ബിഹാറിലെ ബിജെപി-ജെഡിയു സഖ്യത്തില്‍ വിള്ളല്‍; സഖ്യരാഷ്ട്രീയത്തില്‍ ഇത് നല്ല സൂചനയല്ല
പട്ന: ബിഹാറിലെ ബിജെപി - ജെഡിയും സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. അരുണാചല്‍ പ്രദേശിലെ 6 ജനതാദള്‍ യു വിമത എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് സഖ്യത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്ത് തുടങ്ങിയത്. പാര്‍ട്ടിയെ ദേശീയ തലത്തില്‍ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാനായി വിളിച്ചു ചേര്‍ത്ത ദേശീയ നിര്‍വാഹക സമിതി യോഗത്തിന് തൊട്ടുമുന്‍പാണ് അരുണാചലില്‍ ജെഡിയുക്ക് ബിജെപിയുടെ ഭാഗത്ത് നിന്നും പ്രഹരമേല്‍ക്കേണ്ടി വന്നത്. ഇതോടെ അരുണാചലില്‍ 7 എംഎല്‍എമാര്‍ ഉണ്ടായിരുന്ന ജെഡിയുവിന് ഇപ്പോള്‍ ശേഷിക്കുന്നത് ഒരു എംഎല്‍എ മാത്രമാണ്.

കേന്ദ്ര മന്ത്രിസഭയില്‍
പുതിയ സാഹചര്യത്തില്‍ ജെഡിയു കേന്ദ്ര മന്ത്രിസഭയില്‍ ചേരാനുള്ള സാധ്യതയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ ജെഡിയു പ്രാതിനിധ്യത്തിനായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ബിജെപി കേന്ദ്രനേതൃത്വവും തീരുമാനം കൊകൊണ്ടിരുന്നു. എന്നാല്‍ അരുണാചലിലെ ബിജെപി നീക്കത്തില്‍ ജെഡിയുവിനുള്ളില്‍ ബിജെപി വിരുദ്ധ വികാരം ശക്തമായിരിക്കുകയാണ്.

ബിജെപി വിരുദ്ധ വികാരം
ബിജെപി വിരുദ്ധ വികാരം ശമിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കേന്ദ്ര മന്ത്രിസഭയില്‍ ചേരാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ നിതീഷ് കുമാര്‍ നിര്‍ബന്ധിതനായേക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ഭരവാഹി യോഗത്തിലും ബിജെപിയുടെ നീക്കത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

നല്ല സൂചനയല്ല
ബിജെപിയുടെ പ്രവര്‍ത്തി സഖ്യരാഷ്ട്രീയത്തിന് നല്ല സൂചനയല്ലെന്നാണ് ജെഡിയു നേതാവ് കെസി ത്യാഗി തുറന്നടിച്ചത്. ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ സഖ്യകക്ഷി എന്നനിലയില്‍ തങ്ങള്‍ അസംതൃപ്തരാണെന്നും സഖ്യരാഷ്ട്രീയത്തില്‍ ഇത് നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകള്‍ നേടിയതോടെ അരുണാചലില്‍ സംസ്ഥാന പാര്‍ട്ടി എന്ന പദവി ജെഡിയുവിനുണ്ടായിരുന്നു.

സംസ്ഥാന പാര്‍ട്ടി പദവി
ഏഴില്‍ ആറ് അംഗങ്ങളും കൂറുമാറിയതോടെ അരുണാചലിലെ സംസ്ഥാന പാര്‍ട്ടി എന്ന പദവി ജെഡിയുവിന് നഷ്ടമാവും. ആറ് എംഎല്‍എമാര്‍ കൂടി എത്തിയതോടെ നിലവില്‍ 60 അംഗ നിയമസഭയില്‍ ബിജെപിക്ക് 48 എംഎല്‍എമാരായി. എന്നാല്‍ ജെഡിയു എംഎല്‍എമാരെ തങ്ങള്‍ ചാക്കിട്ട് പിടിച്ചെന്ന ആരോപണം ശരിയല്ലെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

ബിജെപിയിലേക്ക്
സ്വന്തം താല്‍പര്യപ്രകാരമാണ് ജെഡിയു വിട്ട എംഎല്‍എമാര്‍ ബിജെപിയിലേക്ക് എത്തിയത്. അരുണാചലില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കാര്യമാണ് ഇത്. സഖ്യത്തെ ഒരു തരത്തിലും എംഎല്‍എമാരുടെ നീക്കം ബാധിക്കുന്നില്ലെന്നും ബിജെപി നേതൃത്വം വിശദീകരിക്കുന്നു. എന്നാല്‍ ഈ വിശദീകരണം ഉള്‍ക്കൊള്ളാന്‍ ജെഡിയു നേതാക്കള്‍ തയ്യാറായിട്ടില്ല.

മതപരിവര്‍ത്തനം
അംഗങ്ങളെ കൂറുമാറ്റിയതിന് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനെ എതിര്‍ത്തും ജെഡിയു രംഗത്ത് എത്തിയത്. പട്‌നയില്‍ നടന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് ബിജെപി സര്‍ക്കാരുകള്‍ക്കെതിരേ ജെഡിയു പ്രമേയം പാസാക്കിയത്.

കെസി ത്യാഗി
ഈ നിയമം സമൂഹത്തില്‍ വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്നുവെന്നാണ് ജെഡിയു വക്താവ് കെസി ത്യാഗി പറഞ്ഞത്. ലവ് ജിഹാദ് എന്ന പേരില്‍ രാജ്യത്ത് വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു. ജാതിയും മതവും നോല്‍ക്കാതെ പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് ഒപ്പം നില്‍ക്കാന്‍ ഭരണ ഘടന സ്വാതന്ത്രം നല്‍കുന്നുവെന്നും ത്യാഗി പറഞ്ഞു.