കേന്ദ്ര നേതൃത്വം സുരേന്ദ്രനോട് കലിപ്പില്‍; നിരീക്ഷകരുടെ റിപ്പോര്‍ട്ട് പ്രതികൂലം... പക്ഷേ, ഉടന്‍ നടപടിയില്ല
തിരുവനന്തപുരം: കുഴല്‍പണ ഇടപാട് വിവാദത്തിന് പിറകെ സികെ ജാനു വിവാദം കൂടി പുറത്ത് വന്നതോടെ കേരള ബിജെപിയില്‍ കെ സുരേന്ദ്രന്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ ആണ്. പാര്‍ട്ടിയിലെ വിഭാഗീയതയും തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയും കൂടി ആയതോടെ കേന്ദ്ര നേതൃത്വവും സുരേന്ദ്രനെ കൈവിടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്രം നിയോഗിച്ച നാലംഗ രഹസ്യ സംഘവും കെ സുരേന്ദ്രന് എതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. എങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ ഒരു നടപടിയ്ക്ക് കേന്ദ്ര നേതൃത്വം മുതിരില്ലെന്നാണ് സൂചന. വിശദാംശങ്ങള്‍...

പ്രത്യേക സംഘം
കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര നേതൃത്വം രഹസ്യമായി നാലംഗ സംഘത്തെ നിയോഗിച്ചിരുന്നു എന്നാണ് ബിജെപിയ്ക്കുള്ളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. ഈ സംഘം കെ സുരേന്ദ്രന് എതിരായി റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം. കേന്ദ്ര നേതൃത്വം വിഷയങ്ങള്‍ അന്വേഷിക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് പിപി മുകുന്ദനും വ്യക്തമാക്കിയിരുന്നു.

പിന്തുണയ്ക്കാന്‍ ആളില്ല
കെ സുരേന്ദ്രന് സംസ്ഥാന നേതാക്കളില്‍ നിന്ന് കാര്യമായ ഒരു പിന്തുണയും ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പരസ്യ പ്രതികരണത്തിന് മിക്ക നേതാക്കളും തയ്യാറായിരുന്നില്ല. എന്നാല്‍ വിഷയം കൂടുതല്‍ ഗുരുതരമായതോടെ ചിലരെങ്കിലും പ്രതികരിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

അതൃപ്തി തിരഞ്ഞെടുപ്പില്‍
കേന്ദ്ര നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചാണ്. കേരളത്തില്‍ ആകെ ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുകയും വോട്ട് വിഹിതം വലിയ തോതില്‍ ഇടിയുകയും ചെയ്തു. ഇതിന്റെ എല്ലാം ഉത്തരവാദിത്തം കെ സുരേന്ദ്രന്റെ മാത്രം ബാധ്യതയായി മാറുകയാണ്.

തലകള്‍ ഉരുളും
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ രഹസ്യ നിരീക്ഷകരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സുരേന്ദ്രന്‍ അടക്കം ചില മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കെ സുരേന്ദ്രന്‍ തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഉടന്‍ നടപടിയില്ല
എന്തായാലും കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അടിയന്തരമായി ഒരു നടപടി കേന്ദ്ര നേതൃത്വം എടുത്തേക്കില്ല. ഇപ്പോള്‍ എടുക്കുന്ന എന്ത് നടപടിയും കുഴല്‍ പണ കേസുമായി ബന്ധിപ്പിക്കപ്പെടും എന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിനുണ്ട്. അങ്ങനെ സംഭവത്തില്‍ അത് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്യും.

നിശബ്ദത പാലിച്ച് രണ്ട് ഗ്രൂപ്പുകള്‍
കേരളത്തില്‍ ഒരുകാലത്ത് ഏറ്റവും ശക്തമായിരുന്നത് പികെ കൃഷ്ണദാസ് ഗ്രൂപ്പ് ആയിരുന്നു. വി മുരളീധരന്‍-കെ സുരേന്ദ്രന്‍ സഖ്യം വന്നതോടെ കടുത്ത അവഗണന നേരിടുകയാണ് കൃഷ്ണദാസ് പക്ഷം. പുതിയതായി രൂപം കൊണ്ട ശോഭ സുരേന്ദ്രന്‍ ഗ്രൂപ്പും ഔദ്യോഗിക പക്ഷത്തിനെതിരാണ്. എന്നാല്‍, ഇപ്പോഴത്തെ വിവാദങ്ങളില്‍ സുരേന്ദ്രനെ പിന്തുണയ്ക്കാനോ എതിര്‍ക്കാനോ രണ്ട് ഗ്രൂപ്പുകളും രംഗത്ത് വരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ആര്‍എസ്എസിനും അതൃപ്തി
കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ ആര്‍എസ്എസിനും കടുത്ത അതൃപ്തിയാണ് ബിജെപിയോടുള്ളത്. അടിത്തട്ടില്‍ ആര്‍എസ്എസ് ശക്തമായ പ്രവര്‍ത്തനം നടത്തിയിട്ടും അത് വോട്ടായി മാറാതിരിക്കാന്‍ വഴിവച്ചത് ബിജെപി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തിരിച്ച് ആര്‍എസ്എസിനെതിരെ ബിജെപി നേതാക്കളും വിമര്‍ശനം ഉന്നയിക്കുന്നു.

കുരുക്ക് മുറുകിയാല്‍
കൊടകര കുഴല്‍പണ കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനേയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ ചോദ്യം ചെയ്തുകഴിഞ്ഞു. മധ്യമേഖലാ സെക്രട്ടറിയേയും ചോദ്യം ചെയ്തിട്ടുണ്ട്. ഈ അന്വേഷണം കൂടുതല്‍ മുറുകിയാല്‍ കേന്ദ്ര നേതൃത്വം എന്ത് നിലപാട് എടുക്കും എന്നതും നിര്‍ണായകമാണ്.












Click it and Unblock the Notifications