രമ്യയുടെ പക്കല്‍ 21 ലക്ഷത്തിന്റെ ഇന്നോവ; പ്രദീപിന്റേയും ബാലകൃഷ്ണന്റേയും സ്വത്തുവിവരങ്ങള്‍ ഇങ്ങനെ
തൃശൂര്‍: ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ മൂന്ന് പ്രധാന സ്ഥാനാര്‍ത്ഥികളുടേയും സ്വത്ത് വിവരങ്ങള്‍ പുറത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എയായിരുന്ന കെ രാധാകൃഷ്ണന്‍ ആലത്തൂര്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കരയില്‍ ഉപതിരഞ്ഞൈടുപ്പിന് കളമൊരുങ്ങിയത്. മൂന്ന് പതിറ്റാണ്ടായി ഇടതിനൊപ്പം ഉറച്ച് നില്‍ക്കുന്ന മണ്ഡലമാണ് ചേലക്കര.
ഇത്തവണ എല്‍ഡിഎഫിനായി മുന്‍ എംഎല്‍എ യുആര്‍ പ്രദീപാണ് മത്സരിക്കുന്നത്. സിപിഎം നേതാവായ പ്രദീപ് 2016 ല്‍ ചേലക്കരയില്‍ നിന്ന് മത്സരിച്ച് ജയിച്ചയാളാണ്. യുഡിഎഫിനായി കോണ്‍ഗ്രസ് നേതാവും മുന്‍ ആലത്തൂര്‍ എംപിയുമായ രമ്യ ഹരിദാസാണ് മത്സരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബിജെപി നേതാവ് കെ ബാലകൃഷ്ണനാണ്. കഴിഞ്ഞ ദിവസമാണ് മൂവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

നാമനിര്‍ദേശ പത്രികയില്‍ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങളും സത്യവാങ്മൂലമായി നല്‍കണം എന്നാണ് തിരഞ്ഞെടുപ്പ് ചട്ടം. ഇത് പ്രകാരം യുആര്‍ പ്രദീപ് തന്റെ കൈവശം 11000 രൂപയുണ്ട് എന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് കൂടാതെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ പുല്ലൂര്‍ ശാഖയില്‍ 27,553 രൂപയുടെ നിക്ഷേപമുണ്ട്. ദേശമംഗലം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ 81,217 രൂപയുടെ നിക്ഷേപവും പ്രദീപിനുണ്ട്.
പ്രദീപിന്റെയും ഭാര്യയുടെയും കൈവശം ഒമ്പത് ഗ്രാം സ്വര്‍ണാഭരണങ്ങളാണ് ഉള്ളത്. ഇത് കൂടാതെ ദേശമംഗലം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് കാര്‍ഷിക വായ്പ എടുത്തതില്‍ അമ്പതിനായിരം രൂപ തിരിച്ചടക്കാന്‍ ഉണ്ട്. തന്റേയും കുടുംബത്തിന്റേയും ആകെ സമ്പാദ്യം 1,35,250 രൂപയാണെന്നും നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ് തന്റെ കൈവശം 15000 രൂപയുണ്ട് എന്നാണ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 21 ലക്ഷം രൂപ വിലവരുന്ന ഇന്നോവ ക്രിസ്റ്റ സ്വന്തമായുണ്ട് എന്നും രമ്യ ഹരിദാസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ 25,000 രൂപ മൂല്യമുള്ള നാല് ഗ്രാം സ്വര്‍ണവും രമ്യയുടെ കൈയിലുണ്ട്.
രണ്ട് ബാങ്കുകളിലായി 2,37,981 രൂപയുടെ ബാധ്യതയാണ് ഉള്ളത് എന്നും രമ്യ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണന്‍ തന്റെ കൈവശം 5000 രൂപയാണ് പണമായി ഉള്ളത് എന്നാണ് പറഞ്ഞിരിക്കുന്നത്. ആകെ 2,82,808 രൂപ മൂല്യമുള്ള സമ്പാദ്യമുണ്ട്. ഭാര്യയുടെയും തന്റെയും പേരില്‍ 30 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ ഉണ്ട് എന്നും 3,40,028 രൂപയുടെ ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ ബാലകൃഷ്ണന്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications