'സ്വബോധമില്ലാതെ പെരുമാറിയത് ജയരാജൻ,കേസെടുക്കണം';പ്രതിഷേധിച്ച് കോൺഗ്രസ്
കൊച്ചി; മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽ ഡി എഫ് കണ്‍വീനർ തള്ളിയിട്ട സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്. വിമാനത്തിനകത്ത് യാത്രക്കാരെ ആക്രമിച്ച എൽഡിഎഫ് കൺവീനർക്കെതിരെ കേസെടുക്കണമെന്ന് വിടി ബൽറാം ആവശ്യപ്പെട്ടു. വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാൻ ഇ പി ജയരാജനെ വെല്ലുവിളിക്കുകയാണെന്നായിരുന്നു ഷാഫിൽ പറമ്പിൽ പ്രതികരിച്ചത്. ജയരാജന് സ്വബോധം ഉണ്ടായിരുന്നോ എന്നാണ് പരിശോധിക്കേണ്ടതെന്നായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തലിന്റെ പ്രതികരണം. നേതാക്കളുടെ ഫേസ്ബുക്ക് കുറിപ്പുകൾ വായിക്കാം

വിടി ബൽറം- 'വിമാനത്തിനകത്ത് യാത്രക്കാരെ ആക്രമിച്ച എൽ ഡി എഫ് കൺവീനർക്കെതിരെ കേസെടുക്കണം. മുഖ്യമന്ത്രിയോട് പ്രതിഷേധിച്ച് സംസാരിച്ചവരെ ജയരാജൻ മുന്നോട്ടു കടന്നുവന്ന് ഏകപക്ഷീയമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ കാണുന്നത്. മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള യാതൊരുദ്ദേശ്യവും യൂത്ത് കോൺഗ്രസുകാരായ ആ ചെറുപ്പക്കാർക്ക് ഇല്ലായിരുന്നു എന്നത് വ്യക്തമാണ്. അതുകൊണ്ടായിരിക്കാം മുഖ്യമന്ത്രിയോടൊപ്പമുള്ള പേഴ്സണൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ വരെ ഇതിലൊന്നുമിടപെടാതെ അവരവരുടെ സീറ്റികളിൽത്തന്നെ ഇരുന്നത്. പിന്നെന്തിനാണ് മുഖ്യമന്ത്രിയുടെ ബോഡിഗാർഡ് ചമഞ്ഞ് ജയരാജൻ നേരിട്ട് ഗുണ്ടാപ്പണിക്ക് ഇറങ്ങിയത്? യാത്രക്കാരായ ചെറുപ്പക്കാരെ മദ്യപാനികളായി മുദ്രകുത്തുക കൂടി ചെയ്യുകയാണ് ജയരാജൻ! എവിടുന്ന് കിട്ടി ജയരാജന് ഇങ്ങനെയൊരു വിവരം? ലക്ഷണം കണ്ടിട്ട് സ്വബോധത്തിലല്ലാത്ത രീതിയിൽ പെരുമാറിയത് ജയരാജനാണ്. അതുകൊണ്ടുതന്നെ ആ ചെറുപ്പക്കാരോടൊപ്പം ജയരാജനേയും വൈദ്യ പരിശോധനക്ക് വിധേയനാക്കണം. സർക്കാർ ആശുപത്രികളിൽ വച്ച് തന്നെ വൈദ്യപരിശോധന നടത്തി ഇക്കാര്യത്തിൽ ഉടൻ സ്ഥിരീകരണമുണ്ടാക്കണം'.

ഷാഫി പറമ്പിൽ -'വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാൻ ഇ പി ജയരാജനെ വെല്ലുവിളിക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോയി അവരുടെ മെഡിക്കൽ പരിശോധന നടത്തട്ടെ.
വിമാനത്തിൽ മുദ്രാവാക്യം വിളിച്ചതിന് കേസുണ്ടെങ്കിൽ അവരെ അക്രമിച്ച ജയരാജനെതിരെയും കേസെടുക്കണം.
ഒരു മുഖ്യമന്ത്രിയുടെ നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചവരാണ് മുദ്രാവാക്യം വിളിച്ചവരെ ഭീകരവാദികളോട് ഉപമിക്കുന്നത്'.

രാഹുൽ മാങ്കൂട്ടത്തിൽ -'മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാൻ പാടില്ലെ?
മുദ്രാവാക്യം വിളിച്ചാൽ അവരെ എൽ ഡി എഫ് കൺവീനർ തന്നെ തല്ലുമോ? വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായും, ജനാധിപത്യപരമായും മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ തല്ലിയത് ഏതെങ്കിലും ലോക്കൽ സഖാവല്ല, എൽ ഡി എഫന്റെ കൺവീനറും സി പിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ പി ജയരാജനാണ്. കണ്ണൂരിലെ പഴയ ഗുണ്ടയിൽ നിന്നും ജയരാജൻ ഒട്ടും വളർന്നിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നത്. സമരക്കാരെ ഗുണ്ടായിസത്തിലൂടെ കൈകാര്യം ചെയ്യുക എന്ന സന്ദേശം അണികൾക്ക് പകർന്ന് നല്കാനാണ് ഈ അക്രമം. ജയരാജനെ രക്ത പരിശോധനയ്ക്ക് വിധേയനാക്കുകയും, സ്വബോധത്തിൽ തന്നെ ആയിരുന്നോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. കൂടാതെ ജയരാജനെതിരെ മാതൃകാപരമായ നടപടിയും സ്വീകരിക്കണം'.

തിങ്കളാഴ്ച കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രമധ്യേയാണ് വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധമുയര്‍ന്നത്. കറുത്ത വസ്ത്രമണിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു.സംഭവത്തിൽ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
'അനുശ്രീ ഇത് ശരിക്കും മാജിക്കൽ ലുക്ക് തന്നെ'; ഒരേ പൊളി ഫോട്ടോസ്...വൈറൽ












Click it and Unblock the Notifications