കൊടകര കുഴല്‍പ്പണക്കേസ്: കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നു, തൃശൂർ പോലീസ് ക്ലബ്ബിൽ കനത്ത സുരക്ഷ
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തൃശൂർ പോലീസ് ക്ലബ്ബിൽ വെച്ചാണ് ചോദ്യം ചെയ്യൽ. നിരവധി ബിജെപി നേതാക്കളും പ്രവർത്തകരും പോലീസ് ക്ലബ്ബിന് മുന്നിൽ എത്തിയിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോലീസ് ക്ലബ്ബ് പരിസരത്ത് വൻ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്.
കൊടകര കേസിലെ പരാതിക്കാരനായ ധർമ്മജനുമായി കെ സുരേന്ദ്രൻ സംസാരിച്ചതായി കോൾ ലിസ്റ്റ് പരിശോധനയിൽ പോലീസ് കണ്ടെത്തിയിരുന്നു. കൊടകരയിൽ വെച്ച് പണം മോഷ്ടിക്കപ്പെട്ടതിന് പിന്നാലെ ധർമജൻ ഫോണിൽ വിളിച്ചവരുടെ കൂട്ടത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനുമുണ്ടെന്ന് പോലീസ് പറയുന്നു. 24 സെക്കൻഡുകൾ നീളുന്നതായിരുന്നു ഫോൺ സംഭാഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ അന്വേഷണ സംഘം മൊഴിയെടുക്കാനായി വിളിച്ച് വരുത്തിയിരിക്കുന്നത്.

ചോദ്യം ചെയ്യല്‍ രാഷ്ട്രീയ നാടകമാണെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ''ഈ കേസില്‍ നമ്മുടെ നാടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പരാതിക്കാരന്റെ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ച് ആളുകളെ വിളിച്ച് വരുത്തുന്നത്. ഇത് പാര്‍ട്ടിയെ അപമാനിക്കാനുളള നീക്കമാണ്''. രാഷ്ട്രീയ യജമാനന്‍മാരെ സംരക്ഷിക്കാന്‍ പോലീസ് നടത്തുന്ന ശ്രമമാണ് ഇതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
''ഇങ്ങനൊന്ന് നമ്മുടെ നാടിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പ്രതികളെ ആരൊക്കെ വിളിച്ചു, പ്രതികളുമായി ആരാണ് ബന്ധം പുലര്‍ത്തിയത് എന്നുളള കാര്യങ്ങളൊന്നും ആരും അന്വേഷിക്കുന്നില്ല. അന്വേഷിക്കുന്നത് പരാതിക്കാരനെ ആരൊക്കെ വിളിച്ചു എന്നതാണ്''. അതൊരു വിചിത്രമായ അന്വേഷണം ആണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ചോദ്യം ചെയ്യലിന് വേണ്ടി തൃശൂർ പോലീസ് ക്ലബ്ബിലെത്തിയ സുരേന്ദ്രൻ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു.












Click it and Unblock the Notifications