തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി പ്രവര്‍ത്തകന്‍ വീട്ടമ്മയെ കയറിപ്പിടിച്ചു; കേസ്
തിരുവനന്തപുരം: സ്ഥാനാര്‍ഥിക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ബിജെപി പ്രവര്‍ത്തകന്‍ വീട്ടമ്മയോട് മോശമായി പെരുമാറി എന്ന് പരാതി. വെള്ളം ചോദിച്ച് പിന്നാലെ പോയ ശേഷമാണ് കയറിപ്പിടിച്ചത്. വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോയി. ബിജെപി നേതൃത്വം വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
തിരുവനന്തപുരത്തെ മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡില്‍ പ്രചാരണത്തിലായിരുന്നു ബിജെപി സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും. വോട്ട് അഭ്യര്‍ഥിച്ച് സ്ഥാനാര്‍ഥിയും കൂടെയുള്ളവരും മറ്റു വീടുകളിലേക്ക് പോകവെ, രാജു എന്ന പ്രവര്‍ത്തകന്‍ വീട്ടമ്മയോട് വെള്ളം ചോദിക്കുകയായിരുന്നു. വീട്ടില്‍ ഈ നേരം മറ്റാരുമുണ്ടായിരുന്നില്ല.

വെള്ളം എടുക്കാന്‍ വീട്ടമ്മ അകത്തേക്ക് പോയ വേളയില്‍ രാജുവും പിന്നാലെ പോകുകയായിരുന്നുവത്രെ. പിന്നീടാണ് മോശമായി പെരുമാറിയത്. ഈ നേരം വീട്ടമ്മ ബഹളം വച്ചതോടെ രാജു ഇറങ്ങിയോടി. വീട്ടമ്മ മംഗലപുരം പോലീസില്‍ പരാതി നല്‍കി. പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ് എന്നാണ് വിവരം. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്.
യുവതിയെ മര്‍ദ്ദിച്ച യുവമോര്‍ച്ച നേതാവിനെ പുറത്താക്കി
കൊച്ചിയില്‍ ലിവിങ് ടുഗതറായിരുന്ന യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ യുവമോര്‍ച്ച നേതാവിനെതിരെ നടപടി. ഗോപു പരമശിവത്തെ യുവമോര്‍ച്ചയില്‍ നിന്നും ബിജെപിയില്‍ നിന്നും പുറത്താക്കി. ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ടാണ് നടപടി എടുത്തത്. ഗോപു പരമശിവത്തിനെതിരെ മറ്റൊരു പരാതി കൂടി ഉയര്‍ന്നിട്ടുണ്ട്.
ബിജെപി ഓഫീസിലെ മുന്‍ ജീവനക്കാരി ഗോപുവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി നല്‍കി. ഇവരുടെ ഒരു കേസ് ആവശ്യത്തിന് എന്ന പേരില്‍ വാങ്ങിയ പണം തിരിച്ചുകൊടുത്തില്ല എന്നാണ് പരാതി. പല തവണ ചോദിച്ചിട്ടും പണം നല്‍കിയില്ല. ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ല. പിന്നാലെ ജില്ലാ നേതൃത്വം തന്നെ പിരിച്ചുവിട്ടുവെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
മരട് പോലീസ് ഗോപു പരമശിവത്തെ അറസ്റ്റ് ചെയ്ത പിന്നാലെയാണ് ബിജെപി നേതൃത്വം നടപടി എടുത്തത്. വക്കീല്‍ ഫീസ് എന്ന പേരില്‍ പണം വാങ്ങി തട്ടിപ്പ് നടത്തി എന്നാണ് പുതിയ പരാതി ഉയര്‍ന്നിരിക്കുന്നത്. പരാതി നല്‍കിയതിന് പിന്നാലെ ജില്ലാ പ്രസിഡന്റ് തന്നെയാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്നും യുവതി പറയുന്നു.












Click it and Unblock the Notifications