ആ ഒരു പേരുദോഷം ഗുണം ചെയ്യില്ല; കേരളത്തില്‍ ഇനി പുതുതന്ത്രം, അടവ് മാറ്റിപ്പിടിച്ച് ബിജെപി
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഒന്ന് ക്ലച്ച് പിടിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയതാണ് ബി ജെ പി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും സീറ്റ് നില പൂജ്യത്തില്‍ തുടര്‍ന്നതോടെ ബി ജെ പിയുടെ എല്ലാ പദ്ധതികളും ഫലം കണ്ടില്ല. ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആധിപത്യം സ്ഥാപിക്കാനായെങ്കില്‍ സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ച് കടുത്ത നടപടികള്‍ നേരിടേണ്ടി വരും. കേരളത്തില്‍ ഏത് വിധേനയും സ്ഥാനമുറപ്പിക്കാന്‍ ദേശീയ നേതൃത്വത്തില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്.

കേരളത്തില്‍ ശക്തമാകാനുള്ള ഓരോ പദ്ധതികളും ബി ജെ പി ക്യാമ്പില്‍ ആസൂത്രണം ചെയ്യുന്നുമുണ്ട്. ഇപ്പോഴിതാ ക്രൈസ്തവര്‍ അടങ്ങുന്ന സമൂഹത്തെ ബി ജെ പിയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ തന്ത്രം ഒരുക്കുകയാണ് ബി ജെ പി. അതിന്റെ ഭാഗമായി ക്രിസ്മസിന് ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും സ്‌നേഹ യാത്ര നടത്തും.

സംസ്ഥാനത്തെ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരുടെ എല്ലാ വീടുകളിലേക്ക് പ്രവര്‍ത്തകരെയും നേതാക്കളെയും എത്തിക്കുന്നതാണ് പരിപാടി. ആദ്യ കാലങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി മികച്ച ബന്ധം കാത്തുസൂക്ഷിച്ചിട്ടുണ്ടെന്നാണ് മേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത് കൂടുതല്‍ ദൃഢമാക്കാനാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്.

ക്രിസ്മസിന് മധുരങ്ങളും സമ്മാനങ്ങളുമായി ഇനി ബി ജെ പി നേതാക്കള്‍ വീട്ടിലെത്തും. ഇതോടെ ബി ജെ പിയിലേക്ക് അടുക്കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. ബൂത്ത് മുതല്‍ സംസ്ഥാന തലം വരെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ആനൂകൂല്യങ്ങള്‍ ക്രൈസ്തവ സമുദായത്തില്‍പ്പെട്ട അര്‍ഹരായവര്‍ക്ക് നല്‍ക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്‌നേഹ യാത്ര നടത്തുന്ന ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ മന്‍കീ ബാത്തിലും ക്രൈസ്തവര്‍ ഇടം പിടിച്ചേക്കാനുള്ള സാധ്യതയുണ്ട്. ബി ജെ പി ഹിന്ദുക്കളുടെ മാത്രം പാര്‍ട്ടിയാണെന്ന വിലയിരുത്തല്‍ പൊതുവെ മാറ്റമുണ്ട്. ഇതില്‍ മാറ്റം വരുത്തി എല്ലാ സമുദായത്തെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണെന്ന ബോധ്യപ്പെടുത്താനാണ് ഇപ്പോഴത്തെ പുതിയ പദ്ധതി.

അതേസമയം, മറ്റ് പല നിര്‍ദ്ദേശങ്ങളും സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വം നല്‍കിയിട്ടുണ്ട്. മതപരമായത് ഉള്‍പ്പടെയുള്ള പൊതു വിഷയങ്ങളില്‍ നേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍ അത് സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമാകരുതെന്നാണ് ഇതില്‍ പ്രധാനപ്പെട്ട നിര്‍ദ്ദേശം. മറിച്ചൊരു നിലപാട് സ്വീകരിച്ചാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍ ജനറല്‍ സെക്രട്ടറി കൂടിയായ എം ടി രമേശ് യോഗത്തില്‍ നയരേഖ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ വിഴിഞ്ഞം വിഷയത്തില്‍ നേതാക്കള്‍ കൃത്യമായ നിലപാട് സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. വിഴിഞ്ഞത്ത് വികസനം വേണമെന്നത് തന്നെയാണ് ബി ജെ പിയുടെ നിലപാട്.

എന്നാല്‍ വിഴിഞ്ഞത്ത് സമരം നടത്തുന്ന ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും സംസ്ഥാന നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നും ബി ജെ പി പറയുന്നു. ബി ജെ പിയുടെ പുതിയ സ്‌നേഹ യാത്ര ക്രൈസ്തവ വിഭാഗങ്ങളില്‍ സ്വാധീനം ചെലുത്തുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ മറ്റ് ചില പദ്ധതികളും ബി ജെ പി ഭാവിയില്‍ ആസൂത്രണം ചെയ്‌തേക്കും.












Click it and Unblock the Notifications