ഉപതിരഞ്ഞെടുപ്പില്‍ 2 ജയം, കേരള അസംബ്ലി ഇലക്ഷന് ബിജെപി തയ്യാര്‍?
തിരുവനന്തപുരം: ആകെ സീറ്റ് 9. എല്‍ ഡി എഫ് 4, യു ഡി എഫ് 3, ബി ജെ പി 2. സംസ്ഥാനത്തെ ആറ് ജില്ലകളിലായി നടന്ന തദ്ദേശഭരണസ്ഥാപന വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലമാണിത്. ഇടതുമുന്നണിക്ക് മുന്‍തൂക്കം എന്ന് പറയാമെങ്കിലും ശരിക്കും നേട്ടമുണ്ടാക്കിയത് ബി ജെ പിയാണ്. ഒന്‍പതില്‍ രണ്ട് സീറ്റ് എന്നത് കേരളത്തിലെ ബി ജെ പിയുടെ ശക്തി വെച്ച് നോക്കുമ്പോള്‍ ചെറിയ കാര്യമല്ല.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നു എന്ന കാര്യം കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം. പാലക്കാടും കോഴിക്കോടുമാണ് ബി ജെ പിക്ക് ജയിക്കാനായത്. കോഴിക്കോട് ബാലുശ്ശേരി സൗത്ത് വാര്‍ഡിലാണ് ബി ജെ പി ജയിച്ചത്. സുമ വെള്ളച്ചാലന്‍കണ്ടിയായിരുന്നു ഇവിടെ ബി ജെ പി സ്ഥാനാര്‍ഥി. കോണ്‍ഗ്രസില്‍ നിന്നും ബി ജെ പി സീറ്റ് പിടിച്ചപ്പോള്‍ സി പി എം മൂന്നാം സ്ഥാനത്തേക്ക് പോയി. പാലക്കാട് പല്ലശ്ശന പഞ്ചായത്തിലെ ഒഴുവപ്പാറ വാര്‍ഡില്‍ ബി ജെപിയുടെ നിഷ പിയാണ് ജയിച്ചത്.

തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടുവാര്‍ഡുകളിലും എല്‍ ഡി എഫിന് ജയിക്കാന്‍ പറ്റി. വാഴോട്ടുകോണത്ത് റാണിവിക്രമനും ആയിക്കുടിയില്‍ ഷീല എസുമാണ് ജയിച്ചത്. കണ്ണൂര്‍ അഴീക്കോട് പഞ്ചായത്തിലെ അഴീക്കല്‍ കടപ്പുറം വാര്‍ഡില്‍ ടി അശോകനും കാസര്‍കോട്ടെ പീലിക്കോട് പഞ്ചായത്തിലെ കൊടക്കാട് വാര്‍ഡില്‍ മൈമൂനത്ത് എം ടി പിയും ജയിച്ചു. ഇവരെല്ലാവരും സി പി എമ്മിന്റെ സ്ഥാനാര്‍ഥികളാണ്.
കൊല്ലത്ത് കുലശേഖരപുരം പഞ്ചായത്തിലെ ആദിനാട് തെക്ക് വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ശിവാനന്ദന്‍ ജയിച്ചു. കോഴിക്കോട് കുഴല്‍മന്ദം പഞ്ചായത്തിലെ മന്ദം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ പ്രബീദ രാധാകൃഷ്ണനാണ് ജയിച്ചത്. മെയ് 16ന് അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പുള്ള സംസ്ഥാനത്തെ പ്രധാന ബലപരീക്ഷണമായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ നടന്നത്.












Click it and Unblock the Notifications