അഫ്ഗാന്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസർക്കാറിന് വീഴ്‌ച സംഭവിച്ചു: സിപിഎം
തിരുവനന്തപുരം: അഫ്‌ഗാനിസ്ഥാൻ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാറിന് വീഴ്‌ച സംഭവിച്ചെന്ന വിമര്‍ശനവുമായി സിപിഎം നേതൃത്വം. താലിബാന്‍ കീഴടക്കിയ രാജ്യത്ത് നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ കേന്ദ്ര സര്‍ക്കാറിന്‍റെ അനാവശ്യ കാലതാമസമുണ്ടായി. ഇന്ത്യയുടെ പുതിയ സഖ്യകക്ഷിയായ അമേരിക്ക അഫ്‌ഗാന്‍ പിന്മാറ്റത്തെക്കുറിച്ച് എന്തെങ്കിലും വിവരം മുൻകൂട്ടി നൽകിയിരുന്നോവെന്നും സിപിഎം ചോദിക്കുന്നു.
അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസ് സേനയെ പൂർണമായി പിൻവലിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽത്തന്നെ ജോ ബൈഡൻ പറഞ്ഞിരുന്നു. അധികാരമേറ്റശേഷം ബൈഡൻ സേനാപിന്മാറ്റം വേഗത്തിലാക്കി. സെപ്‌തംബർ 11 വരെ സമയം നൽകിയെങ്കിലും 31ന് പിന്മാറ്റം പൂർത്തിയാക്കുമെന്നാണ് അമേരിക്കൻ പ്രഖ്യാപനം. ഇക്കാര്യം നേരത്തേ ഇന്ത്യയെ അറിയിച്ചിരുന്നോയെന്നാണ് സിപിഎം നേതൃത്വം കേന്ദ്ര സര്‍ക്കാറിനോട് ആവര്‍ത്തിച്ച് ചോദിക്കുന്നത്.

രക്ഷാദൗത്യത്തിന് ശേഷിക്കുന്നത് ഇനി ദിവസങ്ങള്‍ മാത്രം. അഞ്ഞൂറോളം പേരെ ഇതിനോടകം രക്ഷിച്ചെന്നാണ് കണക്ക്. കാബൂളിലെ ഇന്ത്യൻ എംബസിയും ഇതര പ്രദേശങ്ങളിലെ നാല് കോൺസുലേറ്റും പ്രവർത്തനം നിർത്തി. വിമാനത്താവളത്തിലെത്തുന്നവരെമാത്രം സഹായിക്കാൻ കുറച്ചുപേർ പ്രവർത്തിക്കുന്നു. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള പദ്ധതി എന്താണ്. പൊതു-സ്വകാര്യ മേഖലകളിലെ ഇന്ത്യയുടെ 500ൽപരം പദ്ധതി അഫ്‌ഗാനിലുണ്ട്. ഇവയുടെ ഭാവി എന്താകും? താലിബാനുമായി അമേരിക്ക രഹസ്യധാരണയിലാണ്. റഷ്യയും ഇറാഖും താലിബാനെ അംഗീകരിക്കുന്നു. ഇന്ത്യ പൂർണമായി ഒറ്റപ്പെട്ടു. ഇന്ത്യയുടെ തന്ത്രം എന്താണെന്ന് ഇനിയെങ്കിലും വ്യക്തമാക്കണമെന്നും സിപിഎം പ്രസ്താവനയിലൂടെ എന്ന് ആവശ്യപ്പെട്ടു.
താലിബാൻ അഫ്‌ഘാനിസ്ഥാൻ കൈയടക്കുംമുമ്പ് ഇന്ത്യക്കാരെ അവിടെനിന്ന് രക്ഷിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ മുൻകൂട്ടി പദ്ധതി തയ്യാറാക്കണമായിരുന്നു. പല രാജ്യങ്ങളും അടുത്ത പത്തു ദിവസത്തിനുള്ളിൽ എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി മനസ്സിലാക്കി പൗരൻമാരെ രക്ഷിച്ചുകൊണ്ടുപോയിരുന്നു. താലിബാൻ പിടിച്ചടക്കിയതോടെ അഫ്‌ഘാൻ വ്യോമമേഖലയിൽ യാത്ര സാധ്യമല്ലാതായി. അവിടത്തെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നായിരുന്നു രണ്ട് ദിവസം മുന്‍പ് സീതാറാം യച്ചൂരി ആവശ്യപ്പെട്ടത്.
അതേസമയം, അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. 150ല്‍ കൂടുതല്‍ പേര്‍ക്ക് ചാവേറാക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ആഗോള ഭീകര സംഘടനയുടെ അഫ്ഗാനിസ്ഥാനിലെ അനുബന്ധ സംഘടനയാണ് ഐസിസ് കെ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.












Click it and Unblock the Notifications