'ബ്രഹ്മപുരം മനുഷ്യ നിർമ്മിത ദുരന്തം': സർക്കാർ ഒന്നും ചെയ്തില്ല, സിബിഐ അന്വേഷണം വേണം: പ്രതിപക്ഷം
ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് വൈറ്റില കുന്നറ പാർക്കിൽ ജനങ്ങളെ പരിശോധിക്കുന്നത് ആരംഭിച്ചു.

തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടുത്തത്തില്‍ നിയമസഭയില്‍ സർക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. തീപ്പിടുത്തം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിർമ്മിതമാണെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം ഭരണകൂടത്തിൻ്റെ പിടിപ്പുകേടാണ് ഈ ദുരന്തത്തിന് കാരണമെന്നും ആരോപിച്ചു. പ്രതിപക്ഷത്തിന് വേണ്ടി അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ കോണ്‍ഗ്രസ് അംഗം ടിജെ വിനോദായിരുന്നു സർക്കാറിനെതിരെ ആഞ്ഞടിച്ചത്. സംഭവത്തിലെ കുറ്റക്കാരെ കണ്ടെത്താന്‍ സി ബി ഐ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. കൊവിഡ് കാലത്ത് മാസ്ക് ധരിച്ചിട്ടായിരുന്നെങ്കിലും പുറത്ത് ഇറങ്ങാമായിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ അതിന് പോലും കഴിയാത്ത അവസ്ഥയാണ്. ഇത് തികച്ചും സർക്കാറിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പിടിപ്പ് കേടാണെന്നും ടിജെ വിനോദ് എം എല്‍ എ അഭിപ്രായപ്പെട്ടു.

തീ പൂർണമായി അണച്ചെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. തീ പൂർണ്ണമായി അണഞ്ഞിട്ടില്ല. വിഷയത്തിൽ സർക്കാർ പൂർണ പരാജയമാണ്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് വെള്ളത്തിന് ക്യു നിൽക്കേണ്ട അവസ്ഥ വരെ വന്നു. പ്രതിഷേധം ഭയന്ന് വിഷയം ലഘൂകരിക്കാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹൈക്കോടതി ഇടപെട്ട ശേഷം മാത്രമാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
തീ കെടുത്തുന്നതിന് ആദ്യ രണ്ട് ദിവസം യാതൊരു വിധത്തിലുള്ള പ്രവർത്തനവും ഉണ്ടായില്ല. മന്ത്രി പറഞ്ഞതിൻ്റെ ഇരട്ടി ആളുകളാണ് വീടുകൾക്ക് ഉള്ളിൽ ബുദ്ധിമുട്ടുന്നത്. തീപിടിത്തം മൂലം കഴിഞ്ഞ 11 ദിവസമായി മാരക വിഷവാതകം അന്തരീക്ഷത്തിൽ പടരുന്നത് ജനങ്ങളിൽ അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയാണെന്നും ഇത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ തീയണച്ചുവെന്നും കൊച്ചിയിലെ വായു ഗുണനിലവാരം ഉയർന്നുവെന്നും ആരോഗ്യ മന്ത്രി സഭയെ അറിയിച്ചു.
അതേസമയം, ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് വൈറ്റില കുന്നറ പാർക്കിൽ ജനങ്ങളെ പരിശോധിക്കുന്നത് ആരംഭിച്ചു.
ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതിനൊപ്പം ആരോഗ്യ സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യേണ്ട രോഗികളെ സമയബന്ധിതമായി കണ്ടെത്തുന്നതിനും ഈ ക്ലിനിക് സഹായിക്കും.
ഫീല്‍ഡ് തലത്തില്‍ നിന്ന് ശേഖരിക്കുന്ന ആരോഗ്യ അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന പ്രദേശങ്ങളിലേക്കാണ് മൊബൈല്‍ ക്ലിനിക്കിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ക്ലിനിക്കില്‍ മെഡിക്കല്‍ ഓഫീസര്‍, നഴ്‌സിംഗ് ഓഫിസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരുണ്ടാകും. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷന്‍ സംവിധാനവും നെബുലൈസേഷന്‍ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതില്‍ ലഭ്യമാണ്. മിനി സ്പൈറോമീറ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ക്ലിനിക്കുകള്‍ മൊബൈല്‍ റിപ്പോര്‍ട്ടിങ് സെന്ററുകളായും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.












Click it and Unblock the Notifications