കാർഷിക മേഖലയിലെ 38 സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായി: മോദി അജയ്യനല്ലെന്ന് ആദ്യം തെളിയിച്ചത് കർഷകർ: വിജു കൃഷ്ണന്‍
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ജനമുന്നേറ്റങ്ങളുടെ വിജയമാണെന്ന് അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍. സ്വേഛാധിപതിയും വര്‍ഗീയ-കോര്‍പ്പറേറ്റ് സംരക്ഷകനുമായ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് തിരിച്ചടിയാണ്. സമൂഹത്തിലെ ഏറ്റവും സ്ഥിരതയുള്ള ശക്തികളായ കര്‍ഷകരുടെയും തൊഴിലാളികളുടെയും അശ്രാന്തപരിശ്രമത്തിലൂടെ കെട്ടിപ്പടുത്ത ജനശക്തിക്കുമുന്നില്‍ ബിജെപിയുടെ സ്വപ്നങ്ങള്‍ പൊലിഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പ് നരേന്ദ്രമോദി അധികാരത്തില്‍ വന്ന് തൊഴിലാളി കര്‍ഷകദ്രോഹ നയങ്ങള്‍ നടപ്പാക്കി തുടങ്ങിയ നാള്‍ മുതല്‍ ബിജെപി ഭരണത്തിനെതിരായ പോരാട്ടങ്ങള്‍ തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.
കാർഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നത് മോദി സർക്കാറിനേറ്റ ആദ്യ തിരിച്ചടിയായിരുന്നു.അഗ്നിവീര്‍ പദ്ധതിക്കെതിരെ, വനിതാ ഗുസ്തിതാരങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ക്കെതിരെ തുടങ്ങിയ പ്രശ്നങ്ങളും തൊഴിലാളി കര്‍ഷകഐക്യം ഏറ്റെടുത്തു. കര്‍ഷകരുടെ ധീരമായ ചെറുത്തുനില്‍പ്പിനെതുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി പ്രവേശിക്കാന്‍ പോലും കഴിഞ്ഞില്ല. ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഗ്രാമങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധത്തെ നേരിട്ടു.

ട്രേഡ് യൂണിയനുകളുടെ ഏകോപനത്തോടെ നോട്ടീസുകളും പോസ്റ്ററുകളും എല്ലാമായി വമ്പിച്ച പ്രചാരണം നടത്തി. ലഖിംപൂരില്‍ അഞ്ച് കര്‍ഷകരെയും ഒരു മാധ്യമപ്രവര്‍ത്തകനെയും മകന്റെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തരവാദിത്തപ്പെട്ട ബിജെപി എം.പി അജയ് മിശ്ര ടെനിക്കെതിരെയും പ്രചാരണം നടന്നിരുന്നു. എന്നിട്ടും അയാളെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി തയ്യാറായി. എന്നാല്‍ ലഖിംപൂരിലെ ജനത അയാളെ ദയനീയമായി പരാജയപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഗ്രാമീണ സീറ്റുകളില്‍ പലതിലും ബിജെപി ദയനീയമായി പരാജയപ്പെട്ടു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ ജിതേന്ദ്ര ചൗബേയുടെ റിപ്പോര്‍ട്ട് പ്രകാരം ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര എന്നീ 5 സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലകളില്‍ ബിജെപിക്ക് 38 സീറ്റുകള്‍ നഷ്ടപ്പെട്ടു. പശ്ചിമ യുപിയില്‍ മുസാഫര്‍നഗര്‍, സഹാറന്‍പൂര്‍, കൈരാന, നാഗിന, മൊറാദാബാദ്, സംഭാല്‍, രാംപൂര്‍ തുടങ്ങി മിക്കയിടത്തും അവര്‍ പരാജയപ്പെട്ടു. പഞ്ചാബില്‍ ഒരു സീറ്റ് പോലും നേടാനായിട്ടില്ല, ഹരിയാനയില്‍ 5 സീറ്റുകള്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ 25 സീറ്റിലും വിജയിച്ച ബിജെപിക്ക് 11 സീറ്റുകള്‍ നഷ്ടമായി. മഹാരാഷ്ട്രയിലെ 12 സീറ്റുകളില്‍ രണ്ട് കേന്ദ്ര മന്ത്രിമാരുള്‍പ്പെടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ ഉള്ളികര്‍ഷകര്‍ പരാജയപ്പെടുത്തി. ജാര്‍ഖണ്ഡില്‍ കൃഷിമന്ത്രി അര്‍ജുന്‍ മുണ്ടയും പരാജയപ്പെട്ടു.
ഷാജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ 13 മാസക്കാലം കര്‍ഷകരുടെ സമരം നയിച്ച എസ്.കെ.എമ്മിന്റെ പ്രധാന നേതാക്കളിലൊരാളായ ഐഎകെഎസ് വൈസ് പ്രസിഡന്റ് അമ്രറാം രാജസ്ഥാനിലെ സിക്കാറില്‍ നിന്ന് ഇന്‍ഡ്യ മുന്നണി പിന്തുണച്ച് സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു. ബിഹാറിലും എസ്‌കെഎം നേതാക്കളായ അഖിലേന്ത്യാ കിസാന്‍ മഹാസഭയുടെ ജനറല്‍ സെക്രട്ടറി രാജാറാം സിംഗ് കാരക്കാട്ടില്‍ നിന്നും, എസ്.കെ.എം ന്റെ പ്രധാന നേതാവായിരുന്ന സുദാമ പ്രസാദ് ആറയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ഇന്‍ഡ്യ മുന്നണി സിപിഐഎംഎല്‍ ലിബറേഷന്‍ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചു. തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ 4 ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച സിപിഐഎം സ്ഥാനാര്‍ത്ഥി സച്ചിദാനന്ദ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതാവാണ് മറ്റു സംസ്ഥാനങ്ങളിലും കര്‍ഷക സമരങ്ങളുടെ സ്വാധീനം കൂടുതല്‍ വ്യക്തമാണ്.
കോര്‍പ്പറേറ്റ്-വര്‍ഗീയ കൂട്ടുകെട്ടിലുയര്‍ന്നുവന്ന ഏകാധിപത്യമെന്ന ലക്ഷ്യം മാത്രമുള്ള ബി.ജെ.പി.ക്ക് കനത്ത തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിജയം ചില വ്യക്തികളുടെ ഇടപെടല്‍ മൂലമാണെന്ന വാദം ഉയര്‍രുന്നുണ്ട്. തിടുക്കം കൂട്ടുന്നു. ചിലര്‍ ധ്രുവ് റാഠിയെപ്പോലുള്ള യൂട്യൂബര്‍മാര്‍ക്കോ സ്വതന്ത്ര പത്രപ്രവര്‍ത്തകര്‍ക്കോ പുരസ്‌കാരങ്ങള്‍ നല്‍കിയിട്ടുപോലുമുണ്ട്. രവീഷ്‌കുമാറും ധ്രുവ് റാഠിയും അതുപോലുള്ള മറ്റു നിരവധിയാളുകള്‍ വലതുപക്ഷത്തിന്റെയും കോര്‍പ്പറേറ്റ് ഗോദി മാധ്യമങ്ങളുടെയും കുപ്രചാരണങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ഏറ്റെടുത്തു. അത്തരം വ്യക്തികളുടെ പരിശ്രമങ്ങളും തീര്‍ച്ചയായും ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രയോജനപ്പെട്ടിട്ടുണ്ട്.
ബിജെപിക്കും കോര്‍പ്പറേറ്റുകള്‍ക്കുമെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിസ്സംശയം പങ്കുണ്ട്. എല്ലാവരും ക്രെഡിറ്റ് അര്‍ഹിക്കുന്നു. എന്നിരുന്നാലും, ഈ സമീപനത്തിന് ഒരു പ്രധാന പോരായ്മയുണ്ട്. കര്‍ഷകപ്രസ്ഥാനങ്ങളുടെ കൂട്ടായ്മയിലുയര്‍ന്നു വന്ന പ്രസ്ഥാനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളാണ് യഥാര്‍ത്ഥത്തില്‍ ആദ്യം മുതല്‍ ബിജെപിയുടെയും ഗോദി മീഡിയകളുടെയും കള്ളപ്രാചാരണങ്ങള്‍ക്കെതിരെ സാധാരണ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രിയ അവബോധം സൃഷ്ടിച്ചത് എന്ന യാഥാര്‍ത്ഥ്യം മറന്നുപോകരുത്. നരേന്ദ്ര മോദി അജയ്യനല്ലെന്ന ആത്മവിശ്വാസമുണ്ടാക്കിയത് ചരിത്രപ്രസിദ്ധമായ കര്‍ഷകസമരമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു












Click it and Unblock the Notifications