ബ്രഹ്‌മപുരം; അഗ്നിരക്ഷാസേനയെ അഭിനന്ദിച്ച് മുഖ്യമന്ത്രി,തുടർ പ്രവർത്തനങ്ങൾ വിദഗ്‌ധോപദേശം
ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സർവേ ചൊവ്വാഴ്ച ആരംഭിക്കും

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാൻറിൽ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാർഗ്ഗം ഉപയോഗിച്ചുള്ള അഗ്‌നിശമന പ്രവർത്തനം നടത്തിയ കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഡിപ്പാർട്ട്‌മെന്റിനേയും സേനാംഗങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.ഫയർഫോഴ്‌സിനൊപ്പം പ്രവർത്തിച്ച ഹോംഗാർഡ്‌സ്, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേകം അഭിനന്ദനം ആർഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്‌സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ബി.പി.സി.എൽ, സിയാൽ, പെട്രോനെറ്റ് എൽ.എൻ.ജി, ജെസിബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമരഹിതമായ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. തുടർ പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെ നടത്തുമെന്നും അവശ്യമായ വിദഗ്‌ധോപദേശം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദ്ധകാലടിസ്ഥാനത്തിൽ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്റർ
എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്റർ യുദ്ധകാലടിസ്ഥാനത്തിൽ പ്രവർത്തനസജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവർക്ക് മതിയായ വിദഗ്ദ ചികിത്സ ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ മെഡിസിൻ, പൾമണോളജി, ഓഫ്ത്താൽമോളജി, പിഡിയാട്രിക്, ഡെർമറ്റോളജി എന്നീ വിഭാഗം ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. എക്സ്റേ, അൾട്രാസൗണ്ട് സ്‌കാനിംഗ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങളും ലഭിക്കും. ഇതിനു പുറമെ, എല്ലാ അർബൻ ഹെൽത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകളും നാളെ മുതൽ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സർവേ ചൊവ്വാഴ്ച ആരംഭിക്കും. സർവേ നടത്തുന്നതിനായി 202 ആശ പ്രവർത്തകർക്ക് പരിശീലനം നൽകി. പൊതുജനരോഗ്യ വിദഗ്ധ ഡോ. സൈറു ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പരിശീലനം നൽകിയത്. ആരോഗ്യ പ്രവർത്തകർ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തും.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അഞ്ച് മൊബൈൽ യൂണിറ്റുകൾ ചൊവ്വാഴ്ച പ്രവർത്തനം തുടങ്ങും. രണ്ട് മൊബൈൽ യൂണിറ്റുകൾ തിങ്കളാഴ്ച പ്രവർത്തനം ആരംഭിച്ചിരുന്നു. ഈ മൊബൈൽ യൂണിറ്റുകളിലൂടെ 7 സ്ഥലങ്ങളിലായി 178 പേർക്ക് സേവനം നൽകി.












Click it and Unblock the Notifications