പോരാളി ഷാജിക്കും അവാർഡ് കിട്ടുന്ന കാലം വിദൂരമല്ല, 'മീശ'യ്ക്ക് വയലാർ അവാർഡ് നൽകിയതിനെതിരെ ബിജെപി
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌ക്കാരം എസ് ഹരീഷിന്റെ മീശ എന്ന നോവലിന് നല്‍കിയതിനെതിരെ ബിജെപിയും ഹിന്ദു ഐക്യവേദിയും രംഗത്ത്. ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നു എന്ന് ആരോപിച്ച് നോവലിനെതിരെ ബിജെപി അടക്കമുളളവര്‍ നേരത്തെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പ് നോവല്‍ പിന്‍വലിക്കുകയും പിന്നീട് ഡിസി ബുക്‌സ് പുസ്തകമായി പ്രസിദ്ധീകരിക്കുകയുമായിരുന്നു.
നേരത്തെ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ജെസിബി സാഹിത്യപുരസ്‌ക്കാരവും മീശയിലൂടെ എസ് ഹരീഷിന് ലഭിച്ചിരുന്നു. അതിന് പിന്നാലെയാണ് സാറാ ജോസഫ് അടക്കമുളളവര്‍ അംഗമായ ജൂറി വയലാര്‍ പുരസ്‌ക്കാരത്തിനും മീശയെ തിരഞ്ഞെടുത്തിരിക്കുന്നത്. അവാർഡുകൾ ചിലരെ ആക്ഷേപിക്കാനായി നൽകുന്നതാണ് കേരളത്തിന്റെ പുതിയ രീതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.

കെ സുരേന്ദ്രന്റെ പ്രതികരണം: ' അവാർഡുകൾ ഇഷ്ടക്കാർക്കു നൽകുന്നത് കേരളത്തിൽ പുതിയ കാര്യമല്ല. അവാർഡുകൾ ചിലരെ പരിഹസിക്കാനും ആക്ഷേപിക്കാനുമായി നൽകുന്നതാണ് കേരളത്തിന്റെ പുതിയ രീതി. മീശ മഹത്തായ സൃഷ്ടിയാണെന്നും കേരളത്തിൽ അത് വലിയ ചലനങ്ങളുണ്ടാക്കിയെന്നുമാണ് ജൂറിയുടെ കണ്ടുപിടുത്തം. സാറാ ജോസഫും ജെയിംസും രാമൻകുട്ടിയുമടങ്ങുന്ന അവാർഡ് നിർണ്ണയസമിതി ഇതിനുമുമ്പുള്ള വയലാർ അവാർഡുകളും അവാർഡിനാധാരമായ കൃതികളും ഒരുവട്ടം ഓർക്കുന്നത് നല്ലതാണ്.
ലളിതാംബിക അന്തർജ്ജനം മുതൽ ബന്യാമിൻ വരെയുള്ള അവാർഡു ജേതാക്കൾക്കളുടെ നീളുന്ന പട്ടികയും കൃതികളും. തകഴിക്കും വൈലോപ്പിള്ളിക്കും ഒ. എൻ വിക്കും സുഗതകുമാരിക്കും എം. ടി.ക്കും അഴീക്കോടിനും കെ. സുരേന്ദ്രനും മാധവിക്കുട്ടിക്കും ടി. പത്മനാഭനും വിഷ്ണുനാരായണൻ നമ്പൂതിരിക്കും ലീലാവതിക്കുമടക്കം അവരവരുടെ ഉദാത്തമായ സൃഷ്ടികളെ അധികരിച്ചാണ് അവാർഡുകൾ നൽകിയത്. ഹരീഷിനാവട്ടെ അദ്ദേഹത്തിന്റെ നിലപാടിനു ലഭിച്ച അവാർഡ് എന്നേ കരുതാനാവൂ. മീശ ഏത് മൂശയിലാണ് വാർത്തതെന്ന് മനസ്സിലാക്കാനുള്ള വിവേകമൊക്കെ മലയാളിക്കുണ്ടെന്നേ പറയാനുള്ളൂ. ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും അവാർഡുകിട്ടുന്ന കാലം വിദൂരമല്ല'.
വയലാര്‍ പുരസ്‌ക്കാര ജൂറി അപമാനിച്ചത് ഹിന്ദുക്കളെ അല്ല മറിച്ച് വയലാറിനെ തന്നെ ആണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. '' ഗുരുവായൂരമ്പല നടയിൽ പോകാനും ഗോപുര വാതിൽ തുറന്ന് ഗോപകുമാരനെ കാണാനും മോഹിപ്പിച്ച വയലാറിന്റെ പേരിലുള്ള ഒരു ഫലകം ഒരു തെറിയെഴുത്തുകാരന്റെ സ്വീകരണമുറിയിൽ കൊണ്ടു വെക്കുന്നത് പാല്പായസം സെപ്റ്റിക്ക് ടാങ്കിൽ വിളമ്പുന്നതിന് തുല്യമാണ്. സ്ത്രീകളുടെ മഹത്വം പറഞ്ഞ് പണ്ട് ചാക്കിൽ കേറി പ്രതിഷേധിച്ച സാറാ ജോസഫിൽ നിന്നും സ്ത്രീകളെ അപമാനിച്ച ഒരു കൃതിക്ക് ബഹുമതി എന്നത് വിരോധാഭാസമാണ്. ഹിന്ദുവിരുദ്ധതയ്ക് സമ്മാനം കൊടുക്കണമെങ്കിൽ ആകാം പക്ഷേ അത് വയലാറിന്റെ പേരിൽ ആകരുതായിരുന്നു'' എന്നും കെപി ശശികല പ്രസ്താവനയിൽ കുറ്റപ്പെടുത്തി.












Click it and Unblock the Notifications