ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്ന് ആലഞ്ചേരി: അക്രമത്തില്‍ ബിജെപിയുടെ നിശബ്ദ പിന്തുണയെന്ന് ബാവ
കൊച്ചി: ക്രൈസ്തവരെ പാർട്ടിയിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ തലത്തില്‍ തന്നെ വലിയ പദ്ധതികളാണ് ബി ജെ പി നടത്തി വരുന്നത്. ഈസ്റ്റർ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈസ്റ്റർ ദിനത്തില്‍ ദില്ലിയിലെ ക്രൈസ്തവ ദേവാലയം സന്ദർശിക്കുമ്പോള്‍ കേരളത്തില്‍ ബി ജെ പി നേതാക്കള്‍ ക്രിസ്തുമത വിശ്വാസികളുടെ ഭവനങ്ങളില്‍ സന്ദർശനം നടത്തും. ഇതിനിടയില്‍ തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ട് കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി രംഗത്ത് വരുന്നത്.
മോദി വളരെ നല്ല നേതാവാണ്, ആരുമായും ഏറ്റുമുട്ടലിന് പോകാറില്ല എന്നൊക്കെയാണ് ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി വ്യക്തമാക്കിയത്. ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ല,ബിജെപിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതാനാകില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു.

അതേസമയം, കർദിനാള്‍ പറഞ്ഞതിനെ വളച്ചൊടിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട് സിറൊ മലബാർ സഭ വക്താവ് ഫാദർ ആന്‍റണി വടക്കേക്കര രംഗത്ത് വന്നു. ഇംഗ്ലീഷ് ദിനപത്രിത്തിലെ അഭിമുഖത്തിലെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് അദേഹം വ്യക്തമാക്കുന്നത്. സഭയ്ക്ക് ഈ രീതിയില്‍ നിലപാടില്ല.
ജനാധിപത്യ സംവിധാനത്തിൽ രാജ്യത്തെ ഭരണാധികാരിയെ ബഹുമാനിക്കുന്ന സമീപനമാണ് സഭയുടേത്. എന്നാല്‍ പത്രത്തിലെ തലക്കെട്ട് പല വ്യാഖ്യാനങ്ങള്‍ക്കും ഇട നല്‍കുന്നതാണ്. കർദ്ദിനാൾ പറഞ്ഞ ചില വാക്കുകൾ അടർത്തിയെടുത്താണ് രാഷ്ട്രീയപ്രേരിതമായി വാർത്ത നൽകിയത്. ഇതിലെ അതൃപ്തി പത്രത്തിനെ അറിയിച്ചിട്ടുണ്ടെന്നും സഭ വക്താവ് ഫാദർ ആന്‍റണി വടക്കേക്കര കൂട്ടിച്ചേർത്തു.
Vastu Tips:സാമ്പാദ്യം വർധിക്കണോ: വീട്ടില്‍ വരുത്തൂ ഈ ചെറിയ മാറ്റങ്ങള്‍
അതേസമയം, രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കാന്‍ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ രംഗത്ത് വന്നു. ക്രൈസ്തവർക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക്, ബി ജെ പിയുടെ നിശബ്ദ പിന്തുണയുണ്ടെന്ന് സഭകള്‍ സംശയിക്കുന്നുണ്ടെന്ന് അദ്ദേഹം തുറന്ന് പറയുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച് പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങള്‍ എന്നത് കൂടിയാണ് ശ്രദ്ധേയം. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ചർച്ചയായിട്ടില്ല. ക്രൈസതവർക്കെതിരായ അക്രമങ്ങളെ അപലപിക്കാന്‍ ബിജെപി തയ്യാറാകുന്നില്ല. ബിജെപിയുടെ പ്രീണന നയത്തെ സംശയിക്കുന്നതില്‍ കുറ്റം പറയാനാവില്ല. ക്രൈസ്തവർക്കെതിരായ അക്രമങ്ങളില്‍ നിന്ന് കേന്ദ്രം സംരക്ഷണം ഒരുക്കണമെന്നും ബാവ ആവശ്യപ്പെട്ടു.
സഭ തർക്കത്തില്‍ സംസ്ഥാന സർക്കാർ നടത്തുന്ന നിയമനിർമാണത്തിലെ ആശങ്കയും ബാവ അറിയിച്ചു. കേരളത്തില്‍ മതസൗഹാർദ്ദം നിലനിർത്താന്‍ കൂടുതല്‍ പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാര്‍ലമെന്‍റ് മന്ദിരത്തില്‍വച്ച് നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി വി.മുരളീധരനും ഒപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications