കണ്ണൂരിലെ ബോംബ് സ്ഫോടനം ദൗർഭാഗ്യകരം;സമാധാനം തകർക്കുന്നത് ആർഎസ്എസും എസ്ഡിപിഐയുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; കണ്ണൂരിൽ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ ലഭിച്ച സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിക്കാനിടയായ സംഭവം തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി. സ്റ്റീൽ ബോംബ് എവിടെനിന്ന് ലഭ്യമായി, എന്താണ് അതിന്റെ ഉറവിടം എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ കണ്ടെത്താന്‍ ജാഗ്രതയോടെയുള്ള അന്വേഷണം പോലീസ് നടത്തുകയാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ജില്ലയിൽ ബോംബ് സ്ഫോടനങ്ങളും ആക്രമണങ്ങളും ആവർത്തിക്കുന്നതില്‍, ജനങ്ങളുടെ ആശങ്ക ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്ഫോടനം നടന്നത് സിപിഎം കേന്ദ്രത്തിലാണ്. സിപിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സണ്ണി ജോസഫ് എംഎൽഎ നോട്ടീസിൽ പറഞ്ഞു.എന്നാൽ വിഷയ ദാരിദ്ര്യമാണ് നോട്ടീസിന് ആധാരം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.കണ്ണൂര്‍ ജില്ലയില്‍ സമാധാനത്തിന് ഭംഗമുണ്ടാക്കാന്‍ ശ്രമിക്കുന്നത് സി പി എമ്മല്ല. ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നത് ആര്‍ എസ് എസ്സ്, എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവരാണ്. ഇവരെക്കുറിച്ച് എന്തേ നോട്ടീസില്‍ ഒരക്ഷരം പരാമര്‍ശിച്ചില്ലയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

'ഇടതുപക്ഷത്തിന്റെ എത്രയോ പ്രവര്‍ത്തകര്‍ ഇവിടെ കൊല ചെയ്യപ്പെട്ടു? എത്ര ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു? പ്രതിഷേധ പരിപാടികളെന്ന് പറഞ്ഞു സിപിഐഎമ്മിന്റെ കൊടി പൊതുജനമധ്യത്തില്‍ വെച്ച് കത്തിച്ചില്ലേ? സാമൂഹ്യ മാധ്യങ്ങളില്‍ അത് പ്രചരിപ്പിച്ചില്ലേ? ഒരിക്കലെങ്കിലും അതിനെയൊക്കെ അപലപിച്ചോ? തെറ്റാണെന്ന് പറഞ്ഞോ? 2020 മുതല്‍ ഇന്നേ വരെ 9 സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. എത്ര കൊലപാതകങ്ങളെ നിങ്ങള്‍ അപലപിച്ചു?ഇതില്‍ 5 കൊലപാതകങ്ങള്‍ യുഡിഎഫ് തന്നെയാണ് ചെയ്തത്. കൊലപാതകികളെ സംരക്ഷിക്കാനല്ലേ തയാറായത്? കോളേജ് വിദ്യാര്‍ത്ഥിയായ ധീരജിനെ കൊലപ്പെടുത്തിയപ്പോള്‍ 'ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം' എന്ന് പറഞ്ഞതും പോരാ, ധീരജിന്റെ അനുഭവം ഉണ്ടാകും' എന്ന് ഭീഷണിപ്പെടുത്തിയത് ആരാണ്? ആ നേതാക്കള്‍ ഇപ്പോഴും നിങ്ങളെ നയിക്കുകയല്ലേ?'.
.

'നാല് കൊലപാതകങ്ങള്‍ ആര്‍ എസ് എസ് നടത്തിയപ്പോള്‍ നിങ്ങളൊന്നു മിണ്ടിയോ? നാടിന്റെ ഓര്‍മ്മകള്‍ അങ്ങനെയൊന്നും നശിച്ചു പോകുന്നതല്ല,മുഖ്യമന്ത്രി പറഞ്ഞു.ഇവിടെ സിപിഐഎമ്മിനെ വലിച്ചിഴച്ചത് തികഞ്ഞ രാഷ്ട്രീയ ദുഷ്ടലക്ഷ്യത്തോടെയാണ്. യുഡിഎഫും എസ് ഡി പിഐ, പോപ്പുലര്‍ ഫ്രണ്ട്, ആര്‍ എസ് എസ് പോലെയുള്ള സംഘടനകളും തമ്മിലുള്ള വോട്ട് കൈമാറ്റത്തെക്കുറിച്ചും രാഷ്ട്രീയ ധാരണകളെക്കുറിച്ചും ഒട്ടേറെ വെളിപ്പെടുത്തലുകള്‍ വന്ന ഘട്ടമാണിത്. അത് മറച്ചുവച്ച് തങ്ങള്‍ക്ക് കഴിഞ്ഞ കാലത്ത് വോട്ടുചെയ്ത ഇത്തരക്കാരെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇവിടെ പ്രമേയാവതാരകനില്‍ കണ്ടത്'.

'കണ്ണൂര്‍ ജില്ലയിലെ ബോംബ് രാഷ്ട്രീയത്തിന്റെ കഥ എന്താണ്? പന്തക്കപ്പാറയിലെ ബീഡി കമ്പനിയില്‍ ബോംബാക്രമണം നടത്തിയത് ആരായിരുന്നു? അന്ന് കൊളങ്ങരേത്ത് രാഘവന്‍ എന്ന ബീഡി തൊഴിലാളിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ തുടക്കമിട്ടതല്ലേ ബോംബാക്രമണങ്ങള്‍?.ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഡി സി സി ഓഫീസില്‍ മൂന്നു തരം ബോംബ് നിര്‍മ്മിക്കുന്നുവെന്ന് മാധ്യമങ്ങളെ അറിയിക്കുക മാത്രമല്ല, അത് പ്രദര്‍ശിപ്പിക്കുകയും അതിന്റെ ശക്തിയെക്കുറിച്ച് പറഞ്ഞവരുമല്ലേ നിങ്ങള്‍? കണ്ണൂര്‍ ഡി സി സി ഓഫീസില്‍ ബോംബ് പ്രദര്‍ശിപ്പിച്ചത് ആരെന്നത് സണ്ണി ജോസഫിനോട് ഞാന്‍ പറയേണ്ടതില്ലല്ലോ? ബോംബിന്റെ പൈതൃകം നിങ്ങളുടെ തലയില്‍ തന്നെയാണ്. ആ കോണ്‍ഗ്രസ് ഇന്ന് അവിശുദ്ധ കൂട്ടുകെട്ടുകളെക്കുറിച്ചുള്ള കഥകളില്‍ നിന്നും സ്വയം രക്ഷപ്പെടാന്‍ അടിസ്ഥാനരഹിതമായ കഥകള്‍ ചമയ്ക്കുന്നത് എത്രമാത്രം അപഹാസ്യമാണെന്ന് ആലോചിക്കുക'.
കേരളത്തില്‍ ക്രമസമാധാന നില ഭദ്രമായി പരിപാലിക്കപ്പെടുന്നു എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് നിങ്ങള്‍ അനുഭവിക്കുന്ന വിഷയദാരിദ്ര്യം.കേരളത്തില്‍ ക്രമസമാധാന നില ഭദ്രമാണ്. അത് തകര്‍ക്കാന്‍ ശ്രമിച്ചാല്‍ നിയമത്തിന്റെ ശക്തമായ കരങ്ങള്‍ ഉയര്‍ന്നുവരും,മുഖ്യമന്ത്രി പറഞ്ഞു












Click it and Unblock the Notifications