'ഷംസീർ ഇസ്ലാം മതവിശ്വാസി,ഹിന്ദു മതത്തെ അവഹേളിച്ചു, അറസ്റ്റ് ചെയ്യണം'; സ്പീക്കർക്കെതിരെ പരാതി നൽകി ബിജെപി
തിരുവനന്തപുരം: ഹൈന്ദവ മതത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് സ്പീക്കർ എ എൻ ഷംസീറിനെതിരെ പരാതി നൽകി ബി ജെ പി. എറണാകുളത്ത് കുന്നത്തുനാട് മണ്ഡലത്തിൽ വിദ്യാജ്യോതി-സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യവേ സ്പീക്കർ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ബി ജെ പി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ് രാജീവ് പരാതി നൽകിയത്. ഷംസീസറിന്റെ പ്രസംഗം ഹിന്ദു ദൈവ സങ്കൽപ്പങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരാണെന്ന് പരാതിയിൽ പറയുന്നു.
യുക്തിചിന്ത വളർത്തുകയാണ് എന്ന വ്യാജേന ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് സ്പീക്കർ ചെയ്തതെന്ന് പരാതിയിൽ പറയുന്നു. ഗണപതിയെന്ന ഹൈന്ദവ ആരാധനാമൂർത്തി കേവലം മിത്ത് മാത്രമാണ് എന്ന് ഷംസീർ പ്രസംഗിച്ചു. കുട്ടികളുടെ മുന്നിൽ വെച്ചാണ് പ്രസംഗിച്ചതെന്ന് ഗൗരവതരമാണ്. ഷംസീർ മുസ്ലീം മത വിശ്വാസിയാണ്. ഹിന്ദു ദേവതാ സങ്കൽപ്പങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ഹിന്ദു മതത്തേയും വിശ്വാസത്തേയും അവഹേളിക്കാനും മതവിദ്വേഷം പ്രചരിപ്പിക്കാനും വിവിധ മതസ്ഥർ തമ്മിൽ വർഗീയ സംഘർഷം ഉണ്ടാക്കാനും ലക്ഷ്യം വെച്ചാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

എം എൽ എയും, കേരള നിയമസഭാ സ്പീക്കറുമായ ആളാണെന്നുള്ളത് കുറ്റത്തെ കൂടുതൽ ഗൗരവമുള്ളത് ആക്കുന്നു. തന്റെ പ്രസ്താവന ലോകമെങ്ങും ഉള്ള ജനങ്ങൾ കാണും എന്ന ഉത്തമ ബോധ്യത്തോടു കൂടി തന്നെയാണ് ഷംസീർ നടത്തിയത്. ഇത് സത്യപ്രതിജ്ഞ ലംഘനവും, ഭരണഘടനാ വിരുദ്ധവുമാണ്. അതിനാൽ തന്നെ ഷംസീറിന് എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം എന്നും പരാതിയിൽ പറയുന്നു.
അതേസമയം വിവാദ പ്രസംഗത്തിൽ ഷംസീറിനെതിരെ സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനിലും പരാതി നൽകുമെന്ന് വിശ്വഹിന്ദു പരിഷത്ത് പറഞ്ഞു. ഷംസീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം നൽകുമെന്നും വി എച്ച് പി പറഞ്ഞു.
ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കുന്നുവെന്നായിരുന്നു ഷംസീറിന്റെ പ്രസംഗം.ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്കു പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണു കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് പ്രസംഗത്തിൽ ഷംസീർ പറഞ്ഞിരുന്നു. വിമാനവും വന്ധ്യതാ ചികിത്സയും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വകാലം മുതൽ തന്നെ ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. റൈറ്റ് ബ്രദേഴ്സ് ആണ് വിമാനം കണ്ടുപിടിച്ചതെന്നാണ് താൻ പഠിച്ചത്. എന്നാൽ പുഷ്പക വിമാനമാണ് ആദ്യം ഉണ്ടായതെന്ന് സമർത്ഥിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഷംസീർ പറഞ്ഞിരുന്നു.












Click it and Unblock the Notifications