സ്ഥലപരിമിതിയുണ്ട്... എങ്കിലും ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റില്ല; വ്യക്തമാക്കി ചീഫ് ജസ്റ്റിസ്
കൊച്ചി: ഹൈക്കോടതി കെട്ടിടം കൊച്ചിയില്‍ നിന്ന് കളമശ്ശേരിയിലേക്ക് മാറ്റും എന്ന വാര്‍ത്തകള്‍ നിഷേധിച്ച് ചീഫ് ജസ്റ്റിസ്. ഹൈക്കോടതി കെട്ടിടം മാറ്റാന്‍ തീരുമാനിച്ചിട്ടില്ല എന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ വ്യക്തമാക്കി. അതേസമയം നിലവിലെ ഹൈക്കോടതി സമുച്ചയത്തിലെ സ്ഥല പരിമിതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഹൈക്കോടതി കെട്ടിടം കളമശ്ശേരിയിലേക്ക് മാറ്റാന്‍ ആലോചനയുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അഭിഭാഷക അസോസിയേഷന് രജിസ്ട്രാര്‍ നല്‍കിയ കത്തില്‍ പറയുന്നത് അനുസരിച്ച് ഹൈക്കോടതി കെട്ടിടം നിലവില്‍ നില്‍ക്കുന്ന സ്ഥലത്ത് തന്നെ തുടരും.

അതേസമയം കോടതിയുടെ വികസനത്തിന് അധിക ഭൂമി അനുവദിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതിയുടെ പ്രവര്‍ത്തനം മുഴുവനായി കളമശ്ശേരിയിലേക്ക് മാറ്റാന്‍ തീരുമാനമില്ല എന്നും രജിസ്ട്രാര്‍ നല്‍കിയ കത്തില്‍ പറയുന്നു. നിലവില്‍ മംഗളവനത്തിന് സമീപം കൊച്ചിയുടെ നഗരഹൃദയത്തിലാണ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്. അഭിഭാഷകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്‍പ്പടെ ഇവിടെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

ഇവിടം പരിസ്ഥിതി ലോല മേഖല ആയതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രയാസമുണ്ട്. ഇത് പരിഗണിച്ചാണ് ഹൈക്കോടതി സമുച്ചയം മാറ്റണം എന്ന ആവശ്യം ഉയര്‍ന്നത്. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ എച്ച് എം ടി ഉടമസ്ഥതയിലുള്ള 27 ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇത് കഴിഞ്ഞ ദിവസം ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, നിയമ സെക്രട്ടറി വി ഹരി നായര്‍, ജില്ലാ കളക്ടര്‍ രേണു രാജ്, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്ണകുമാര്‍ എന്നിവര്‍ നേരിട്ട് എത്തി പരിശോധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഹൈക്കോടതി കെട്ടിട മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കോടതി ഭരണ സമിതിയുടേതാകും എന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കളമശ്ശേരിയില്‍ കണ്ടെത്തിയ സ്ഥലത്ത് കോടതി വികസനത്തിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളേണ്ടത് എന്നും ഹൈക്കാടതി ഭരണ സമിതിയായിരിക്കും തീരുമാനിക്കുക.

അതേസമയം ഹൈക്കോടതി സമുച്ചയം കളമശ്ശേരിയിലേക്ക് മാറും എന്ന പ്രതീക്ഷയിലായിരുന്നു കോര്‍പ്പറേഷന്‍. ഹൈക്കോടതി ആസ്ഥാനം കളമശ്ശേരിയിലേക്ക് മാറ്റിയാല്‍ കൊച്ചിക്ക് തുല്യമായ നഗരപ്രദേശമായി കളമശ്ശേരി മാറും എന്നതാണ് കോര്‍പ്പറേഷന്‍ ലക്ഷ്യം വെക്കുന്നത്. 66 ശതമാനം ഗ്രീന്‍ സോണ്‍ ആണ് കളമശ്ശേരി നഗരസഭ.












Click it and Unblock the Notifications