് ദിനങ്ങളിലെ നെഗറ്റീവ് റിവ്യൂകളാണെന്നാണ് സിനിമാക്കാർ തന്നെ പറയുന്നത്. ഏറെ സ്വീകാര്യതയുള്ള അശ്വന്ത് കോക്ക് മുതല്‍ ആറാട്ടണ്ണന്‍ എന്ന് പറയുന്ന സന്തോഷ് വർക്കി വരെ സിനിമ റിവ്യൂ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്നവരാണ്. എന്നാല്‍ ഇവർക്കെല്ലാം പൂട്ടുവീഴുമോയെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. അതായത് റിലീസിങ് ദിനത്തിലെ നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ആരോമലിന്‍റെ ആദ്യ പ്രണയം എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് ആണ് ഹർജി നൽകിയത്. സിനിമ കാണുക പോലും ചെയ്യാതെ ഓൺലൈൻ രംഗത്തും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണമെന്നാണ് അദ്ദേഹം ഹർജിയിലൂടെ ആവശ്യപ്പെടുന്നത്.

വിഷയത്തില്‍ നേരത്തെ ഹർജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടിയിരുന്നു. സിനിമ എന്നത് സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും അടങ്ങുന്ന സംഘത്തിന്റെ സ്വപ്നവും വർഷങ്ങളുടെ അധ്വാനവും ആണെന്നും സിനിമ കാണുക പോലും ചെയ്യാത്തവർ ഇതെല്ലാം തകർക്കുന്നുവെന്നും ഹർജിക്കാരൻ വാദിക്കുന്നു.
'ഒരു സിനിമ എന്നത് വര്ഷങ്ങളോളം സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും കൂടിയ ഒരു ടീമിന്റെ സ്വപ്നവും അധ്വാനവും ആണ്. ആ സിനിമ റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം സിനിമ പോലും കാണാൻ നിൽക്കാതെ സിനിമക്കെതിരെ ഓൺലൈൻ പ്ലാറ്റഫോമുകളിലും സോഷ്യൽ മീഡിയയിലും നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരണം ' മുബീൻ റൗഫ് ഹർജിയില്‍ പറയുന്നു.
സിനിമ നിരൂപണം എന്നത് ഏറെ വിശ്വാസവും ഏറെ അംഗീകാരമുള്ളതുമായ ഒരു മേഖലയായിരുന്നുന്നുവെങ്കിൽ ഇന്ന് ഒരു സ്മാർട്ട് ഫോൺ ഉള്ള ആർക്കും സിനിമയെന്ന കലാസൃഷ്ടിയെ കരിവാരി തേക്കാൻ നെഗറ്റീവ് റിവ്യൂ ചെയ്യാൻ കഴിയും എന്ന സ്ഥിതി മാറണം. കഴിഞ്ഞ കാലഘട്ടങ്ങളിൽ നിരവധി മലയാള സിനിമകൾക്ക് ഇത്തരത്തിലുള്ള ദുരനുഭവമുണ്ടായി.. പക്ഷെ ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ ഇവയെല്ലാം മികച്ച പ്രേക്ഷകപ്രതികരണം സൃഷ്ടിച്ചുവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
സിനിമ റിലീസ് ചെയ്യുമ്പോൾ സിനിമ കാണുക പോലും ചെയ്യാതെ നെഗറ്റീവ് റിവ്യൂകൾ ചെയ്യുന്നതും സിനിമ റിലീസിന് മുൻപ് സിനിമ പ്രൊഡ്യൂസറെയും പിന്നണി പ്രവർത്തരെയും വിളിച്ച് ഭീഷണിപ്പെടുത്തി നെഗറ്റീവ് റിവ്യൂ ഇടാതിരിക്കാൻ പണമാവശ്യപ്പെടുന്ന സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്. സിനിമ റിലീസ് ചെയ്യുമ്പോൾ ഓൺ ലൈൻ റിവ്യുവർമാരുടെ ഭീഷണിക്ക് സിനിമ പ്രവർത്തകർ വഴങ്ങേണ്ട സാഹചര്യവും നിലവിലുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി.
വിഷയത്തില്‍ അഡ്വ.ശ്യാംപത്മനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു. ഹർജിയില്‍ സംസ്ഥാന പോലീസ് മേധാവിയെ കൂടി കക്ഷി ചേർക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹർജിക്കാരന് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ സി ആർ രഖേഷ് ശർമ്മ ഹാജരായി. അതേസമയം, സംവിധായകന്റെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്ത് വന്നത്. മനഃപ്പൂർവ്വമായ ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കേണ്ടതാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
അതേസമയം തന്നെ പൈസ മുടക്കി സിനിമ കണ്ടയാള്‍ക്ക് അതേക്കുറിച്ചുള്ള അഭിപ്രായം പറയാന്‍ പാടില്ലേയെന്ന ചോദ്യവും ശക്തമാണ്. നെഗറ്റീവ് റിവ്യൂ ചെയ്യാന്‍ പാടില്ലെങ്കില്‍ പോസിറ്റീവും വേണ്ട, എല്ലാ റിവ്യൂകളും അഭിപ്രായങ്ങളും നിശ്ചിത ദിവസം കഴിഞ്ഞിട്ട് വരട്ടേയെന്നും ഇവർ അഭിപ്രായപ്പെടുന്നു. സിനിമ മികച്ചതാണെങ്കില്‍ റിവ്യൂ പരിഗണിക്കാതെ തന്നെ ആളുകള്‍ സിനിമയ്ക്ക് എത്തുമെന്നും ആളുകള്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications