ശ്രീ നാരായ ഗുരുവിനെ കാവി അണിയിച്ച് ബിജെപി: 'ഗുരുവിനെ കമ്യൂണിസ്റ്റാക്കാൻ ശ്രമം നടന്നു'
ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ ഗുരുവിന് കാവി മേലങ്കി അണിയിച്ച പോസ്റ്ററുമായി ബി ജെ പി നേതൃത്വം. 'സാമൂഹിക പരിഷ്കർത്താവും, ഹൈന്ദവ സന്യാസി ശ്രേഷ്ഠനുമായ ശ്രീനാരായണ ഗുരുദേവന് ബി ജെ പി കേരളത്തിൻ്റെ പ്രണാമം' എന്നാണ് കാവി മേലങ്കിയണിയിച്ച ഗുരുവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ബി ജെ പി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.
നാരായണഗുരു പ്രചരിപ്പിച്ചത് സനാതന ധർമ്മമായിരുന്നുവെന്നും എന്നാല്‍ നാരായണ ഗുരുവിനെ കമ്യൂണിസ്റ്റാക്കാൻ ശ്രമം നടന്നുവെന്ന് ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസും അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരുവിന്റെ പുരോഗമന ചിന്തകൾ തികച്ചും ഭാരതീയമായിരുന്നു അതിന് കമ്മ്യൂണിസ്റ്റ് വിപ്ലവ ചിന്തകളുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

പി കെ കൃഷ്ണദാസിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഗണപതി ഭഗവാൻ മിത്താണെന്ന് സ്ഥാപിയ്ക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി കാണിച്ച വ്യഗ്രത കേരളത്തിൽ പല ദേശീയ ബിംബങ്ങളെയും ഹൈന്ദവമല്ലാതാക്കി മാറ്റാൻ കമ്മ്യൂണിസ്റ്റുകാർ കാണിച്ചിട്ടുണ്ട്. സനാതന ധർമ്മവിശ്വാസികളായ സംന്യാസി സമൂഹത്തിന്റെ ഭാഗമായിരുന്ന ശ്രീനാരായണ ഗുരുദേവനെ ഹിന്ദുവല്ലാതാക്കാൻ അവർ പണ്ടു മുതലെ ശ്രമിച്ചിട്ടുണ്ട്.
നാരായണ ഗുരു ഈശ്വര വിശ്വാസിയല്ലെന്ന് വരെ അവർ പ്രചരിപ്പിച്ചു. ഭാരതത്തിന്റെ ആർഷ പാരമ്പര്യം സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സർവാശ്ലേഷിയായ പ്രത്യയശാസ്ത്രമാണ്. വസുധൈവ കുടുംബകമെന്നും വിശ്വംഭവത് ഏക നീഢം എന്നും ലോക സമസ്ത സുഖിനോ ഭവന്തുവെന്നും പ്രഖ്യാപിച്ച അദ്വൈത പാരമ്പര്യത്തിൽ നിന്നാണ് ശ്രീനാരായണ ഗുരു അദ്ദേഹത്തിന്റെ ചിന്തകൾ ഊതികാച്ചിയെടുത്തത്.
അദ്വേഷ്ടാ സർവ ഭൂതാനാം എന്ന ഗീതാവാക്യം തന്നെയാണ് ഒരു പീഡയുറുമ്പിനും വരാ എന്ന അനുകമ്പാ ദശകത്തിൽ പറയുന്നത്. അഹം ബ്രഹ്മാസ്മിയെന്ന ഉപനിഷത് മഹാവാക്യത്തിൽ വിശ്വസിക്കുന്ന ഒരു ഹിന്ദു സംന്യാസിയ്ക്ക് മാത്രമേ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹാ പ്രഖ്യാപനം നടത്താനാകു.
സ്വാമി വിവേകാനന്ദന്റെ നിർദ്ദേശ പ്രകാരമാണ് ഡോ: പൽപു ശ്രീനാരായണ ഗുരുവിനെ എസ്എൻഡിപി സ്ഥാപനത്തിനായി സമീപിച്ചതെന്നതും ചരിത്രം. ശ്രീനാരായണ ഗുരുവിന്റെ പുരോഗമന ചിന്തകൾ തികച്ചും ഭാരതീയമായിരുന്നു അതിന് കമ്മ്യൂണിസ്റ്റ് വിപ്ലവ ചിന്തകളുമായി കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലുമില്ല.












Click it and Unblock the Notifications