അസ്മിയ മോളുടെ മരണം: 'ഇനി ഇവിടേക്ക് തിരിച്ച് വരില്ല', അസ്മിയ മരണത്തിന് മുൻപ് പറഞ്ഞത്
തിരുവനന്തപുരം: മതപാഠശാലയില്‍ 17കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥാപനത്തിലെ ജീവനക്കാരില്‍ നിന്നും വിദ്യാര്‍ത്ഥിനികളില്‍ നിന്നും പോലീസ് മൊഴിയെടുത്തു. തിരുവനന്തപുരം ബാലരാമപുരത്തുളള ഖദീജത്തുള്‍ ഖുബ്ര വനിത അറബിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ അസ്മിയ മോളെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് കേസെടുത്താണ് ബാലരാമപുരം പോലീസ് അന്വേഷണം നടത്തുന്നത്. ചെറിയ പെരുന്നാള്‍ അവധിക്ക് വീട്ടിലേക്ക് പോകുമ്പോള്‍ സുഹൃത്തുക്കളില്‍ ചിലരോട് താന്‍ ഇനി ഇവിടേക്ക് മടങ്ങി വരില്ലെന്ന് അസ്മിയ മോള്‍ പറഞ്ഞിരുന്നുവെന്നാണ് പോലീസിന് മൊഴി ലഭിച്ചിരിക്കുന്നത്.

രണ്ട് വര്‍ഷത്തെ കോഴ്‌സിന് ചേര്‍ന്ന അസ്മിയ ഒരു വര്‍ഷമായി അല്‍ അമന്‍ എന്ന സ്ഥാപനത്തില്‍ താമസിച്ച് പഠിക്കുകയാണ്. മരണത്തിന് മുന്‍പ് അസ്മിയ വീട്ടിലേക്ക് വിളിച്ചിരുന്നു. തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകണം എന്ന് അസ്മിയ ഉമ്മയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സ്ഥാപനത്തിലെ ഉസ്താദും ടീച്ചറും വഴക്ക് പറഞ്ഞതായാണ് അസ്മിയ പറഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു.
അസ്മിയയുടെ ഉമ്മ ഒന്നര മണിക്കൂര്‍ കഴിഞ്ഞ് സ്ഥാപനത്തിലേക്ക് എത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായി അറിയുന്നത്. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സ്ഥാപനത്തിന്റെ അടുക്കള ഭാഗത്ത് ആയിരുന്നു അസ്മിയയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അസ്മിയ ആത്മഹത്യ ചെയ്യില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.
സ്ഥാപനത്തില്‍ അഞ്ച് ജീവനക്കാരില്‍ നിന്നും പത്ത് വിദ്യാര്‍ത്ഥിനികളില്‍ നിന്നുമാണ് പോലീസ് മൊഴിയെടുത്തിരിക്കുന്നത്. ഈ മതപാഠശാലയിലെ ഹോസ്റ്റല്‍ നടത്തിപ്പിന് അനുമതി ഇല്ലെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. 35 പെണ്‍കുട്ടികളാണ് നിലവില്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നത്. 23 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഹോസ്റ്റിലിന്റെ അനുമതിക്കായുളള അപേക്ഷ പഞ്ചായത്തിന്റെ പരിഗണനയിലാണ് എന്നാണ് അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications