മനോരമയും മാതൃഭൂമിയും വീണതിങ്ങനെ, ഏഷ്യാനെറ്റല്ല മാതൃകയെന്ന് ന്യൂസ് മലയാളം തെളിയിച്ചു, വൈറല്‍ കുറിപ്പ്
ഈ ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗില്‍ ന്യൂസ് മലയാളം 24*7 എന്ന ചാനല്‍ ആദ്യമായി നാലാം സ്ഥാനത്തേക്ക് എത്തിയിരുന്നു. മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് തുടങ്ങി പതിറ്റാണ്ടുകളായി ദൃശ്യമാധ്യമരംഗത്ത് നിലയുറപ്പിച്ചിട്ടുള്ള ചാനലുകളെ മറികടന്നാണ് കേവലം ഒരു വര്‍ഷം മാത്രം പ്രായമുള്ള ന്യൂസ് മലയാളം 24*7 ന്റെ കുതിപ്പ്. സമീപകാലത്ത് മലയാള ദൃശ്യമാധ്യമരംഗത്തുണ്ടായ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് കൂടിയാണ് ഇത്.
38.87 പോയിന്റുമായിട്ടാണ് ന്യൂസ് മലയാളം 24ഃ7 ബാര്‍ക് റേറ്റിങില്‍ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ആറാം സ്ഥാനത്തായിരുന്ന ചാനല്‍ ഒറ്റയടിക്കാണ് നാലാം സ്ഥാനത്തേക്ക് എത്തിയത്. ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ റിപ്പോര്‍ട്ടര്‍ ടിവി, 24 ന്യൂസ് എന്നീ ചാനലുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും നിലനിര്‍ത്തി. അതിനിടെ ന്യൂസ് മലയാളത്തിന്റെ കുതിപ്പ് സംബന്ധിച്ച് ഷിബു ഗോപാലകൃഷ്ണന്‍ പങ്ക് വെച്ച കുറിപ്പാണ് സൈബറിടത്തില്‍ ശ്രദ്ധ നേടുന്നു.

വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ എങ്ങനെയാണ് ന്യൂസ് മലയാളം 24*7 ഈ നേട്ടത്തിലേക്ക് എത്തിയത് എന്നാണ് ഷിബു ഗോപാലകൃഷ്ണന്‍ തന്റെ കുറിപ്പില്‍ പറയുന്നത്. മൂന്ന് പതിറ്റാണ്ടായി ഏഷ്യാനെറ്റ് സൃഷ്ടിച്ച വാര്‍പ്പ് മാതൃകയെ പൊളിക്കാന്‍ ന്യൂസ് മലയാളത്തിനായി എന്ന് ഷിബു നിരീക്ഷിക്കുന്നു. ഇത് തന്നെയാണ് റിപ്പോര്‍ട്ടറും 24 ന്യൂസും ചെയ്ത് കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷിബു ഗോപാലകൃഷ്ണന്റെ കുറിപ്പ് ഇങ്ങനെയാണ്...
എന്തുകൊണ്ട് ന്യൂസ് മലയാളം മനോരമയെയും മാതൃഭൂമിയേയും കടത്തിവെട്ടി?
1. മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റിനു പഠിച്ചു, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ന്യൂസ് മലയാളം, ഏഷ്യാനെറ്റിനെ അവരുടെ പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കി. അണ്‍ലേണിങ് ഈസ് എ ഡിഫിക്കല്‍റ്റ് ടാസ്‌ക് ദാന്‍ ലേണിങ്.
2. ഏഷ്യാനെറ്റ് എന്ന ബെഞ്ച്മാര്‍ക്കിനെ മറികടക്കണമെങ്കില്‍ അവരെ മാതൃകയാക്കിയാല്‍ ആജീവനാന്തം അതിനു കഴിയില്ല എന്നുതിരിച്ചറിഞ്ഞതാണ് റിപ്പോര്‍ട്ടറിന്റെയും ട്വന്റി ഫോറിന്റെയും കുതിപ്പിനു കാരണം. അവരുടെ അതിവൈകാരിക വാര്‍ത്താസമീപനത്തിലും വിശകലനത്തിനും നമുക്ക് തര്‍ക്കങ്ങള്‍ ആവാം, എന്നാല്‍ അവര്‍ ഏഷ്യാനെറ്റിന്റെ വഴിയേ നടന്നില്ല എന്നുള്ളതാണ് ഇവിടുത്തെ തല്പരവിഷയം.
3. ഏഷ്യാനെറ്റ് സൃഷ്ടിച്ച വാര്‍ത്താ ചാനലിന്റെ വാര്‍പ്പു മാതൃകയെ പിന്തുടരാന്‍ ന്യൂസ് മലയാളം ബോധപൂര്‍വ്വം വിസമ്മതിച്ചതിന്റെ ചില ഉദാഹരണങ്ങള്‍ നോക്കാം.
(i) വാര്‍ത്തയാണ് മുഖ്യയിനം, വിശകലനമോ വ്യാഖ്യാനമോ അതിനെ മറികടക്കുന്ന സമീപനം, ന്യൂസ് മലയാളത്തില്‍ കണ്ടിട്ടില്ല. വാര്‍ത്തകളെ അവര്‍ സമഗ്രമായി കവര്‍ ചെയ്യും. മറ്റു പല ചാനലുകളിലും വരാത്ത വാര്‍ത്തകള്‍ ന്യൂസ് മലയാളത്തില്‍ കണ്ടിട്ടുണ്ട്. ഇതൊക്കെ മലയാളം പ്രേക്ഷകര്‍ക്ക് ആവശ്യമുണ്ടോ എന്നു പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. പക്ഷേ, മനുഷ്യര്‍ വാര്‍ത്തകള്‍ കേള്‍ക്കാനും അറിയാനും ആഗ്രഹിക്കുന്നു.
ഈ അടിസ്ഥാന ചോദനയെ അവര്‍ തിരിച്ചറിയുന്നു. ഒരേ വാര്‍ത്തയില്‍ കറവ വറ്റുന്നതുവരെ കുറ്റിയടിച്ചു നില്‍ക്കാതെ അവര്‍ അതിവേഗം അടുത്ത വര്‍ത്തയിലേക്ക് പോകുന്നു. അടുത്ത ചാനലിലേക്ക് പോകാതെ പ്രേക്ഷകര്‍ അവിടെ തന്നെ നില്‍ക്കുന്നു.
(ii) ചെറിയ കണ്ടന്റുകളുടെ കാലമാണ്. മനുഷ്യരുടെ അറ്റന്‍ഷന്‍ സ്പാന്‍ കുറവാണ്. അതിന്റെ വിജയമാണ് റീല്‍സും ഷോര്‍ട്ട്‌സും ആഘോഷിക്കുന്നത്. ദൈര്‍ഘ്യമേറിയ വലിയ കണ്ടന്റുകളില്‍ നിന്നും ഷോര്‍ട്ടായ സ്മാര്‍ട്ടായ കണ്ടന്റുകള്‍ ഉണ്ടാക്കുക എന്ന പതിവുശൈലിയില്‍ നിന്നും മാറി ന്യൂസ് മലയാളം അവരുടെ കണ്ടന്റുകള്‍ തന്നെ അങ്ങനെ ആക്കിയെടുത്തു.
അരമണിക്കൂര്‍ എന്ന മിനിമം നിഷ്‌കര്‍ഷയെ അവര്‍ അട്ടിമറിച്ചു. ഒരു വാര്‍ത്ത വന്നാല്‍ ആ വാര്‍ത്തക്കപ്പുറം അറിയാന്‍ അവതരിപ്പിക്കുന്ന സ്‌പോട്ട് ലൈറ്റ് എന്ന പരിപാടിയുടെ ദൈര്‍ഘ്യം നോക്കുക, ചുരുങ്ങിയ സമയം കൊണ്ട് അവര്‍ വാര്‍ത്തയെ അതിവേഗ വിശകലനത്തിനു വിധേയമാക്കുന്നു. സ്വന്തം രാഷ്ട്രീയ താല്പര്യം അല്ല, ആഴത്തിലുള്ള ഗവേഷണം ആണ് അതിനുവേണ്ടി കാത്തിരിക്കാന്‍ നമ്മളെ പിന്നെയും പ്രേരിപ്പിക്കുന്നത്.
(iii) മണിക്കൂറുകള്‍ നീളുന്ന ആസ്ഥാന വിദഗ്ധരും നിരീക്ഷകരും പങ്കെടുക്കുന്ന ചര്‍ച്ചകള്‍ അങ്ങനെ തന്നെ ഒഴിവാക്കാനുള്ള ചങ്കൂറ്റം. അത്രയും സമയം ആവശ്യപ്പെടാത്ത കുറുകിയ സംവാദങ്ങള്‍, ഇരുഭാഗത്തിനും അവരുടെ പക്ഷം കൃത്യമായി അവതരിപ്പിക്കാനുള്ള അവസരം, ആ കണ്ടന്റ് അങ്ങനെ തന്നെ ഷാര്‍പ്പാണ് ക്രിസ്പ്പാണ്. ഷോര്‍ട് കണ്ടന്റിന്റെ പ്രമാണങ്ങളെ മുറുകെപ്പിടിക്കുന്നതാണ്. ഇതിപ്പോള്‍ കഴിയുമെന്നുള്ള അബോധം പ്രേക്ഷകരെ അവിടെ തന്നെ പിടിച്ചിരുത്തുന്നു.
(iv) RDX ന്റെ അവതരണം പോലും സൂക്ഷ്മമായി വിലയിരുത്തിയാല്‍ മനുഷ്യരുടെ സമയത്തെ ബഹുമാനിക്കുന്ന ഈ ഘടന കാണാം. 59 സെക്കന്‍ഡില്‍ അവസാനിക്കുന്ന ആമുഖം തുടങ്ങുമ്പോള്‍ അതുകഴിയാതെ അവിടെ നിന്നെഴുന്നേല്‍ക്കാന്‍ കഴിയാതെ വരുന്നു. ഒരു വിഷയത്തെ അടിച്ചുപരത്തി ഒരു മണിക്കൂറില്‍ എത്തിക്കുക എന്നതല്ല, എത്രയും ചടുലമായി ഒരു വിഷയത്തെ അവസാനിപ്പിക്കാമോ അത്രയും വേഗത്തില്‍ അവസാനിപ്പിച്ച് അടുത്ത വര്‍ത്തയിലേക്കു പായുന്ന ഒരു റീല്‍/ ഷോര്‍ട്ട് എഫക്ട് അവര്‍ പരിപാടികളിലും ആവിഷ്‌കരിക്കുന്നു.
മറ്റു ചാനലുകള്‍ തുടങ്ങിയിടത്തു തന്നെ നിന്നു കിതക്കുകയോ അവരെ മാതൃകയാക്കി അവര്‍ക്കു പിന്നില്‍ നിലയുറപ്പിക്കുകയോ ചെയ്യുമ്പോള്‍ മറ്റൊരു വഴിവെട്ടുക എന്ന ധീരതയാണ് ന്യൂസ് മലയാളം ചെയ്യുന്നത്. അതിന്റെ മുന്നേറ്റമാണ് ഒരു വര്‍ഷം എന്ന ചുരുങ്ങിയ കാലം കൊണ്ട് അവര്‍ എത്തിപ്പിടിക്കുന്നത്.












Click it and Unblock the Notifications