മൂന്ന് മണ്ഡലങ്ങളില്‍ നിറയാന്‍ ബിജെപി; സുരേഷ് ഗോപി നയിക്കും... പദ്ധതിയൊരുക്കാന്‍ അമിത് ഷാ
കൊച്ചി: കേരളത്തില്‍ ബൃഹദ് പദ്ധതിയുമായി ബിജെപി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയില്‍ പാഠം ഉള്‍ക്കൊണ്ട് സംസ്ഥാന വ്യാപകമായ ലക്ഷ്യം മാറ്റിവച്ചാണ് പ്രവര്‍ത്തനം. മൂന്ന് മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നു. നടന്‍ സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി ഇതിന് പദ്ധതി ഒരുക്കും. രാജ്യസഭാ എംപി കാലാവധി പൂര്‍ത്തിയാകുന്ന സുരേഷ് ഗോപി ഇപ്പോള്‍ തന്നെ കേരളത്തില്‍ സജീവമാണ്. എങ്കിലും ജയസാധ്യതയുണ്ടെന്ന് പാര്‍ട്ടി കരുതുന്ന മൂന്ന് മണ്ഡലങ്ങളില്‍ കൂടുതലായി സുരേഷ് ഗോപിയെ ഉപയോഗപ്പെടുത്തും. വിശദാംസങ്ങള്‍ ഇങ്ങനെ...
വിജയ് ബാബു പരസ്യമായി ചെയ്തത് രണ്ടുവര്‍ഷം തടവ് കിട്ടാവുന്ന കുറ്റം; അറസ്റ്റ് ചെയ്യും

തൈ വിതരണം, വിഷു കൈനീട്ടം, സാമൂഹിക സേവനങ്ങള്‍, തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് നവീകരണം, ആദിവാസി മേഖലകളെ കുറിച്ചുള്ള പഠനം, പ്രമുഖരെ സന്ദര്‍ശിക്കല്‍... തുടങ്ങി വിവിധ രംഗങ്ങളില്‍ സുരേഷ് ഗോപി സജീവമായി ഇടപെടുന്നുണ്ട്. ഇതെല്ലാം ജനങ്ങളിലെത്തിക്കുന്നതിന് ബിജെപി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ സാധ്യതകള്‍ ഇതിനുവേണ്ടി ഉപയോഗപ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

സംസ്ഥാനത്തെ ബിജെപി നേതൃത്വങ്ങളിലെ ഭിന്നതയും പടലപ്പിണക്കങ്ങളും കാരണം പാര്‍ട്ടിയുടെ പ്രതിഛായക്ക് മങ്ങലേറ്റിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ഉയര്‍ന്ന കൊടകര കുഴല്‍പ്പണക്കേസിലും മഞ്ചേശ്വരം വോട്ട് വിവാദത്തിലും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പെട്ടതും പാര്‍ട്ടിക്ക് തിരിച്ചടിയായി. മാത്രമല്ല, ഭരണപക്ഷത്തിന്റെ ഒട്ടേറെ വീഴ്ചകള്‍ പാര്‍ട്ടിക്ക് വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ സധിച്ചില്ല എന്ന വിമര്‍ശനവുമുണ്ട്.

ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി പ്രചാരണം ശക്തമാക്കാന്‍ ബിജെപി ആലോചിക്കുന്നത്. അദ്ദേഹം നടത്തുന്ന ഇടപെടലുകള്‍ വലിയ ചര്‍ച്ചയാകുകയും ചെയ്യുന്നു. ഒപ്പം വിവാദങ്ങള്‍ നിറയുന്നുണ്ടെങ്കിലും ഭൂരിപക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിയെ കൂടുതല്‍ ചര്‍ച്ചയാക്കാന്‍ സാധിച്ചു എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ മുന്നില്‍ നിര്‍ത്തി മൂന്ന് മണ്ഡലങ്ങളില്‍ നിറയാന്‍ തീരുമാനിച്ചത്.

തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപിയുടെ ആലോചന. മൂന്നിടത്തും പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എല്ലാ മണ്ഡലങ്ങളിലും മല്‍സരിക്കുമെങ്കിലും ഈ മൂന്നിടത്താകും ശ്രദ്ധപതിപ്പിക്കുക.

2024 ആദ്യ പകുതിയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഇപ്പോള്‍ തന്നെ ഒരുക്കങ്ങള്‍ നടത്തുകയാണ് ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വരവ് ഇതിന്റെ ഭാഗം കൂടിയാണ്. മെയ് 15നകം അമിത് ഷാ കേരളത്തിലെത്തുമെന്ന് നേതാക്കള്‍ പറയുന്നു. കേരളത്തില്‍ ബിജെപി നേരിടുന്ന വെല്ലുവിളികള്‍ സംസ്ഥാന നേതൃത്വം അമിത് ഷായെ ബോധിപ്പിക്കും. കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്യും.

ആലപ്പുഴ-പാലക്കാട് കൊലപാതകങ്ങള്‍, ക്രൈസ്തവ സമുദായത്തിനിടയിലെ ലൗ ജിഹാദ് ഭീതി, ക്രൈസ്തവ സമൂഹത്തെ കൂടെ നിര്‍ത്താന്‍ വേണ്ട പദ്ധതികള്‍ എന്നിവയാണ് സംസ്ഥാന നേതൃത്വം അമിത് ഷായെ ധരിപ്പിക്കുക. കേരളത്തില്‍ ബിജെപിക്ക് ശക്തിപ്പെടാനുള്ള തന്ത്രങ്ങള്‍ ടോം വടക്കന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിജെപി നേതൃത്വത്തെ ബോധിപ്പിച്ചിരുന്നു.

ന്യൂനപക്ഷങ്ങളിലെ ഏതെങ്കിലും ഒരു വിഭാഗത്തെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ മാത്രമേ കേരളത്തില്‍ വോട്ട് വര്‍ധിക്കൂ എന്ന് ബിജെപി മനസിലാക്കുന്നു. ക്രൈസ്തവ സമൂഹത്തെ കൂടെ നിര്‍ത്താന്‍ സാധിക്കുമെന്നും അവര്‍ കരുതുന്നു. ക്രൈസ്തവ സമൂഹത്തിലെ തര്‍ക്കത്തില്‍ ഇടപെട്ട് പരിഹാരം കാണുന്നത് ഇതിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. നേരത്തെ യുഡിഎഫിന്റെ വോട്ട് ബാങ്കായിരുന്ന വിഭാഗങ്ങളെയാണ് ബിജെപി ഉന്നംവയ്ക്കുന്നത്.