ഒറ്റ പ്രഖ്യാപനത്തില്‍ ഒന്നിലേറെ തലവേദന; തുടക്കത്തിലേ പാളിയോ ബിജെപി, പ്രതീക്ഷ രണ്ടിടത്ത്
തിരുവനന്തപുരം: അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടം നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ബിജെപിക്ക് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിയോ? ഇത്തവണ അഞ്ച് ബിജെപി എംപിമാര്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തുമെന്നായിരുന്നു നേതാക്കളുടെ വാക്കുകള്‍. രണ്ടക്കത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതും ചര്‍ച്ചകള്‍ കുഴഞ്ഞുമറിഞ്ഞതും.
തിരുവനന്തപുരത്ത് ബിജെപി അണികള്‍ പ്രതീക്ഷിച്ചിരുന്നത് നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെയുള്ളവരെയായിരുന്നു. എന്നാല്‍ കിട്ടിയത് രാജീവ് ചന്ദ്രശേഖറിനെ. ഇക്കാര്യത്തില്‍ അണികള്‍ക്ക് നീരസമുണ്ടെന്നാണ് വിവരം. കുമ്മനം രാജശേഖരന്‍ മല്‍സരിച്ചപ്പോള്‍ ലഭിച്ച നേട്ടം രാജീവ് ചന്ദ്രശേഖരനുണ്ടാകുമോ എന്ന ആശങ്ക അണികള്‍ക്കുണ്ട്.

ശശി തരൂര്‍ എന്ന കരുത്തനുമായി ഏറ്റുമുട്ടാന്‍ രാജീവ് ചന്ദ്രശേഖരന് സാധിക്കുമോ എന്ന ചോദ്യമാണ് തിരുവനന്തപുരത്തെ സംസാരം. മാത്രമല്ല, ഇടതുപക്ഷം ഇറക്കിയിരിക്കുന്നത് പന്ന്യന്‍ രവീന്ദ്രനെന്ന ജനകീയ മുഖത്തെയാണ്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകരുടെ ശ്രദ്ധ ആറ്റിങ്ങല്‍ മണ്ഡലത്തിലേക്ക് കേന്ദ്രീകരിച്ചേക്കും. ശോഭ സുരേന്ദ്രന്‍ നേടിയ രണ്ടര ലക്ഷത്തേക്കാള്‍ വോട്ട് പിടിക്കേണ്ടത് മുരളീധരന്റെ അഭിമാന പ്രശ്‌നമാണ്.
പത്തനംതിട്ട സീറ്റ് മോഹിച്ച പിസി ജോര്‍ജിനെ ഒഴിവാക്കിയാണ് അനില്‍ ആന്റണിക്ക് ബിജെപി സീറ്റ് നല്‍കിയിരിക്കുന്നത്. മറ്റു രണ്ട് മുന്നണികളുടെയും സ്ഥാനാര്‍ഥികളേക്കാള്‍ പത്തനംതിട്ടയ്ക്ക് അനിയോജ്യന്‍ താനാണ് എന്ന് അനില്‍ ആന്റണി പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും അനില്‍ ആന്റണി പ്രതികരിച്ചു.
സീറ്റ് ലഭിക്കാത്തതിലുള്ള നീരസം പിസി ജോര്‍ജ് പരസ്യമാക്കി. വെള്ളാപ്പള്ളി നടേശന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെയും അദ്ദേഹം കടുത്ത ഭാഷയില്‍ പ്രതികരിച്ചു. വെള്ളാപ്പള്ളി പിണറായി വിജയന്റെയാളാണ്. തുഷാര്‍ വെള്ളാപ്പള്ളി ബിജെപിയുടെയും. ഇവര്‍ രണ്ടും ഒരു വീട്ടില്‍ കഴിയുന്നത് മോശമാണെന്നും പിസി ജോര്‍ജ് തുറന്നടിച്ചു. അനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ പരിചയപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അതൃപ്തിയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് വി മുരളീധരന്‍ പ്രതികരിച്ചു. ശോഭ സുരേന്ദ്രനെ ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയാക്കിയത് അപ്രതീക്ഷിതമായിട്ടാണ്. പ്രതീക്ഷയോടെ കളത്തിലിറങ്ങുമെന്ന് അവര്‍ പറഞ്ഞു. അതേസമയം, സുരേഷ് ഗോപി തൃശൂരില്‍ പ്രതീക്ഷിച്ച സ്ഥാനാര്‍ഥിയാണ്. വിഎസ് സുനില്‍കുമാറും ടിഎന്‍ പ്രതാപനും ഏറ്റുമുട്ടുമ്പോള്‍ കഴിഞ്ഞ തവണ നേടിയ 2.93 ലക്ഷം വോട്ട് മറികടന്ന് കുതിക്കാന്‍ നടന് സാധിക്കുമോ എന്നറിയാന്‍ കാത്തിരിക്കാം.
തൃശൂരും ആറ്റിങ്ങലും ബിജെപിക്ക് പ്രതീക്ഷിക്കാമെങ്കിലും തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ തുടക്കത്തിലേ പാളി എന്നാണ് വിലയിരുത്തല്‍. കാസര്‍കോട്ട് എംഎല്‍ അശ്വനി, പൊന്നാനിയില്‍ നിവേദിത സുബ്രഹ്മണ്യന്‍, വടകരയില്‍ പ്രഫുല്‍ കൃഷ്ണ എന്നിവര്‍ കന്നി അംഗത്തിന് ഇറങ്ങുമ്പോള്‍ പാലക്കാട് സി കൃഷ്ണകുമാര്‍ വീണ്ടുമെത്തുന്നു. കണ്ണൂരില്‍ സി രഘുനാഥും.
200ഓളം സ്ഥാനാര്‍ഥികളില്‍ ബിജെപി പ്രഖ്യാപിച്ച ഏക മുസ്ലിം സ്ഥാനാര്‍ഥി കേരളത്തിലാണ് എന്നതും എടുത്തു പറയണം. മലപ്പുറം മണ്ഡലത്തില്‍ മല്‍സരിക്കുന്ന ഡോ. അബ്ദുല്‍ സലാമിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളിലും നിറഞ്ഞുകഴിഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച ദേശീയ നേതാവാണ് കാലിക്കറ്റ് മുന്‍ വിസി കൂടിയായ ഇദ്ദേഹം.












Click it and Unblock the Notifications