അവകാശവാദം ഉന്നയിച്ച് സി പി ജോൺ, വിട്ടുകൊടുക്കില്ലെന്ന് വി എസ് ശിവകുമാർ; തിരുവനന്തപുരം ‘തർക്കഭൂമി’യാകുമ്പോൾ
തിരുവനന്തപുരം മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനേയില്ലെന്ന് കോൺഗ്രസിലെ വി.എസ്. ശിവകുമാർ, തിരുവനന്തപുരത്ത് സി.പി.ജോണിനെ നിർത്തിയില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്ന് സി.എം.പിയിലെ ഒരു വിഭാഗം. ചുരുക്കിപ്പറഞ്ഞാൽ യു.ഡി.എഫിന്റെ 'തർക്കഭൂമി' ആയിരിക്കുകയാണ് തിരുവനന്തപുരം മണ്ഡലം.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യവും മുന്നണി രാഷ്ട്രീയവും തമ്മിൽ പോരടിക്കുമ്പോൾ ആർക്കൊപ്പം നിൽക്കണമെന്ന ആശങ്ക നേതൃത്വത്തിന് വിട്ടൊഴിഞ്ഞിട്ടില്ല. മുന്‍ ഡി.സി.സി പ്രസിഡന്റും മുന്‍മന്ത്രിയുമായ വി.എസ് ശിവകുമാറും സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോണും തിരുവനന്തപുരത്ത് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയതോടെയാണ് കോൺഗ്രസ് നേതൃത്വം വെട്ടിലായിരിക്കുന്നത്.
സി.പി. ജോണിനെ തിരുവമ്പാടി മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാനായിരുന്നു ആദ്യം മുന്നണിയിൽ ധാരണായായിരുന്നത്. എന്നാല്‍ പട്ടാമ്പിയും തിരുവമ്പാടിയും തമ്മിലുള്ള സീറ്റു വെച്ചുമാറ്റ ചര്‍ച്ചകള്‍ക്കിടെ ഈ നീക്കം തടസ്സപ്പെട്ടു. അതോടെയാണ് മുന്നണി സീറ്റ് വിഭജന ചര്‍ച്ചകളുടെ ഭാഗമായി തിരുവനന്തപുരത്ത് സി.പി.ജോൺ അവകാശവാദമുന്നയിക്കുന്നത്. അതേസമയം തന്നെ വീണ്ടും തിരുവനന്തപുരത്ത് മത്സരിക്കാനുള്ള താൽപര്യം ശിവകുമാറും നേതൃത്വത്തെ അറിയിച്ചു. തിരുവനന്തപുരം സീറ്റ് നിഷേധിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന അന്ത്യശാസനവും ശിവകുമാര്‍ മുഴക്കിയിട്ടുണ്ടെന്നാണ് വിവരം.

അതിനിടെ, തിരുവനന്തപുരം സി.എം.പിക്ക് നല്‍കുന്നതിനെ എതിര്‍ത്ത് ഏതാനും കെ.പി.സി.സി, ഡി.സി.സി നേതാക്കൾ രംഗത്തെത്തിയതും പ്രശ്നം സങ്കീർണമാക്കി. ജോണ്‍ മത്സരിച്ചാല്‍ തിരുവനന്തപുരം അടുത്ത നേമമായി മാറുമെന്ന മുന്നറിയിപ്പാണ് അവർ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്ന ഡി.സി.സി കോര്‍ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനവും കടുത്ത എതിര്‍പ്പുമാണ് ഉയര്‍ന്നത്. സി.എം.പി മത്സരിച്ചാല്‍ തിരുവനന്തപുരം മണ്ഡലത്തിൽ ബി.ജെ.പി വോട്ടുകള്‍ കൂടാന്‍ ഇടയാക്കുമെന്ന് വിലയിരുത്തിയ ഡി.സി.സി നേതൃത്വം എതിര്‍പ്പ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
മണ്ഡലത്തിലെ താഴേത്തട്ടിലും സമുദായിക ഗ്രൂപ്പുകളിലും സ്വാധീനമുള്ള ശിവകുമാറിനെ മത്സരിപ്പിക്കണമെന്നും അവർ വാദിക്കുന്നു. ശിവകുമാര്‍ രണ്ടു തവണ നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2021ല്‍ പരാജയപ്പെടുകയായിരുന്നു. ഒരു തവണ തിരുവനന്തപുരത്ത് നിന്നും ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. ഇരുപക്ഷവും തങ്ങളുടെ നിലപാടിൽ ഉറച്ചു നില്‍ക്കുന്നതിനാൽ, തെരഞ്ഞെടുപ്പില്‍ മറ്റു മണ്ഡലങ്ങളെ ബാധിക്കാത്ത തരത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതയാണ് കോണ്‍ഗ്രസ് നേതൃത്വം തേടുന്നത്.
സി.എം.പിക്ക് വിജയിക്കാവുന്ന രണ്ട് സീറ്റുകള്‍ നല്‍കുമെന്നും ജോണ്‍ അടുത്ത നിയമസഭയില്‍ എം.എല്‍.എയായി ഉണ്ടാകുമെന്നും വി.ഡി. സതീശന്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. യു.ഡി.എഫിന്റെ സെക്രട്ടറി കൂടിയായ ജോണിനെ നിയമസഭയിലെത്തിക്കണമെന്ന് സതീശനും കോണ്‍ഗ്രസും ആഗ്രഹിക്കുന്നുമുണ്ട്. സി.എം.പി സ്ഥാപക നേതാവ് എം.വി. രാഘവന്‍, അന്ന് തിരുവനന്തപുരം വെസ്റ്റ് ആയിരുന്ന മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. അത് ഉയർത്തിക്കാട്ടിയാണണ് തിരുവനന്തപുരം സീറ്റ് പാര്‍ട്ടിക്ക് വേണമെന്ന് സി.എം.പി രേഖാമൂലം ആവശ്യപ്പെട്ടത്.
'തങ്ങൾക്ക് അവകാശപ്പെട്ട മണ്ഡലമാണെന്നും സി.എം.പിക്ക് സീറ്റ് നിഷേധിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നുമാണ് ജോണിനോട് അടുപ്പമുള്ള പാർട്ടിവൃത്തങ്ങൾ പറയുന്നത്. തിരുവമ്പാടി കിട്ടാതായതോടെ, തിരുവനന്തപുരത്തിന് പുറമേ കുന്ദമംഗലം സീറ്റും സി.എം.പി ആവശ്യപ്പെട്ടിട്ടുണ്ട്.
പുതുയുഗ യാത്ര സമാപിച്ചതോടെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ സീറ്റിനായി പിടിവലി നടത്തുന്ന കോൺഗ്രസിലെയും ഘടകകക്ഷികളിലെയും മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ യു.ഡി.എഫിൽ സജീവമാണ്.












Click it and Unblock the Notifications