കേരളത്തില്‍ പ്രതിപക്ഷം പിടിച്ചു നില്‍ക്കുന്നതെങ്ങനെയെന്നറിയാമോ... കുഞ്ഞാപ്പ പറയും!!!
തൊടുപുഴ: സംസ്ഥാന സര്‍ക്കാരിനെക്കുറിച്ച് ആക്ഷേപം പറയാനില്ലാത്തതിനാല്‍ മാധ്യമങ്ങളിലുടെയാണ് കേരളത്തിലെ പ്രതിപക്ഷം പിടിച്ചു നില്‍ക്കുന്നതെന്ന് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. വളരണം ഈ നാട്, തുടരണം ഈ ഭരണം എന്നതാണ് യുഡിഎഫിന്റെ മുദ്രാവാക്യമെങ്കില്‍ തങ്ങള്‍ വന്നാല്‍ കണ്ണൂരിലെ പോലെ എല്ലാവരെയും അക്രമരാഷ്ട്രീയത്തിലൂടെ ശരിയാക്കുമെന്നാണ് എല്‍ഡിഎഫിന്റെ മുദ്രാവാക്യം-തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മന്ത്രി പിജെ ജോസഫിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
തിരഞ്ഞെടുപ്പില്‍ സ്വന്തമായി ഒരു മാനിഫെസ്റ്റോ പുറത്തിറക്കാന്‍ കഴിയാത്ത എല്‍ഡിഎഫ് കേരളത്തിലെ ബാര്‍ ഉടമകളുടെ തീരുമാനങ്ങളാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എല്‍ഡിഎഫ് പോലും അംഗീകരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഡിജിറ്റല്‍ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയത് യുഡിഎഫ് സര്‍ക്കാരാണ്- കുഞ്ഞാലിക്കുട്ടി പറയുന്നു.

ഐടി മേഖലയില്‍ കേരളം കൈവരിച്ച മുന്നേറ്റം മൂലം വിദേശരാജ്യങ്ങളിലേക്ക് തൊഴിലന്വേഷിച്ച് യുവതീ യുവാക്കള്‍ക്ക് പോകേണ്ട കാര്യമില്ല. കേരളത്തില്‍ നിക്ഷേപക സംഗമം സംഘടിപ്പിച്ചതിലൂടെ വിദേശത്ത് നിന്ന് സംസ്ഥാനത്ത് പണം നിക്ഷേപിക്കാനും കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനും നൂറുകണക്കിനാളുകളാണ് എത്തുന്നത്.
സംസ്ഥാനത്തെ റോഡുകളുടെ വികസനവും കേരളത്തിലെ സമഗ്ര വികസനത്തിന്റെ ഭാഗമാണ്. ഭാവനാസമ്പന്നമായി അഞ്ച് വര്‍ഷം കേരളത്തെ നയിച്ച യുഡിഎഫ് സര്‍ക്കാരിന് നാടിനെ അടുത്ത കാലഘട്ടത്തിലേക്ക് വിജയകരമായി നയിക്കാന്‍ കഴിയും. ബിജെപിയുമായി യുഡിഎഫിന് ബന്ധമുണ്ടെന്ന് ആക്ഷേപിക്കുന്ന എല്‍.ഡി.എഫുകാര്‍ കാസര്‍ഗോഡും മഞ്ചേശ്വരത്തും യുഡിഎഫും ബിജെപിയും നേര്‍ക്കുനേര്‍ മത്സരിക്കുന്നത് വിസ്മരിക്കുകയാണ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗത്തില്‍ മുനിസിപ്പല്‍ മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ എംഎ കരീം അധ്യക്ഷത വഹിച്ചു.












Click it and Unblock the Notifications