റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്; ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
കോഴിക്കോട്: റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ ബൈക്ക് യാത്രികന് നഷ്ടപരിഹാരം നല്‍കണം എന്ന് ലോക് അദാലത്തില്‍ തീരുമാനം. എകരൂല്‍ വള്ളിയോത്ത് കണ്ണോറക്കുഴിയില്‍ അബ്ദുല്‍ റസാഖിനാണ് നഷ്ടപരിഹാരം നല്‍കണം എന്ന് തീരുമാനമായത്. സംസ്ഥാന പാതയിലെ കുഴിയില്‍ വീണ് റസാഖിന് തുടയെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു.
താമരശ്ശേരി വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപം കലുങ്കു നിര്‍മിക്കാനെടുത്ത കുഴിയില്‍ വീണാണ് റസാഖിന് പരിക്കേറ്റത്. ഇതിനാല്‍ റസാഖിന് കരാറുകാരും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് ലോക് അദാലത്തില്‍ തീരുമാനമായിരിക്കുന്നത്. പത്ത് ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണം.

കരാറുകാരായ ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയും ആണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്. ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സ് ആറരലക്ഷം രൂപയും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഒരുലക്ഷം രൂപയും ആണ് നല്‍കേണ്ടത്. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജ് എം പി ഷൈജലിന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തിലാണ് തീരുമാനം.

അദാലത്തില്‍ അബ്ദുല്‍റസാഖ്, കെ എസ് ടി പി കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ഷാജി, ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സ് പ്രോജക്ട് മാനേജര്‍ നരസിമ്മന്‍, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഡെപ്യൂട്ടി മാനേജര്‍ ട്രെസാ വാലന്റീന, അഭിഭാഷകരായ ടി വി ഹരി, അനില്‍ വിശ്വനാഥ്, സോഷ്യോളജിസ്റ്റ് ജിജി എന്നിവര്‍ പങ്കെടുത്തു.

നേരത്തെ അബ്ദുള്‍ റസാഖിന്റെ ചികിത്സാചെലവ് കരാര്‍ കമ്പനി വഹിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും കളക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ നടപടികള്‍ നനീണ്ടുപോയി. ഇതോടെ ആണ് അബ്ദുള്‍ റസാഖ് ജില്ലാ നിയമസേവന അതോറിറ്റിയില്‍ പരാതി നല്‍കിയത്. അബ്ദുള്‍ റസാഖിന് സൗജന്യ നിയമസഹായം നല്‍കാന്‍ അഭിഭാഷകന്‍ വി.പി. രാധാകൃഷ്ണനെ അതോറിറ്റി ചുമതലപ്പെടുത്തിയിരുന്നു.

റോഡില്‍ കലുങ്ക് നിര്‍മിക്കാന്‍ സുരക്ഷാ സംവിധാനമൊരുക്കാതെ വെട്ടിയ കുഴിയില്‍ ഈ വര്‍ഷം ജനുവരി അഞ്ചിന് രാത്രിയാണ് അബ്ദുല്‍റസാഖ് വീണത്. മുന്നറിയിപ്പ് ബോര്‍ഡോ, ബാരിക്കേഡോ ഇവിടെ സ്ഥാപിച്ചിരുന്നില്ല എന്നും കുഴിക്ക് ചുറ്റും ഒരു റിബണ്‍ വലിച്ചുകെട്ടുക മാത്രമാണ് ചെയ്തിരുന്നത് എന്നും റസാഖ് പരാതിയില്‍ പറഞ്ഞിരുന്നു.

അതേസമയം സംഭവത്തില്‍ കരാറുകാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ വീഴ്ചയുണ്ടായിട്ടില്ല എന്നായിരുന്നു പി ഡബ്ല്യു ഡി പറഞ്ഞത്. എന്നാല്‍ കരാറുകാരെ വെള്ളപൂശിയുള്ള റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തള്ളുകയായിരുന്നു.












Click it and Unblock the Notifications