കേരള ബിജെപിക്ക് ഇനി പുതിയ മുഖം; ശോഭ ജനറൽ സെക്രട്ടറി, രമേശ് തുടരും, സുരേന്ദ്ര-മുരളീധര പക്ഷത്തെ തഴഞ്ഞു!
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് അടക്കമുള്ള നിർണായക സംഭവവികാസങ്ങൾ വരാനിരിക്കെ ബിജെപിയുടെ കേരള ഘടകത്തിന് ഇനി പുതിയ മുഖം. ശോഭ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾക്ക് നിർണായക പദവി നൽകി കൊണ്ടാണ് അഴിച്ചുപണി. മാത്രമല്ല മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും മുൻ കേന്ദ്രമന്ത്രി വി മുരളീധരന്റെ പക്ഷങ്ങളെ പൂർണമായി തഴഞ്ഞുകൊണ്ടാണ് സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നിരിക്കുന്നത്.
കെ സുരേന്ദ്രൻ തന്നെ ഫേസ്‌ബുക്കിലൂടെ പട്ടിക പങ്കുവച്ചിട്ടുണ്ട്. പുതിയ ഭാരവാഹി പട്ടികയിൽ 10 വൈസ് പ്രസിഡന്റുമാരും നാല് ജനറൽ സെക്രട്ടറിമാരുമുണ്ട്. കൂടാതെ 10 സെക്രട്ടറികളുമാരെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരേന്ദ്രന്റെയും മുരളീധരന്റെയും അനുയായികളെ ഒന്നടങ്കം ഒഴിവാക്കിയാണ് ഭാരവാഹി പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

മുതിർന്ന നേതാവ് എംടി രമേശ്, ശോഭ സുരേന്ദ്രൻ, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരായുള്ള പട്ടികയാണ് വന്നിരിക്കുന്നത്. അതിൽ തന്നെ നിലവിലുള്ളവരിൽ എംടി രമേശിനെ മാത്രമാണ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തിയത് എന്ന പ്രത്യേകത കൂടിയുണ്ട്. ശോഭ സുരേന്ദ്രന് നല്ല പദവി നൽകി എന്നതാണ് മറ്റൊരു പ്രധാന കാര്യം. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ആലപ്പുഴയിൽ ശോഭ മികച്ച പ്രകടനമാണ് നടത്തിയത്.
ശ്രദ്ധേയമായ കാര്യം എന്തെന്നാൽ മുൻ ഡിജിപി ആർ ശ്രീലേഖ, പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് എന്നിവരെ പുതിയ വൈസ് പ്രസിഡന്റുമാരായി ഭാരവാഹിത്വത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് പുറമേ ഡോ. കെഎസ് രാധാകൃഷ്‌ണൻ, സി സദാനന്ദൻ, പി സുധീർ, സി കൃഷ്‌ണകുമാർ, അഡ്വ. ബി ഗോപാലകൃഷ്‌ണൻ, ഡോ. അബ്‌ദുൾ സലാം, കെ സോമൻ, അഡ്വ. കെകെ അനീഷ് കുമാർ എന്നിവർക്ക് കൂടി വൈസ് പ്രസിഡന്റ് സ്ഥാനം നൽകി.
അശോകൻ കുളനട, കെ രഞ്ജിത്ത്, രേണു സുരേഷ്, വിവി രാജേഷ്, പന്തളം പ്രതാപൻ, ജിജി ജോസഫ്, എം വി ഗോപകുമാർ, പൂന്തുറ ശ്രീകുമാർ, പി ശ്യാരജ്, എംപി അഞ്ജന രഞ്ജിത് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിമാർ. ഇ കൃഷ്‌ണദാസ് സംസ്ഥാന ബിജെപിയുടെ ട്രഷററായും നിയോഗിക്കപ്പെട്ടിട്ടുണ്ട്. പുതിയ പട്ടിക പങ്കുവച്ചു കൊണ്ട് കെ സുരേന്ദ്രൻ തന്നെ രംഗത്ത് വന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
നിലവിലെ പട്ടിക അനുസരിച്ച് കൃഷ്‌ണദാസ് പക്ഷത്തെ പരിഗണിക്കുകയാണ് ചെയ്‌തിരിക്കുന്നത്. ജനറൽ സെക്രട്ടറിമാരിൽ ഒരാളെ പോലും മുരളീധര പക്ഷത്ത് നിന്ന് എടുക്കാത്തതിൽ അമർഷം പുകയുമെന്ന് ഉറപ്പ്. പട്ടികയിൽ എംടി രമേശിനും സുരേന്ദ്രനും ഇടം നൽകിയത് സുരേന്ദ്രന് നൽകിയ മുന്നറിയിപ്പാണെന്നാണ് വിലയിരുത്തൽ.
അതേസമയം, രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായി വന്നതിന് പിന്നാലെ കെ സുരേന്ദ്രനും വി മുരളീധരനും നല്ല കാലമല്ല. നേരത്തെ തൃശൂരില്‍ കഴിഞ്ഞ മാസം നടന്ന യോഗത്തില്‍ വി മുരളീധരനേയും കെ സുരേന്ദ്രനേയും ക്ഷണിച്ചിരുന്നില്ല. പിന്നാലെ ഇതിൽ ഇരുവരും കടുത്ത എതിർപ്പ് അറിയിച്ചെങ്കിലും കേന്ദ്ര നേതൃത്വം പുതിയ അധ്യക്ഷനോപ്പം നിന്നു. അതിന് പിന്നാലെയാണ് ഈ സംഭവവും ഉണ്ടായിരിക്കുന്നത്.
ഇതിനിടയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് കെ സുരേന്ദ്രൻ ആശംസകൾ നേർന്നു രംഗത്ത് വന്നിട്ടുണ്ട്. 'പുതിയ സംസ്ഥാന ഭാരവാഹികൾക്കും മേഖലാ അധ്യക്ഷൻമാർക്കും ഹൃദ്യമായ ആശംസകൾ. കൂടുതൽ ഉയരങ്ങളിലേക്ക് പാർട്ടിയെ നയിക്കാനും വികസിത കേരളം യാഥാർത്ഥ്യമാക്കാനും എല്ലാവർക്കും ജഗദീശ്വരന്റെ അനുഗ്രഹമുണ്ടാവട്ടെ' എന്നായിരുന്നു സുരേന്ദ്രൻ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചത്.












Click it and Unblock the Notifications