തൃശ്ശൂർ എടുക്കാനുറച്ച് ബിജെപി, തന്ത്രം മെനഞ്ഞ് അമിത് ഷാ; കണ്ണ് ക്രിസ്ത്യൻ വോട്ടിൽ..കോൺഗ്രസ് വിടിയെ ഇറക്കും?
ഇരുമുന്നണികളേയും മാറി മാറി പരീക്ഷിക്കുന്ന പതിവ് രീതി പൊളിക്കാൻ ആകുമെന്നതാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ

തൃശൂർ: ഇത്തവണ ബി ജെ പി തൃശ്ശൂർ എടുക്കുമോ? എടുക്കുമെന്ന ആത്മവിശ്വാസമാണ് ബി ജെ പി നേതൃത്വം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ തവണ കടുത്ത മത്സരം കാഴ്ച വെച്ച സുരേഷ് ഗോപിയെ തന്നെ ഇത്തവണയും മത്സരിപ്പിക്കാനാണ് ബി ജെ പിയിലെ ആലോചന. തൃശൂരിന്റെ മാറി വരുന്ന രാഷ്ട്രീയ സാഹചര്യം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്. മാത്രമല്ല മണ്ഡലത്തിലെ വോട്ടു കണക്കുകളിലും ബി ജെ പി പ്രതീക്ഷ പുലർത്തുന്നു.

സുരേഷ് ഗോപിയുടെ 'സിനിമാ സ്റ്റൈൽ എൻട്രി
കഴിഞ്ഞ ദിവസം ശക്തൻ ഗ്രൗണ്ടിൽ അമിത് ഷാ പങ്കെടുത്ത പരിപാടിയിലേക്കുള്ള സുരേഷ് ഗോപിയുടെ 'സിനിമാ സ്റ്റൈൽ എൻട്രിയും' സിനിമയെ പോലും വെല്ലുന്ന മാസ് ഡയലോഗുകളുമെല്ലാം കൃത്യമായ പദ്ധതികളോടെ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ജനപ്രീതിയുള്ള ഏക ബി ജെ പി നേതാവെന്ന് പാർട്ടി സർവ്വേയിൽ കണ്ടെത്തിയ സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് അമിത് കരുതുന്നു.അദ്ദേഹത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഇനി സുരേഷ് ഗോപി തൃശ്ശൂരിൽ ഇറങ്ങുക.

ഇരുമുന്നണികളേയും മാറി മാറി പരീക്ഷിക്കുന്ന പതിവ്
നിലവിൽ യു ഡി എഫിന്റെ കൈയ്യിലാണ് മണ്ഡലം. എങ്കിലും ഒരു പാർട്ടിക്കും കുത്തക അവകാശപ്പെടാൻ കഴിയാത്ത മണ്ഡലം കൂടിയാണ് തൃശ്ശൂർ. ഇരുമുന്നണികളേയും മാറി മാറി പരീക്ഷിക്കുന്ന പതിവ് രീതി പൊളിക്കാൻ ആകുമെന്നതാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ. 2019 ൽ അട്ടിമറി മുന്നേറ്റമാണ് സുരേഷ് ഗോപിയിലൂടെ ബി ജെ പി ഇവിടെ നേടിയതെന്നതും എടുത്ത് പറയേണ്ടതാണ്.

വെറും കാൽ ലക്ഷത്തോളം വോട്ടുകളായിരുന്നു
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കൂറ്റൻ ഭൂരിപക്ഷത്തിലായിരുന്നു മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ ജയിച്ചത്. അദ്ദേഹത്തിന് 4,15,089 വോട്ടുകളായിരുന്നു ലഭിച്ചത്. എൽ ഡി എഫ് സ്ഥാനാർത്ഥിയായ രാജാജി മാത്യു തോമസിന് 3,21, 456 വോട്ടുകളും നേടാനായി. സുരേഷ് ഗോപിക്ക് ലഭിച്ചത് 2,93,822 വോട്ടുകളാണ്. 2014 ൽ ബി ജെ പി സ്ഥാനാർത്ഥിക്ക് ഇവിടെ നിന്ന് ലഭിച്ചത് വെറും കാൽ ലക്ഷത്തോളം വോട്ടുകളായിരുന്നു. അതുകൊണ്ട് തന്നെ അപ്രതീക്ഷിത മുന്നേറ്റം ബി ജെ പി നൽകിയ പ്രതീക്ഷ ചില്ലറയല്ല.

തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള ശക്തമായ ഇടപെടലുകൾ
പരാജയം രുചിച്ചിട്ടും തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള ശക്തമായ ഇടപെടലുകൾ സുരേഷ് ഗോപി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മണ്ഡലത്തിൽ നടത്തിയിട്ടുണ്ട്. മാത്രമല്ല ക്രിസ്ത്യാൻ സമുദായ വോട്ടുകളും ബി ജെ പിയിലേക്ക് മറിയുമെന്നും ബി ജെ പി വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ മണ്ഡലത്തിൽ ഇതിനോടകം തന്നെ ബി ജെ പി സജീവമാക്കിയിട്ടുണ്ട്. യാക്കോബായ , ഓർത്തഡോക്സ് വിഭാഗത്തിന്റെ സഹകരണം കൂടി ഉറപ്പാക്കുന്നതോടെ കാര്യങ്ങൾ എളുപ്പമാകുമെന്നും ബി ജെ പി കണക്ക് കൂട്ടുന്നുണ്ട്. കേരളത്തിൽ മാർപാപ്പയുടെ സന്ദർശനവും ക്രിസ്ത്യൻ വിഭാഗങ്ങളുടെ സഹകരണത്തിന് സഹായിക്കുമെന്നും ബി ജെ പി പ്രതീക്ഷിക്കുന്നുണ്ട്.സംസ്ഥാനത്ത് ബി ജെ പിക്ക് സാധ്യതയുള്ള രണ്ട് മണ്ഡലങ്ങളിൽ മാർപാപ്പയെ എത്തിക്കാനുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ഇതിൽ ഒന്ന് തൃശ്ശൂർ തന്നെയാകുമെന്നാണ് വിലയിരുത്തൽ.

'ഒരു വട്ടം 'ഇങ്ങെടുത്തതിന്റെ' ക്ഷീണം മാറിയോ'
അതേസമയം ഇത്തവണ തൃശൂർ എടുക്കുമെന്ന സുരേഷ് ഗോപിയുടെ പ്രതികരണത്തിൽ ഏറെ പരിഹാസത്തോടെയാണ് കോൺഗ്രസ് പ്രതികരിച്ചത്.'ഒരു വട്ടം 'ഇങ്ങെടുത്തതിന്റെ' ക്ഷീണം മാറിയോ.. എന്നിട്ടല്ലേ..' എന്നാണ് സുരേഷ് ഗോപിയെ പരിഹസിച്ച് സിറ്റിംഗ് എംപി ടി എൻ പ്രതാപൻ പ്രതികരിച്ചത്. എന്നിരുന്നാലും ഇക്കുറി മത്സരം പ്രതാപനും സുരേഷ് ഗോപിയും തമ്മിലായേക്കില്ലെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്. ലോക്സഭയിലേക്ക് ഇനി ഇല്ലെന്ന് പ്രതാപൻ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ യുവ നേതാവിനെ ആയിരിക്കും മണ്ഡലത്തിൽ കോൺഗ്രസ് പരീക്ഷിച്ചേക്കുക. പ്രതാപൻ മനസിൽ മുൻ തൃത്താല എംഎൽഎ കൂടിയായ വിടി ബൽറാമാണെന്നാണ് സൂചന. അങ്ങനെയെങ്കിൽ മണ്ഡലത്തിൽ ഇത്തവണ പൊടിപാറുമെന്ന കാര്യത്തിൽ തർക്കമില്ല.












Click it and Unblock the Notifications