ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സർപ്രൈസ് തരിക ദക്ഷിണേന്ത്യയില്‍ നിന്ന്: ബസവരാജ് ബൊമ്മൈ
ബെംഗളൂരു: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്ന് ബി ജെ പിക്ക് അനുകൂലമായ ഫലം ലഭിക്കുമെന്ന് കർണ്ണാടകയിലെ മുതിർന്ന ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈ. നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാൻ രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് മോദി തരംഗം ആഞ്ഞടിക്കുമെന്നും ബൊമ്മൈ അവകാശപ്പെട്ടു.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്ന് സർപ്രൈസ് ഫലങ്ങൾ വരും. കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് ബി ജെ പി പരമാവധി സീറ്റുകൾ നേടുമെന്നും മുൻ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജ്യം മുഴുവൻ മോദിയെ വളരെ ആത്മവിശ്വാസത്തോടെയാണ് നോക്കുന്നത്. അതിന്റെ ഫലം പാർട്ടിക്ക് ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

"കശ്മീർ മുതൽ കന്യാകുമാരി വരെ ബി ജെപി അനുകൂല, മോദി അനുകൂല തരംഗമാണ്. വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്ന് ഇത്തവണ അപ്രതീക്ഷിത ഫലം പ്രതീക്ഷിക്കുന്നു. കർണാടകയിൽ ബി ജെ പി 25-ലധികം സീറ്റുകൾ നേടും," ബൊമ്മൈ അവകാശപ്പെട്ടു. എസ് സി-എസ് ടി വിഭാഗങ്ങൾ കോൺഗ്രസ് പാർട്ടിയിൽ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു.
നിരവധി ജാതികളെ എസ് സി-എസ് ടി വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്വാട്ടയുടെ ശതമാനം ഉയർത്തിയിട്ടില്ല. ഗ്യാരണ്ടികളും പദ്ധതികളും നടപ്പിലാക്കുന്നതിനായി പ്രത്യേക ഘടക പദ്ധതി (എസ് സിപി)- ട്രൈബൽ സബ് പ്ലാൻ (ടി എസ് പി) യുടെ 11,000 കോടി രൂപ വകമാറ്റിക്കൊണ്ട് നിലവിലെ കോൺഗ്രസ് സർക്കാർ ദലിതുകളോട് അനീതി കാട്ടിയെന്നും ബിജെപി നേതാവ് ആരോപിച്ചു.
അതേസമയം, സംസ്ഥാന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം മറികടക്കാന്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ കർണാടകയില്‍ വലിയ വിജയത്തിനാണ് ബി ജെ പി ശ്രമിക്കുന്നത്. സ്ഥാനാർത്ഥികളായി മുന്‍ മന്ത്രിമാർ അടക്കമുള്ള പ്രമുഖര തന്നെ രംഗത്ത് ഇറക്കിയേക്കും.
കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി ജെ ഡി എസ് ഇത്തവണ എന്‍ ഡി എയുടെ ഭാഗമാണ്. അവരുമായുള്ള സീറ്റ് ചർച്ചകളും നടന്ന് വരികയാണ്. ബി ജെ പി മൂന്ന് സീറ്റുകളാണ് ജെ ഡി എസിന് വാഗ്ധാനം ചെയ്തതെങ്കിലും 6 സീറ്റ് കിട്ടണമെന്നാണ് എച്ച് ഡി കുമാരസ്വാമിയുടേയും കൂട്ടരുടേയും ആവശ്യം. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനത്തിലെത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications