'ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്റെ സാന്നിധ്യം വിലക്കുന്നത് എന്തിന്? മഹല്ല് കമ്മിറ്റിയോട് ബഹിജ ദലീല
കോഴിക്കോട്: പേരാമ്പ്രയില്‍ പള്ളിക്കുള്ളില്‍ വെച്ച് നടന്ന നിക്കാഹ് ചടങ്ങില്‍ പിതാവിനും വരനുമൊപ്പം വധുവും പങ്കെടുത്ത സംഭവത്തില്‍ പ്രതികരിച്ച് വധു ബഹിജ ദലീല. നിക്കാഹ് കര്‍മത്തില്‍ വധു നേരിട്ട് സാക്ഷിയായ സംഭവം വിവാദമാവുകയും പിന്നീട് വിഷയത്തില്‍ മഹല്ല് കമ്മിറ്റി മാപ്പ് പറഞ്ഞ് രംഗത്തെത്തിയതിനും പിന്നാലെയാണ് വധുവിന്റെ പ്രതികരണം.
ബാപ്പയ്ക്കും വരനുമൊപ്പം നിക്കാഹില്‍ പങ്കെടുത്തതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം എന്നും ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തത്തില്‍ തന്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണ് ഉള്ളതെന്നും പ്രതിശ്രുത വധുവായ ബഹിജ ദലീല ചോദിക്കുന്നു. ദേശാഭിമാനിക്ക് നല്‍കിയ പ്രതികരണത്തിലാണ് ബഹിജ ദലീലയുടെ ചോദ്യം.

പള്ളിയില്‍ വെച്ച് നടന്ന നിക്കാഹിന് മണവാട്ടിയെ പങ്കെടുക്കാന്‍ അനുവദിച്ചതിന് മഹല്ല് കമ്മിറ്റി സെക്രട്ടറി ഖേദം പ്രകടിപ്പിക്കണം എന്ന് മഹല്ല് കമ്മിറ്റി ഉത്തരവിറക്കിയിരുന്നു. ഇതിലാണ് ബഹിജ ദലീലയുടെ പ്രതികരണം. നിക്കാഹില്‍ വധുവിന്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ല എന്നും ബഹിജ ദലീല കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് നാട്ടില്‍ ഇത് പണ്ടുതൊട്ടേയുണ്ട് എന്നും അവര്‍ വ്യക്തമാക്കി.

പുരോഗമന ആശയം പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പള്ളി കമ്മിറ്റിയുടെ നിലപാട് ആശ്ചര്യപ്പെടുത്തുന്നതാണ് എന്നും ബഹിജ ദലീല പറയുന്നു. ലോകം മാറുന്നത് തിരിച്ചറിയണം. പരിഷ്‌കൃത ലോകത്തിന്റെ സൗകര്യത്തില്‍ ജീവിച്ച് പഴകി പുളിച്ചതിനെ പുല്‍കുകയാണ് പലരും എന്ന് ബഹിജ ദലീല പരിഹസിച്ചു. സംഭവത്തില്‍ കുടുംബത്തിന് ഉത്തരവാദിത്തമില്ല എന്ന് ദലീലയുടെ സഹോദരന്‍ ഫാസില്‍ ഷാജഹാന്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് കുറ്റ്യാടിയിലെ പാലേരി പാറക്കടവ് ജുമാഅത്ത് പള്ളിയില്‍ നടന്ന നിക്കാഹ് ചടങ്ങില്‍ ബഹിജ ദലീലയും പങ്കെടുത്തത്. ഇത് വലിയ വാര്‍ത്തയായിരുന്നു. ഇതോടെ മഹല്ല് സെക്രട്ടറി ഖേദപ്രകടനം നടത്തണമെന്ന് മഹല്ല് കമ്മിറ്റി ഉത്തരവിറക്കി. സംഭവിച്ചത് വലിയ തെറ്റാണെന്നും ഇത് ആവര്‍ത്തിക്കരുതെന്നും കമ്മിറ്റി താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

ബഹിജ ദലീലയുടെ കുടുംബത്തെ നേരിട്ട് കണ്ട് വിശ്വാസകാര്യങ്ങളില്‍ വീഴ്ച വരുത്തിയ കാര്യം ബോധ്യപ്പെടുത്താനും പള്ളി കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ടായിരുന്നു. ജുമാ നമസ്‌കാരത്തിനും മറ്റും സ്ത്രീകള്‍ക്ക് പ്രവേശനമുള്ള പള്ളിയാണ് പാലേരി പാറക്കടവ് ജുമാഅത്ത് പള്ളി. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ബഹിജ ദലീല പിതാവ് കെ.എസ്. ഉമ്മറിനൊപ്പമായിരുന്നു നിക്കാഹ് കര്‍മത്തിന് എത്തിയത്.

ദലീലയ്ക്ക് മസ്ജിദില്‍ തന്നെ ഇരിപ്പിടവും ഒരുക്കിയിരുന്നു. വിവാഹത്തിന് സ്വര്‍ണം വേണ്ടെന്നും സ്വന്തം നിക്കാഹില്‍ തനിക്ക് പങ്കെടുക്കണം എന്നും പെണ്‍കുട്ടി നേരത്തെ തന്നെ വീട്ടുകാരോട് ആഗ്രഹം അറിയിച്ചിരുന്നതാണ്. എം എസ് ഡബ്ല്യു ബിരുദധാരിയാണ് ബഹിജ ദലീല. വടക്കുമ്പാട് ചെറുവക്കര ഖാസിമിന്റെ മകന്‍ ഫഹദ് ഖാസിമുമായുള്ള ബഹിജ ദലീലയുടെ നിക്കാഹായിരുന്നു പള്ളിയില്‍ നടന്നത്.

അതേവേദിയില്‍ വെച്ച് തന്നെയാണ് ഫഹദില്‍ നിന്നും ദലീല മഹര്‍ ഏറ്റുവാങ്ങിയതും. സംഭവം വലയ വാര്‍ത്തയായതിന് പിന്നാലെയാണ് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പള്ളിയുടെ മഹല്ല് കമ്മിറ്റി മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. മഹല്ല് ജനറല്‍ സെക്രട്ടറി സ്വന്തം നിലയ്ക്ക് അനുവാദം നല്‍കിയത് വലിയ വീഴ്ചയാണെന്നായിരുന്നു മഹല്ല് കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞത്.

മഹല്ല് കമ്മിറ്റിയുടെ നടപടിക്ക് സോഷ്യല്‍ മീഡിയയിലടക്കം നേരത്തെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സാധാരണ ഗതിയില്‍ നിക്കാഹിന് വരനും പിതാവുമായിരിക്കും മസ്ജിദിലുണ്ടാകാറാള്ളത്. ഇസ്ലാമിക വിശ്വാസ പ്രകാരം മസ്ജിദില്‍ പൊതുവെ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് അനുമതിയുണ്ടാകാറില്ല.












Click it and Unblock the Notifications