ആത്മകഥ വിവാദത്തിൽ കേസെടുക്കില്ല; ഇപിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണം, ചുമതല എസ്‌പിക്ക്
കോട്ടയം: മുൻമന്ത്രിയും എൽഡിഎഫ് കൺവീനറുമായിരുന്ന ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ പോലീസ് കേസെടുക്കാതെ അന്വേഷിക്കും. പ്രാഥമിക അന്വേഷണം നടത്താനാണ് തീരുമാനം. കോട്ടയം ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. പരാതിയിൽ എഡിജിപി മനോജ് എബ്രഹാമാണ് കോട്ടയം എസ്‌പിക്ക് അന്വേഷണ ചുമതല നൽകിയത്. ഉപതിരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനും സിപിഎമ്മിനും വലിയ തിരിച്ചടിയായി മാറിയ വിവാദത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
തന്റെ ആത്മകഥ വ്യാജമായുണ്ടാക്കി എന്നാണ് ഇപി ജയരാജൻ നൽകിയിരിക്കുന്ന പരാതി. സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്നായിരുന്നു സിപിഎം നേതാവ് ആരോപിച്ചത്. ഈ സാഹചര്യത്തിലാണ് കേസെടുക്കാതെ പ്രാഥമിക അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്. പരാതിയിൽ ഡിസി ബുക്‌സിന്റെ പേര് പരാമർശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഇന്നലെ ഡിജിപിക്ക് നൽകിയ പരാതിയിൽ മാധ്യമങ്ങൾ വഴി പുറത്ത് വന്നത് തെറ്റായ കാര്യങ്ങളാണെന്ന് ഇപി ജയരാജൻ ആരോപിക്കുന്നുണ്ട്. ആത്മകഥയുടെ പേരോ കവർ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. എന്നാൽ ആരുടേയും പേരെടുത്ത് പറയാത്ത പ്രതിയായിരുന്നു അദ്ദേഹം നൽകിയത്.
കഴിഞ്ഞ ദിവസം വിഷയത്തിൽ ഡിസി ബുക്ക്‌സിന് ഇപി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ആത്മകഥയുടെ ഭാഗങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നായിരുന്നു ആവശ്യം. താൻ എഴുതിയ കാര്യങ്ങൾ അല്ല പുറത്തുവന്നതെന്ന് ജയരാജൻ വക്കീൽ നോട്ടീസിൽ പറഞ്ഞിരുന്നു. തന്നെ തേജോവധം ചെയ്യാൻ വേണ്ടിയാണ് ആത്മകഥ ഇപ്പോൾ പുറത്തുവിട്ടതെന്നും ജയരാജൻ ആരോപിച്ചിരുന്നു.
അതിനിടെ ഇന്നും വിഷയത്തിൽ ഇപി ജയരാജൻ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. എഴുതി കൊണ്ടിരിക്കുന്ന പുസ്‌തകത്തിന്റേത് എന്ന പേരിൽ പുറത്തുവന്ന ഭാഗങ്ങൾ തന്നെ ഞെട്ടിച്ചുവെന്നാണ് ഇപി ചൂണ്ടിക്കാട്ടിയത്. പല കാര്യങ്ങളും നടന്നത് തന്റെ അറിവോടെ അല്ലെന്നും പുസ്‌തകത്തിൽ എന്തൊക്കെ വേണം വേണ്ട എന്നൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ഡിസി ബുക്‌സ് ഉടമ ഡിസി രവി ഇന്ന് രംഗത്ത് വന്നിരുന്നു. തങ്ങൾ പുസ്‌തകത്തിന്റെ ഫെസിലിറ്റേറ്റർ മാത്രമാണ് എന്നായിരുന്നു ഡിസി രവിയുടെ പ്രതികരണം. വിഷയത്തിൽ തന്റെ നിലപാട് ഡിസി ബുക്‌സ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയതാണ്. പൊതുരംഗത്ത് പ്രവർത്തിക്കുന്ന ആളുകളെ താൻ ബഹുമാനിക്കുണ്ടെന്നും ഡിസി രവി പറയുകയുണ്ടായി.
അതേസമയം, പുസ്‌തകത്തിൽ പാലക്കാട്ടെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിനെ കുറിച്ചുള്ള വിവാദ പരാമർശമുണ്ടെന്ന് നേരത്തെ മാധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ സിപിഎം കേന്ദ്രങ്ങളിൽ ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. എന്നാൽ ഇപിയെ പാലക്കാട് സരിന്റെ പ്രചാരണ പരിപാടിയിൽ എത്തിച്ചാണ് സിപിഎം ഇതിന് മറുപടി നൽകിയത്.












Click it and Unblock the Notifications