പഞ്ചാബിൽ ജാതി മത സമുദായങ്ങൾ നിർണായകമല്ല; നേതൃത്വത്തിനെതിരെ വീണ്ടും മനീഷ് തിവാരി
ദില്ലി; പഞ്ചാബ് കോൺഗ്രസിൽ അതൃപ്തി പുകയുന്നു. നേതൃത്വത്തിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാനത്ത് നിന്നുള്ള എംപി കൂടിയായ മനീഷ് തിവാരിപഞ്ചാബിൽ ജാതി മത സമുദായങ്ങൾക്ക് തിരഞ്ഞെടുപ്പിൽ വലിയ പ്രാധാന്യമില്ലെന്നിരിക്കെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ദളിത് നേതാവായ ചരൺ ജിത്ത് സിംഗ് ചന്നിയെ ഉയർത്തി കാട്ടിയതിന്റെ ലോജിക്ക് മനസിലാകുന്നില്ലെന്ന് തിവാരി പറഞ്ഞു. തന്നെ താരപ്രചാരകരുടെ പട്ടികയിൽ നിന്നും നേതൃത്വം ഒഴിവാക്കിയതിൽ യാതൊരു അത്ഭുതവും ഇല്ലെന്നും അദ്ദേഹം ന്യൂസ് 18 നോട് പ്രതികരിച്ചു.

പഞ്ചാബിൽ സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഇവിടെ ജനങ്ങൾ ജാതിയോ മതമോ നോക്കിയല്ല വോട്ട് ചെയ്യാറുള്ളത്. എന്റെ ലോക്സഭാ മണ്ഡലമായ ശ്രീ ആനന്ദ്പൂർ സാഹിബിൽ നിന്നുള്ള എംഎൽഎമാരിൽ ഒരാളാണ് ചന്നി. അദ്ദേഹത്തിന് മറ്റ് യോഗ്യതകളുമുണ്ട്,അതാണ് ഉയർത്തിക്കാട്ടേണ്ടത്, തിവാരി പറഞ്ഞു. തന്നെ താരപ്രചരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ അത് അത്ഭുദപ്പെടുത്തിയേനെ. മുൻ മുഖ്യമന്ത്രി കൂടിയായ അമരീന്ദർ സിംഗുമായി അടുത്ത ബന്ധം പുലർത്തിയ നേതാവായിരുന്നു ഞാൻ. ഒരു പദവിയും വഹിക്കുന്നില്ലെന്ന് കരുതി ഞാൻ ആരേയും ഉപേക്ഷിക്കില്ല, മനീഷ് തിവാരി പറഞ്ഞു.
അതേസമയം പി സി സി അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദുവിനെ നിയമിച്ചതിനെതിരേയും മനീഷ് പ്രതികരിച്ചു. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച് ഉയർന്ന് വന്നവരെ പരിഗണിക്കണമെന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് ഞാൻ. ഞങ്ങളിൽ പലരും താഴെ തട്ടിൽ നിന്നും ഉയർന്ന് വന്നവരാണ്. മറ്റ് പാർട്ടികളിൽ നിന്ന് വന്നവരുടെ യോഗ്യതയെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല,തിവാരി പറഞ്ഞു.
പാര്‍ട്ടി നേതൃത്വത്തില്‍ സമൂല അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ജി 23 കൂട്ടായ്മയിൽ ഉള്ള നേതാവാണ് മനീഷ് തിവാരി. ഈ സംഭവം മുന്‍നിര്‍ത്തിയാണ് താരപ്രചാരകരുടെ പട്ടികയില്‍ നിന്നും മനീഷ് തിവാരിയെ ഒഴിവാക്കിയതെന്നാണ് വിലയിരുത്തലുകൾ. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി എത്തിയപ്പോൾ റാലിയിൽ നിന്ന് അദ്ദേഹം വിട്ട് നിന്നിരുന്നു. മനീഷ് തിവാരി , രവ്‌നീത് സിംഗ് ബിട്ടു, ജസ്ബിര്‍ സിങ് ഗില്‍, മുഹമ്മദ് സാദിഖ്, പ്രണീത് കൗര്‍ എന്നിവരാണ് പരിപാടിയില്‍ നിന്നാണ് വിട്ടുനിന്നത്. നേരത്തേ അമരീന്ദറുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മനീഷ് തിവാരി അദ്ദേഹം പാർട്ടി വിട്ടതോടെ കോൺഗ്രസ് വിട്ടേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
പഞ്ചാബിൽ കോൺഗ്രസ് വീഴുമോ?
2017 ൽ 77 സീറ്റ് നേടിയായിരുന്നു കോൺഗ്രസ് സംസ്ഥാന ഭരണം പിടിച്ചത്. ഇത്തവണയും ഭരണ തുടർച്ച പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആഭ്യന്തര കലഹം കോൺഗ്രസിന് വലിയ തലവേദനയാണ് തീർക്കുന്നത്. സംസ്ഥാനത്തെ ദളിത് വോട്ടുകൾ ലക്ഷ്യം വെച്ച് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചരൺ ജിത്ത് സിംഗ് ചന്നിയെ പ്രഖ്യാപിച്ചതിൽ മുതിർന്ന നേതാക്കൾക്കുൾപ്പെടെ അതൃപ്തിയുണ്ട്. പഞ്ചാബിൽ പരമ്പരാഗതമായി ജാട്ട് സിഖ് സമുദായാംഗങ്ങളെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് പാർട്ടികൾ തിരഞ്ഞെടുക്കാറുള്ളത്. ഇതാദ്യമായാണ് ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത്. സംസ്ഥാനത്തെ 30 ശതമാനത്തോളം വരുന്ന ദളിത് വിഭാഗത്തെ ലക്ഷ്യം വെച്ചാണ് നീക്കം. എന്നാൽ ഇത് ജാട്ട് സമുദായ വോട്ടുകൾ കോൺഗ്രസിൽ നിന്നും അകലാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Recommended Video
അതേസമയം സംസ്ഥാനത്ത് ഇക്കുറി ആം ആദ്മി അധികാരത്തിലേറുമെന്നാണ് അഭിപ്രായ സർവ്വേകൾ പ്രവചിക്കുന്നത്. 2017 ൽ പഞ്ചാബിൽ കന്നി പോരാട്ടത്തിനിറങ്ങിയ ആം ആദ്മിക്ക് 20 സീറ്റുകൾ അന്ന് നേടാൻ സാധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി എം എൽ എമാർ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിൽ ചേർന്നിരുന്നു.












Click it and Unblock the Notifications