സനാതന ധർമ്മം അശ്ലീലമെന്ന് പറഞ്ഞ എംവി ഗോവിന്ദനെതിരെ കേസെടുക്കണം; കെ സുരേന്ദ്രൻ
തിരുവനന്തപുരം; സനാതന ധർമ്മം അശ്ലീലമാണെന്ന് പറഞ്ഞ സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോടിക്കണക്കിന് വരുന്ന ഹിന്ദുക്കളെയും ഭാരത സംസ്കാരത്തെയുമാണ് ഗോവിന്ദൻ അപമാനിച്ചത്. സനാതന ധർമ്മത്തിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഗോവിന്ദൻ്റെ പ്രസ്താവനയും ഒരേ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മത തീവ്രവാദികളെ സന്തോഷിപ്പിക്കലാണ് ഇത്തരം പ്രസ്താവനകൾ കൊണ്ട് സി പി എം ലക്ഷ്യമിടുന്നത്. ഇൻഡി മുന്നണി നേതാക്കൾ സനാതന ധർമ്മത്തെ ആക്രമിക്കുന്നത് തുടരുകയാണ്. നേരത്തെ ഡി എം കെയും പിന്നീട് ശക്തി സങ്കൽപ്പത്തെ അവഹേളിച്ച് രാഹുൽ ഗാന്ധിയും രംഗത്ത് വന്നിരുന്നു. ഇപ്പോൾ മറ്റൊരു സഖ്യകക്ഷിയായ സി പി എമ്മും അത് തുടരുകയാണ്. ഈ നാടിൻ്റെ സംസ്കാരം അശ്ലീലമാണെന്ന് ചിന്തിക്കുന്നത് കൊണ്ടാണ് ഈ നാട്ടുകാർ സി പി എമ്മിനെ ചവറ്റ് കൊട്ടയിലേക്ക് വലിച്ചെറിഞ്ഞത്. രാജ്യത്ത് ഉപ്പുവെച്ച കലം പോലെ ആയ സി പി എമ്മാണ് ഏറ്റവും വലിയ അശ്ലീലമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം സനാതന ധർമ്മം അശ്ലീലം എന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന അജ്ഞതയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും സിപിഎമ്മും സനാതന ധർമ്മത്തെ സംഘപരിവാറിന് വിട്ടു കൊടുക്കുകയാണ്. സനാതനധർമ്മമെന്നത് സംഘപരിവാറിന്‍റെ കീഴിൽ കൊണ്ട് കെട്ടാനുള്ള ഗൂഢ നീക്കമാണ്. സനാതന ധർമ്മം എന്നത് നമ്മുടെ പാരമ്പര്യമാണ്. പിന്നീട് വന്ന ചാതുർവരണ്യവും വർണവ്യവസ്ഥിതിയോടുമൊന്നും നമ്മുക്ക് യോജിക്കാൻ പറ്റില്ല. സനാതന ധർമ്മത്തിൽ പല തെറ്റായ കൂട്ടിച്ചേർക്കലും നടന്നു. എന്നിട്ട് തെറ്റിധരിപ്പിച്ചു. അതൊന്നും അംഗീകരിക്കില്ല. അതേസമയം സംഘപരിവാർ പറയുന്നതല്ല സനാതന മൂല്യം. യഥാർത്ഥ ചിന്തയിൽ നിന്നും വ്യത്യസ്തമാണത്. സനാതധർമ്മം ബി ജെ പിക്ക് കൊടുക്കേണ്ട കാര്യമില്ല.
ഏത് സമുദായത്തിന് വേണമെങ്കിലും ആ സമുദായത്തിന് വേണ്ട മാറ്റങ്ങൾ അതത് സമുദായത്തിനുള്ളിൽ ചർച ചെയ്യാം. ചന്ദനം തൊടുന്നവരും അമ്പലത്തിൽ പോകുന്നവരും ആർ എസ് എസ് ആണെന്ന് പറഞ്ഞാൽ ശരിയാകുമോ? ഞങ്ങൾ അതിന് സമ്മതിക്കില്ല', വിഡി സതീശൻ പറഞ്ഞു.












Click it and Unblock the Notifications