കാർഷിക നിയമങ്ങൾ പിൻവലിക്കൽ; ബില്ലിന് അംഗീകാരം ഇന്ന്...താങ്ങുവിലയിൽ അനുകൂല തീരുമാനവുമുണ്ടായേക്കും
ദില്ലി; കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നൽകിയേക്കും. തിങ്കളാഴ്ച്ച ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ 3 നിയമങ്ങളും റദ്ദാക്കാനുള്ള ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനാണ് നീക്കം. രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ നിയമങ്ങൾ റദ്ദാക്കും.

കഴിഞ്ഞ ദിവസമായിരുന്നു നിയമം റദ്ദ് ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എന്നാൽ നിയമങ്ങൾ പിൻവലിക്കാനുളള സാങ്കേതിക നടപടികൾ പൂർത്തിയാക്കി പാർലമെന്റിന്റെ അംഗീകാരം നേടിയെടുക്കാതെ സമരങ്ങൾ അവസാനിപ്പിക്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു.മാത്രമല്ല കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നിയമം മൂലം ഉറപ്പുവരുത്തുക, വൈദ്യുതി ഭേദഗതി നിയമം പിന്‍വലിക്കുക ഉൾപ്പെടെയുള്ള ആറ് ആവശ്യങ്ങളിൽ സർക്കാർ തങ്ങളുമായി ചർച്ച തുടങ്ങുന്നതുവരെ സമരം തുടരുമെന്നും സംഘടനകൾ വ്യക്തമാക്കിയിരുന്നു. ലഘിംപൂര്‍ ഖേരി സംഭവത്തില്‍ സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും കർഷകർ ആവശ്യപ്പെട്ടിരുന്നു.
ശൈത്യകാല സമ്മേളനത്തിനായി പാര്‍ലമെന്റ് സമ്മേളിക്കുന്ന ഈ മാസം 29ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ നിന്ന് പിന്നോട്ടില്ലെന്നും കർഷകർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് കേന്ദ്രസർക്കാർ നടപടികൾ വേഗത്തിലാക്കുന്നത്. അതേസമയം സർക്കാർ നിലപാട് കൂടി പരിഗണിച്ച് റാലി സംബന്ധിച്ച അന്തിമ തീരുമാനം 27-ലെ യോഗത്തിന് ശേഷമായിരിക്കും എടുക്കുകയെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നിലവില്‍ നിശ്ചയിച്ചിട്ടുള്ള 27-ാം തീയതി വരെയുള്ള സമരപരിപാടികള്‍ അതനുസരിച്ചുതന്നെ നടക്കുമെന്നും സംഘടനകൾ അറിയിച്ചിരുന്നു.കഴിഞ്ഞ ദിവസം യുപിയിൽ മഹാപഞ്ചായത്ത് വിളിച്ച് ചേർക്കുകയും ചെയ്തിരുന്നു.
അതേസമയം കര്‍ഷകരുടെ രോഷം അവസാനിക്കാൻ താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കും. ഇത് സംബന്ധിച്ചുള്ള കൂടിയാലോചനകൾ പുരോഗമിക്കുകയാണ്. നിയമപരമായ ഉത്തരവായോ സംസ്ഥാനങ്ങൾക്കുള്ള മാർഗനിർദ്ദേശമായോ താങ്ങുവിലയിൽ തീരുമാനം എടുത്തേക്കുമെന്നാണ് റിപ്പോർട്ട്.
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിലാണ് നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതരായത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും കര്‍ഷകര്‍ ബിജെപിക്കെതിരായ നിലപാട് കടുപ്പിച്ചിരുന്നു.മാത്രമല്ല ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലും ബി ജെ പി ശക്തമായ തിരിച്ചടി നേരിട്ടിരുന്നു. ഇതോടെയാണ് നിയമം പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യത്തിന് മുൻപിൽ കേന്ദ്രത്തിന് മുട്ട് മടക്കേണ്ടി വന്നത്.












Click it and Unblock the Notifications