വാരിയംകുന്നനെ അധിക്ഷേപിച്ച് എപി അബ്ദുള്ളക്കുട്ടി; ആദ്യ താലിബാന്‍ നേതാവ്, നടന്നത് ഹിന്ദു വേട്ട
കണ്ണൂര്‍: സ്വാതന്ത്ര്യ സമര നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അധിക്ഷേപിച്ച് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ലോകത്തെ ആദ്യ താലിബാന്‍ നേതാവായിരുന്നു എന്നാണ് അബ്ദുള്ളക്കുട്ടിയുടെ വാക്കുകള്‍. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമായിരുന്നില്ലെന്നും ഹിന്ദു വേട്ടയാണ് അന്ന് നടന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂരില്‍ ഹിന്ദു ഐക്യവേദി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. വാരിയംകുന്നനെ മഹത്വ വല്‍ക്കരിക്കുന്ന സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഡിത്തമാണ്. കേരളത്തില്‍ നടന്നത് വംശഹത്യയാണെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിര മുമ്പും സംഘപരിവാര്‍ നേതാക്കള്‍ രംഗത്തുവന്നിരുന്നു. സംവിധായകന്‍ ആഷിക് അബു പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നന്‍ എന്ന സിനിമ ഒരുക്കാന്‍ തീരുമാനിച്ച വേളയില്‍ ഇവര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. പൃഥ്വിരാജ് സിനിമയില്‍ നിന്ന് പിന്‍മാറണം എന്നാണ് ഹിന്ദുഐക്യവേദി നേതാവ് ആര്‍വി ബാബു ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടത്. സിനിമ വരാന്‍ പോകുന്ന കാര്യം ആഷിക് അബുവും പൃഥ്വിരാജും സോഷ്യല്‍ മീഡിയ വഴി അറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇവരുടെ പ്രതിഷേധം.

ആഷിക് അബു സിനിമയുടെ നടപടികളുമായി പിന്നീട് മുന്നോട്ട് പോയില്ല. അതേസയമം, വാരിയംകുന്നനെ വില്ലനായി ചിത്രീകരിക്കുന്ന മറ്റൊരു സിനിമയ്ക്കുള്ള പ്രവര്‍ത്തനം ബിജെപി സഹയാത്രികന്‍ അലി അക്ബര്‍ തുടങ്ങുകയും ചെയ്തു. പുഴ മുതല്‍ പുഴ വരെ എന്ന അലി അക്ബറിന്റെ സിനിമയുടെ ചിത്രീകരണ ജോലികള്‍ ആരംഭിക്കുകയും ക്രൗഡ് ഫണ്ടിങ് വഴി പണം സ്വരൂപിക്കുകയും ചെയ്തിരുന്നു.
ഏറനാട്ടില്‍ ബ്രിട്ടീഷ് വിരുദ്ധ സമരം ശക്തിപ്പട്ട വേളയിലാണ് വാരിയംകുന്നനുള്‍പ്പെടെയുള്ള മാപ്പിള നേതാക്കള്‍ 1910കള്‍ക്ക് ശേഷം മുതല്‍ സമരഭൂമിയില്‍ സജീവമായയത്. ബ്രിട്ടീഷുകാര്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാമഹന്‍മാരെ നാടുകടത്തിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഏറനാട്ടിലും സമീപ പ്രദേശങ്ങളിലുമെല്ലാം ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കുമെതിരെ ശക്തമായ സമരം നടന്നു. ഭാര്യ മാളുക്കുട്ടിയും സമര രംഗത്ത് സജീവമായിരുന്നു.
ഏറനാട്ടില്‍ ആറ് മാസത്തോളം മലയാള രാജ്യം എന്ന പേരില്‍ സ്വതന്ത്ര രാജ്യ ഭരണം നടത്തുകയും ചെയ്തു വാരിയംകുന്നന്‍. ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തിന് മുമ്പില്‍ അടിപതറിയ ഘട്ടങ്ങളുമുണ്ടായി. പിന്നീട് കൂടുതല്‍ സൈന്യത്തെ ഇറക്കി ബ്രിട്ടീഷ് സൈന്യം മാപ്പിളമാരെ അടിച്ചമര്‍ത്തുകയായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും മറ്റു സമര നേതാക്കളെയും പിടികൂടി വെടിവച്ച് കൊന്നു. മറ്റുചിലരെ തൂക്കിലേറ്റി. നാട്ടുകാരായ ചിലരെ വശത്താക്കിയാണ് ബ്രിട്ടീഷ് സൈന്യം വാരിയംകുന്നനെ പിടികൂടിയത്.
എന്നാല്‍ അക്കാലത്ത് നടന്ന ജന്മി വിരുദ്ധ സമരങ്ങള്‍ മറ്റൊരു രീതിയില്‍ ചിത്രീകരിക്കപ്പെട്ടതിന് പിന്നില്‍ ബ്രിട്ടീഷുകാരാണ് എന്ന് ഒരു വിഭാഗം പറയുന്നു. അതല്ല, നിരവധി അക്രമ സംഭവങ്ങള്‍ അക്കാലത്ത് നടന്നിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. നേരത്തെ ഐവി ശശി മമ്മൂട്ടിയെ നായകനായിക്കി 1921 എന്ന സിനിമ പുറത്തിറക്കുകയും വന്‍ ഹിറ്റാകുകയും ചെയ്തിരുന്നു. അക്കാലത്ത് വിവാദങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നാണ് ആഷിക് അബു സിനിമ പ്രഖ്യാപിച്ചപ്പോഴുണ്ടായ വിവാദ വേളയില്‍ ടിജി രവി അഭിപ്രായപ്പെട്ടത്. ടിജി രവിയാണ് 1921ല്‍ വാരിയംകുന്നനായി വേഷമിട്ടത്.
കല്യാണം ബന്ധുവിന്റേത്, പക്ഷേ തിളങ്ങിയത് ജാന്‍വി!! നടിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications