'അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വരും, ഈ സർക്കാരിനെ ജനം താഴെയിറക്കും'; അനിൽ ആന്റണി
തിരുവനന്തപുരം: കേരളത്തിൽ അഴിമതിയും വർഗീയതയും രൂക്ഷമായിരിക്കുകയാണെന്നും ജനക്ഷേമത്തിന് ഭരണമാറ്റം അനിവാര്യമാണെന്നും ബി ജെ പി ദേശീയ സെക്രട്ടറി അനിൽ ആന്റണി. അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ഈ അഴിമതി സർക്കാരിനെ തൂത്തെറിയുമെന്നും കേരളത്തിൽ ബി ജെ പി അധികാരത്തിൽ വരുമെന്നും അനിൽ പറഞ്ഞു. ദേശീയ മാധ്യമമായ എ എൻ ഐയോട് സംസാരിക്കുകയായിരുന്നു അനിൽ.
'കഴിഞ്ഞ 7 വർഷത്തിനിടെ കേരളം കണ്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതികളാണ്. കൊവിഡ് കാലത്ത് പിപിഇ കിറ്റുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അടക്കം അഴിമതി ഉണ്ടായി. എന്തിന് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വരെ അഴിമതി നടന്നു. സ്വർണക്കടത്ത് കേസിൽ അടക്കം മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉയർന്ന് വന്നിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയടക്കം അറസ്റ്റിലായി.

അടുത്തിടെ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തൽ ഉണ്ട്. കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ നിന്നും അവർക്ക് മാസപ്പടി ലഭിച്ചെന്നാണ് കണ്ടെത്തിയത്. കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡിൽ നിന്നും 1.7 കോടി രൂപ നൽകിയെന്നാണ് കണ്ടെത്തിയിരുക്കുന്നത്. കമ്പനിയുടെ ഓഫീസിൽ വകുപ്പ് നടത്തിയ റെയ്ഡിൽ മറ്റ് രാഷ്ട്രീയ നേതാക്കളെ കുറിച്ചും ട്രേഡ് യൂണിയൻ നേതാക്കളെ കുറിച്ചുമെല്ലാം വിവരം ലഭിച്ചിട്ടുണ്ട്.
തങ്ങളുടെ അഴിമതി മറക്കാൻ വർഗീയത പരത്താൻ ശ്രമിക്കുകയാണ് എൽ ഡി എഫ് സർക്കാർ. ജനങ്ങളുടേയും നാടിന്റേയും ക്ഷേമത്തിന് സർക്കാർ മാറേണ്ടത് അനിവാര്യമാണ്. അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ അഴിമതി നിറഞ്ഞ കമ്മ്യൂണിസ്റ്റ് സർക്കാരിനെ തുടച്ച് നീക്കുമെന്നും ബി ജെ പി സർക്കാർ അധികാരത്തിലേറുമെന്നും എനിക്ക് ആത്മവിശ്വാസമുണ്ട്. ഇത്രയുമധികം അഴിമതി ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെടുകയാണ് ബി ജെ പിയെന്നും അനിൽ ആന്റണി പറഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി അനിൽ ആന്റണി എത്തിയേക്കുമെന്നുള്ള ചർച്ചകൾക്കിടെയാണ് സംസ്ഥാന സർക്കരാിനെതിരായ അദ്ദേഹത്തിന്റെ വിമർശനം. അനിലിനെ മത്സരിപ്പിക്കുമോയെന്ന ചോദ്യത്തിന് ആരേയും പ്രതീക്ഷിക്കാമെന്ന മറുപടിയായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയ മറുപടി.












Click it and Unblock the Notifications