സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള 15,000 സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ ആരംഭിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തെ നോജഡ്ജ് ഇക്കണോമി ആക്കുന്നതിന്റെ ഭാഗമായും തൊഴിലവസരം ഒരുക്കുന്നതിനും എമര്‍ജിംഗ് സാങ്കേതിക വിദ്യാകള്‍ അടിസ്ഥാനമാക്കിയുള്ള 15000 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവളത്ത് ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിലൂടെ കേരളം രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ടെക്‌നോളജി സംസ്ഥാനമായി മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പുതിയ ടെക്‌നോളജി അധിഷ്ഠിത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള ഐ ടി, ഐ ടി അനുബന്ധ ചുവടുവയ്പ്പുകളാണ് ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരങ്ങളൊരുക്കിയാണ് ഹഡില്‍ ഗ്ലോബല്‍ ദ്വിദിന സംഗമം കോവളത്ത് സംഘടിപ്പിക്കുന്നത്. ആഗോളതലത്തിലെ നൂറിലധികം നിക്ഷേപകര്‍ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നും നാളെയുമായി കോവളത്ത് ഹോട്ടല്‍ ലീല റാവിസില്‍ നടക്കുന്ന സംഗമത്തില്‍ 70 സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്ന പ്രദര്‍ശനം ആകര്‍ഷകമാണ്.
സ്റ്റാര്‍ട്ടപ്പ് മിഷനെ ടൂറിസം വകുപ്പുമായി ബന്ധിപ്പിച്ച് സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ച ത്വരിതഗതിയില്‍ ആക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കെ-ഫോണ്‍ മുഖേനയായിരിക്കും ടൂറിസം വകുപ്പിനേയും സ്റ്റാര്‍ട്ടപ്പ് മിഷനേയും ബന്ധിപ്പിക്കുക. ഇതുവഴി സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രവര്‍ത്തനം എത്തിപ്പെടുകയും യുവജനങ്ങള്‍ക്കും സംരംഭകര്‍ക്കും പ്രയോജനം ലഭിക്കുകയും ചെയ്യും. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് രംഗത്തെ മുന്‍നിര സംസ്ഥാനങ്ങളിലൊന്നായ കേരളത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ മുമ്പെങ്ങുമില്ലാത്തവിധമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നൈപുണ്യ വികസനത്തിലും സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം മാത്രം ഒരു ലക്ഷത്തോളം സംരംഭങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് പുതിയ എമര്‍ജിംഗ് ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ഹബ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ ലോകത്തിന് തന്നെ മാതൃകയായ കേരളം വൈജ്ഞാനിക സമ്പദ്വ്യവസ്ഥ രംഗത്ത് കൂടി ആ നേട്ടം സൃഷ്ടിക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. ആ രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദ്വിദിന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മുഖ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഐ.ടി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, ജിടെക് ചെയര്‍മാന്‍ വി കെ മാത്യൂസ്, സിസ്‌കോ ലോഞ്ച്പാഡ് മേധാവി ശ്രുതി കണ്ണന്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ യംഗ് ഇന്നൊവേഷന്‍ പ്രോഗ്രാമിന്റെ (വൈ. ഐ.പി) ആപ്പ് മുഖ്യമന്ത്രി പുറത്തിറക്കി. ജന്‍ റോബോട്ടിക്സ് കമ്പനി സി.ഇ.ഒ വിമല്‍ ഗോവിന്ദ് മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു
അതേസമയം, മൂവായിരത്തോളം പേര്‍ പങ്കെടുക്കുന്ന സംഗമത്തില്‍ ആയിരത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഭാഗഭാക്കാകും. വിദേശങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ മുന്‍നിരയിലുള്ളവര്‍, ഗവേഷകര്‍, മെന്റര്‍മാര്‍ തുടങ്ങിയവരെല്ലാം പങ്കെടുക്കുന്നപരിപാടി കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുത്തന്‍ അറിവുകളും ആശയങ്ങളും മുന്നോട്ടു പോകാന്‍ നിക്ഷേപങ്ങളുള്‍പ്പെടെയുള്ള സാധ്യതകളും സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കേരളത്തിന്റെ സാമ്പത്തികമായ വളര്‍ച്ചയ്ക്കും ജ്ഞാനസമ്പദ് വ്യവസ്ഥയിലേക്കുള്ള മുന്നേറ്റത്തിനും സ്റ്റാര്‍ട്ടപ്പ് മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കേണ്ടത് അനിവാര്യമാണ്. ആ ദിശയില്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ സാധിക്കുന്ന പരിപാടിയാണ് ഹഡില്‍. ക്രിയാത്മകമായ പങ്കാളിത്തം ഉറപ്പു വരുത്തി ആ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ പരിപാടിയില്‍ പങ്കാളികളാകുന്നവര്‍ പരിശ്രമിക്കണം. നാടിന്റെ വളര്‍ച്ചയ്ക്കായി ആത്മവിശ്വാസത്തോടെ നമുക്കു മുന്നോട്ടു പോകാം- മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications