പോലീസിനെതിര ചന്ദ്രിക; ലീഗിന് സുധീരന്റെ പിന്തുണ
കോഴിക്കോട്: മുന്നണിയിലെ അസ്വാരസ്യങ്ങള്‍ പ്രകടമാക്കി മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ മുഖപ്രസംഗം. ഹൈക്കോടതി പരാമര്‍ശത്തില്‍ പിടിച്ച് ചന്ദ്രിക എഴുതിയ മുഖപ്രസംഗം വായിച്ച് കോണ്‍ഗ്രസിനുള്ളില്‍ തന്നെ ആക്രമണ - പ്രത്യാക്രമണങ്ങള്‍ തുടങ്ങി. മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂരും വി എന്‍ സുധീരനുമാണ് വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തുവന്നത്.
മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരില്‍ വെച്ച് നടന്ന ആക്രമണത്തിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയാത്തതാണ് ചന്ദ്രികയെ ചൊടിപ്പിച്ചത്. ഇത് ഭരണത്തിലുള്ള വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്നതാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഈ കേസിന്റെ അന്വേഷണത്തില്‍ ഹൈക്കോടതിയും കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

സ്വതന്ത്രമായ അന്വേഷണത്തെ ഭയപ്പെടുന്നരാണ് എതിര്‍പ്പുമായി രംഗത്തുവരുന്നത് എന്നായിരുന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇതിനോട് പ്രതികരിച്ചത്. അന്വേഷണം നടക്കുന്നതുകൊണ്ടാണ് ആളുകള്‍ വിമര്‍ശിക്കുന്നത്. സരിതയുടെ വീഡിയോ കൈയിലുള്ളവര്‍ പുറത്തുവിടട്ടെ. അല്ലാതെ വെറുതെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല. ചന്ദ്രികയുടെ വിമര്‍ശനം കാര്യമായി എടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസനും പ്രതികരിച്ചു.
എന്നാല്‍ ലീഗിന്റെ അഭിപ്രായം അര്‍ഹിക്കുന്ന പരിഗണനയോടെ കാണണമെന്നാണ് മറ്റൊരു സീനിയര്‍ നേതാവായ വി എം സുധീരന്റെ അഭിപ്രായം. ലീഗ് എന്നല്ല, മുന്നണിയിലെ എല്ലാ പാര്‍ട്ടിക്കാരുടെ അഭിപ്രായവും ഗൗരവമായി എടുക്കണം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കുകള്‍ ചിലപ്പോള്‍ നടപടി എടുക്കുന്നതിന് തടസ്സമാകാറുണ്ട് എന്നും വി എം സുധീരന്‍ പറഞ്ഞു.












Click it and Unblock the Notifications