ഓൺലൈൻ വ്യാപാരത്തെ കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്ന ബജറ്റ്; ചെറുകിട വ്യാപാര മേഖല തകരും: രാജു അപ്സര
തിരുവനന്തപുരംഛ കേന്ദ്ര ബജറ്റിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ രാജു അപ്സര. ചെറുകിട വ്യാപാര മേഖലയെ പ്രതീക്ഷയുടെ പടുകുഴിയിലേക്ക് തള്ളിവിടുന്ന ബജറ്റാണ് ഇത്. ഈ മേഖലയിലെ 4 കോടി വരുന്ന സംരഭകരേയും 16 കോടിയിലേറെ തൊഴിലാളികളേയും ബജറ്റില്‍ പരിപൂർണ്ണമായി അവഗണിച്ചെന്നും അദ്ദേഹം വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
ജി എ സ്ടിയിലെ സങ്കീർണ്ണതകള്‍, ഉയർന്ന പലിശ നിരക്ക് എന്നിവയിലെല്ലാം ചെറുകിട വ്യാപാര മേഖല ഇളവ് പ്രതീക്ഷിച്ചു എന്നാല്‍ അതൊന്നും പരിഗണിക്കപ്പെട്ടില്ല. നിർബന്ധിത ജി എ സ്ടി രജിസ്ട്രേഷനുള്ള വിറ്റുവരവ് പരിധി നിലവിലെ 40 ലക്ഷത്തിൽനിന്ന് 75 ലക്ഷമായി ഉയർത്തിയാൽ ചെറുകിട വ്യാപാരികൾക്ക് വലിയ പ്രയോജനം ലഭിക്കുമായിരുന്നു. എന്നാല്‍ അത് സംബന്ധിച്ചും നിരാശയാണ് ഫലം.

ചെറുകിട വ്യാപാരികളെ സംരക്ഷിക്കാനും സർക്കാരിന് അധിക വരുമാനാം കണ്ടെത്താനും ഓൺലൈൻ - ഡിജിറ്റൽ വ്യാപാര മേഖലയിൽ നിന്ന് അധിക സെസ് ചുമത്തുവാനുള്ള നടപടികളും ഈ ബജറ്റിൽ ഉണ്ടാകുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഇതിന് നേർവിപരീതമായ പ്രഖ്യാപനമാണ് നിർമ്മലസീതാരാമന്‍ നടത്തിയത്. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ വക്താക്കാളായ കോർപ്പറേറ്റുകളെ കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്ന നടപടിയാണ് ഇപ്പോഴുണ്ടായത്.
വിദേശ കമ്പനികളുടെ കോർപ്പറേറ്റ് നികുതി കുറച്ചത് ബാധിക്കാന്‍ പോകുന്നത് രാജ്യത്തിന്റെ വ്യാപാര മേഖലയേയാണ്. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയിലുണ്ടായ ഇടിവ് ഇത് വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ സ്വർണത്തിന്‍റെയും വെള്ളിയുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ ആറ് ശതമാനമാക്കി കുറച്ചതിനെ സ്വാഗതം ചെയ്യുന്നു. ബജറ്റ് റിപ്പോർട്ട് വിശദമായി പരിശോധിച്ചതിന് ശേഷം സംഘടന യോഗം ചേരുകയും അടുത്ത നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേന്ദ്രസർക്കാറിന്റെ ബജറ്റ് പൂർണ്ണമായും നിരാശാജനകമാണെന്ന് ഷാഫി പറമ്പില്‍ എംപി അഭിപ്രായപ്പെട്ടു. കേരളം നേരിട്ടത് കടുത്ത അവഗണനായാണെന്നും ബിഹാറിനും ആന്ധ്രാപ്രദേശിനും വേണ്ടി മാത്രമുള്ള ബജറ്റായി കേന്ദ്ര ബജറ്റിനെ ചുരിട്ടിക്കെട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് അവതരണത്തിന് പിന്നാലെ വണ്‍ഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു വടകര എംപി.
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ കേന്ദ്ര സർക്കാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് എല്ലാവരും പറഞ്ഞിരുന്നു. സീറ്റുകളുടെ എണ്ണം അത്രത്തോളം കുറഞ്ഞു. എന്നാല്‍ ബജറ്റോടെയാണ് കേന്ദ്ര സർക്കാർ ആശുപത്രിയിലാണെന്നെല്ല വെന്റിലേറ്ററിലാണെന്ന് വ്യക്തമായതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications