വിദ്യാര്‍ത്ഥി സംഘടനകളെ നിലയ്ക്ക് നിര്‍ത്തണം: കോടതി
കൊച്ചി: നിലയ്ക്ക് നിര്‍ത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥി സംഘടനകള്‍ നിരോധിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ കാരണം അധ്യായന ദിവസങ്ങള്‍ നഷ്ടമാകുന്നു എന്ന ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എംഎ ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
വിദ്യാര്‍ത്ഥി സംഘടനകളെ അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തടയാന്‍ കഴിയുന്നില്ലെങ്കില്‍ കലാലയത്തില്‍ അത്തരം സംഘടനകള്‍ നിരോധിക്കണമെന്നാണാണ് കോടതി ഉത്തരവ്. വിദ്യാഭ്യാസം മൗലികാവകാശമാണ്. മറ്റുള്ളവര്‍ക്ക് പടിക്കാനുള്ള അവസരം നിഷേധിക്കുന്ന സമരം മൗലികാവകാശ നിഷേധമാണ്. കെ എസ് യു ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ അവയുടെ പ്രവര്‍ത്തനം തടയണമെന്ന് കോടതി വ്യക്തമാക്കി.

സമരവും ധര്‍ണയും നടത്താന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അത് സമാധാനപരമായിരിക്കണം. സമരം അന്യരുടെ സ്വതാന്ത്രത്തിലുള്ള കടന്നുകയറ്റമാകരുത്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ തടസ്സമുണ്ടാക്കുന്നത് ശരിയായ രീതിയല്ല. വിദ്യാര്‍ത്ഥി സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ മനോഭാവത്തിലും സമര രീതിയിലും മാറ്റം വരുത്തണമെന്നും ആത്മനിയന്ത്രണത്തോടെ പെരുമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നിയമ വിദ്യാര്‍ത്ഥിയും ഹൈക്കോടതിയിലെ മുന്‍ ജീവനക്കാരനുമായ എന്‍ പ്രകാശാണ് ഹര്‍ജിക്കാരന്‍. 2012 ജൂണ്‍ 22ന് കോളേജില്‍ ചില വിദ്യാര്‍ത്ഥികള്‍ മദ്യപിച്ച് ബഹളം വച്ചിരുന്നു. അവരെ പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്യുകയും പിന്നീട് അന്വേഷണം നടത്തി കുറ്റംതെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് പുറത്താക്കുകയും ചെയ്തു. അതോടെ കെ എസ് യു നേതാക്കള്‍ ഗേറ്റ് പൂട്ടി അനിശ്ചിത കാല സമരം ആരംഭിച്ചെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.












Click it and Unblock the Notifications