എ ക്ലാസ് മണ്ഡലത്തില്‍ എ പ്ലസ് നേടുമോ വി മുരളീധരന്‍: ബിജെപി സ്ഥാനാർത്ഥിയെക്കുറിച്ച് അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് ബിജെപി വിജയം പ്രതീക്ഷിക്കുന്ന എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നാണ് ആറ്റിങ്ങല്‍. ഇത്തവണ വിജയം നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കിലും മികച്ച പ്രകടനം നടത്തി 2029 ലെങ്കിലും മണ്ഡലം പിടിക്കുകയെന്ന ലക്ഷ്യമാണ് പാർട്ടിക്കുള്ളത്. അതുകൊണ്ട് തന്നെ വിജയം അല്ലെങ്കില്‍ രണ്ടാമതെങ്കിലും എത്തുകയെന്നതാണ് ബി ജെ പിയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ തവണ വലിയ മുന്നേറ്റം നടത്തിയ ശോഭ സുരേന്ദ്രനെ മാറ്റി കൂടുതല്‍ കരുത്തനായ വി മുരളധീരനെ തന്നെ പാർട്ടി രംഗത്ത് ഇറക്കിയത്.
2019ൽ ബി ജെ പിക്കായി ഇറങ്ങിയ ശോഭ സുരേന്ദ്രന്‍ 248081 വോട്ട് നേടി വലിയ മുന്നേറ്റമായിരുന്നു നടത്തിയത്. 2014ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മണ്ഡലത്തിൽനിന്ന് ലഭിച്ചത് 90,528 വോട്ട് മാത്രമായിരുന്നു. ഇതാണ് അഞ്ച് വർഷത്തിന് ശേഷം രണ്ടര ലക്ഷത്തിനടുത്തേക്ക് ഉയർത്തിയത്. രണ്ടാമത് എത്തിയ സി പി എം സ്ഥാനാർത്ഥിയുമായുള്ള വോട്ട് വ്യത്യാസം 96000 വും വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുമായുള്ള വ്യത്യാസം 132000 വും ആയിരുന്നു.

ശോഭ സുരേന്ദ്രന് പകരം വി മുരളീധരന്‍ വരുമ്പോള്‍ സ്വാഭാവികമായും വോട്ട് വർധനയുണ്ടാകുമെന്ന് ബി ജെ പി പ്രതീക്ഷിക്കുന്നു. സ്ഥാനാർത്ഥി നിർണ്ണയം പ്രതീക്ഷിച്ച് വളറെ നേരത്തെ തന്നെ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനവും വി മുരളീധരന്‍ നടത്തിയിരുന്നു.
ആരാണ് വി മുരളീധരന്‍
വണ്ണത്താന്‍വീട്ടില്‍ ഗോപാലന്റെയും നാമ്പള്ളി വെള്ളാംവെള്ളി ദേവകിഅമ്മയുടെയും മകനായി 1958 ല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എരഞ്ഞോളിയിലാണ് വെള്ളാംവെള്ളി മുരളീധരന്‍ എന്ന വി.മുരളീധരന്‍ ജനിച്ചത്. വിദ്യാര്‍ത്ഥി കാലം മുതല്‍ നിരവധി സമരപോരാട്ടങ്ങളിലൂടെ വളര്‍ന്നു വന്ന നേതാവാണ് മുരളീധരന്‍.
തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദം നേടിയിട്ടുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ തന്നെ എ ബി വി പിയുമായി അടുത്ത ബന്ധം പുലര്‍ത്തി. അടിയന്തിരാവസ്ഥകാലത്താണ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്. 1978 ല്‍ എബിവിപി തലശ്ശേരി താലൂക്ക് പ്രസിഡന്റ്, 79ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി, 80ല്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി, 1983 ല്‍ സംസ്ഥാന സംഘടനാ സെക്രട്ടറി, 1987 മുതല്‍ 1990 വരെ അഖിലേന്ത്യാ സെക്രട്ടറി, 1994 മുതല്‍ 1996 വരെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു.
1998ല്‍ കോളജ് അധ്യാപികയായ ഡോ.കെ.എസ്. ജയശ്രീയെ വിവാഹം കഴിച്ചു. 1999 ല്‍ നെഹ്‌റു യുവകേന്ദ്രയുടെ വൈസ് ചെയര്‍മാനും 2002-2004 കാലഘട്ടത്തില്‍ ഡയറക്ടര്‍ ജനറലുമായി.
2004 ല്‍ ബിജെപി എന്‍ജിഒ സെല്ലിന്റെ ദേശീയ കണ്‍വീനറായാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. 2006 മുതല്‍ 2010 വരെ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. 2010 മുതല്‍ 2013 വരെയും 2013 മുതല്‍ 2015 വരെയും രണ്ടു വട്ടം സംസ്ഥാന പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
2018 ല്‍ മഹാരാഷ്ട്രയില്‍ നിന്ന് പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019 മെയ് മുതല്‍ അദ്ദേഹം കേന്ദ്ര വിദേശകാര്യവകുപ്പ്, പാര്‍ലമെന്ററികാര്യ വകുപ്പ് സഹമന്ത്രിയാണ്. രാജ്യസഭയിലെ സര്‍ക്കാര്‍ ഡെപ്യൂട്ടി ചീഫ് വിപ്പ് ആയും പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications