ഉപതിരഞ്ഞെടുപ്പ്: വയനാട്ടിലും ചേലക്കരയിലും പോളിംഗ് പുരോഗമിക്കുന്നു, ബൂത്തുകളില്‍ തിരക്കൊഴിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും ഉച്ച വരെ ഭേദപ്പെട്ട പോളിംഗ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് രണ്ടിടത്തും 50 ശതമാനത്തിലേക്ക് കടക്കുകയാണ്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉച്ചയ്ക്ക് രണ്ടര വരെ 45.35 ശതമാനമാണ് പോളിംഗ്. ചേലക്കരയില്‍ രണ്ടര വരെ 50 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
വൈകീട്ട് ആറ് മണി വരെയാണ് പോളിംഗ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ രണ്ട് മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു ദൃശ്യമായത്. എന്നാല്‍ ഉച്ചയോട് അടുത്തപ്പോള്‍ തിരക്ക് കുറഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ബാക്കിയുള്ള വോട്ടര്‍മാരെ കൂടി ബൂത്തുകളില്‍ എത്തിക്കാനാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഏറനാടാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.

വയനാട്ടില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. രാഹുല്‍ ഗാന്ധി അമേഠിയില്‍ ജയിച്ചതോടെ വയനാട്ടിലെ സീറ്റില്‍ നിന്ന് രാജി വെച്ചിരുന്നു. ഇതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എല്‍ഡിഎഫിനായി സിപിഐയുടെ സത്യന്‍ മൊകേരിയും എന്‍ഡിഎയ്ക്കായി ബിജെപിയുടെ നവ്യ ഹരിദാസുമാണ് ജനവിധി തേടുന്നത്.
ചേലക്കര നിയമസഭാ മണ്ഡലത്തിലെ മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. അതിനിടെ മുള്ളൂര്‍ക്കരയില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് ബൂത്ത് കമ്മിറ്റി ഓഫീസിന് മുന്‍പിലെ കൊടിതോരണങ്ങളും ഫ്‌ളക്‌സും അഴിച്ചുമാറ്റിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. ബിജെപി പ്രവര്‍ത്തകന്റെ പരാതിയില്‍ ആണ് നടപടി എന്ന് യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
ആലത്തൂര്‍ എംപിയായി സിറ്റിംഗ് എംഎല്‍എ കെ രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. 28 വര്‍ഷമായി സിപിഎം ജയിച്ച് വരുന്ന മണ്ഡലമാണിത്. മുന്‍ എംഎല്‍എ യുആര്‍ പ്രദീപാണ് എല്‍ഡിഎഫിനായി ചേലക്കരയില്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് രമ്യ ഹരിദാസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും ബിജെപിയില്‍ നിന്ന് കെ ബാലകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും ജനവിധി തേടുന്നു.
ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപും ബിജെപി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. വയനാട്ടിലെ കല്‍പറ്റ, തിരുവമ്പാടി, മുക്കം തുടങ്ങിയ സ്ഥലങ്ങളിലെ പോളിങ് ബൂത്തുകള്‍ പ്രിയങ്ക ഗാന്ധി രാവിലെ തന്നെ സന്ദര്‍ശിച്ചു. സത്യന്‍ മൊകേരിയും നവ്യ ഹരിദാസും രാവിലെ മുതല്‍ ചൂരല്‍മല ഉള്‍പ്പെടെയുള്ള വിവിധ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തി.
അതേസമയം ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കണമെന്ന് സംവിധായകന്‍ ലാല്‍ ജോസ് അഭിപ്രായപ്പെട്ടു. ഇത് അധിക ചെലവാണ് എന്നും അദ്ദേഹം പറഞ്ഞു. മായന്നൂര്‍ വിഎല്‍പി സ്‌കൂളിലെ 97-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് പാലക്കാടും ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നതായിരുന്നെങ്കിലും കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് മാറ്റി വെക്കുകയായിരുന്നു.












Click it and Unblock the Notifications