'ബോബിയെ നേരത്തെ അറിയാം, ജയിലിലായപ്പോള്‍ പോയി കണ്ടു, പക്ഷെ..'; വിഐപി പരിഗണനയില്‍ ഡിഐജിയുടെ മറുപടി
കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിക്കുകയും ബോഡി ഷെയ്മിംഗ് നടത്തുകയും ചെയ്തു എന്ന പരാതിയില്‍ അറസ്റ്റിലായിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കി എന്ന ആരോപണത്തില്‍ വിശദീകരണവുമായി മധ്യമേഖലാ ജയില്‍ ഡി ഐ ജി പി അജയ് കുമാര്‍. ജയില്‍ മേധാവിക്ക് മുന്‍പിലാണ് അജയ് കുമാര്‍ വിശദീകരണം നല്‍കിയത്.
ബോബി ചെമ്മണൂരിനെ തനിക്ക് മുന്‍പരിചയമുണ്ട് എന്നും ജയിലിലായപ്പോള്‍ ബോബി ചെമ്മണ്ണൂരിനെ കണ്ടിരുന്നു എന്നും അജയ് കുമാര്‍ സമ്മതിച്ചു. എന്നാല്‍ സൂപ്രണ്ടിന്റെ മുറിയിലേക്ക് ബോബി ചെമ്മണൂരിനെ വിളിച്ച് സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് ബോബി ചെമ്മണൂരിനെ കണ്ടത് എന്നും ഒരു പരാതി അന്വേഷിക്കാനായി കാക്കനാട് ജില്ലാ ജയിലില്‍ പോയപ്പോഴായിരുന്നു ഇത് എന്നുമാണ് ഡി ഐ ജി പറയുന്നത്.

ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ സഹായങ്ങള്‍ ബോബി ചെമ്മണൂരിന് നല്‍കണമെന്ന് താന്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബോബി ചെമ്മണൂരിന്റെ ആരോഗ്യസ്ഥിതി ചോദിച്ച് മനസിലാക്കി എന്നും അജയ് കുമാര്‍ പറയുന്നു. ഈ സമയം പുറത്തുണ്ടായിരുന്ന ബാലകൃഷ്ണന്‍, അഭിലാഷ് എന്നീ രണ്ട് സുഹൃത്തുക്കളെ അകത്തേക്ക് പ്രവേശിപ്പിക്കണം എന്ന് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു അദ്ദേഹം വ്യക്തമാക്കി.
'എന്നാല്‍ ഇവരുടെ പേര് രേഖപ്പെടുത്താത്തതിന് പിന്നിലെ കാരണം എനിക്കറിയില്ല. ഇവരുടെ പേര് സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്താത്തതിന് ഞാനല്ല ഉത്തരവാദി,' ജയില്‍ മേധാവിക്ക് നല്‍കിയ വിശദീകരണത്തില്‍ അജയ് കുമാര്‍ പറയുന്നു. ജയിലില്‍ കഴിയവെ ബോബി ചെമ്മണൂരിന് വിഐപി പരിഗണന ലഭിച്ചു എന്നതാണ് ആരോപണം. ഇതില്‍ ഉന്നതതല അന്വേഷണം നടത്തണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടിരുന്നു.
ഇക്കാര്യത്തില്‍ ജയില്‍ ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചു വരുത്തി വിശദാംശങ്ങള്‍ തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡി ഐ ജിയോട് വിശദീകരണം തേടിയിരിക്കുന്നത്. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ബോബി ചെമ്മണൂരിന് കാക്കനാട് ജയിലില്‍ പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകളില്‍ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി സന്ദര്‍ശക ഡയറികളും സിസിടിവി കാമറകളും പരിശോധിച്ചിട്ടുണ്ട്. അജയ് കുമാര്‍ പറഞ്ഞ ബാലകൃഷ്ണന്‍ വടക്കാഞ്ചേരി സ്വദേശിയും ജയിലിലെ പല ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ളയാളുമാണ്. അഭിലാഷ് ഒരു വ്യവസായിയാണ് എന്നാണ് വിവരം. ഇവര്‍ ബോബി ചെമ്മണൂരിനെ കാണാനെത്തിയതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അറിയാനായി കൂടുതല്‍ അന്വേഷണം നടത്തും എന്ന് ജയില്‍ വകുപ്പും അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications