വിവാദ മലപ്പുറം പരാമർശം: താന്‍ പറയാത്ത കാര്യമെന്ന് മുഖ്യമന്ത്രി, ഒരു പിആർ ഏജൻസിയേയും ചുമതലപ്പെടുത്തിയിട്ടില്ല
ദ ഹിന്ദു അഭിമുഖം അടക്കമുള്ള വിവാദ വിഷയങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി. അഭിമുഖത്തിനായോ മറ്റോ ഒരു പിആർ ഏജന്‍സിയേയും താനും സർക്കാറും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. അഭിമുഖത്തിനായി ഹിന്ദു ആവശ്യപ്പെടുന്നുവെന്ന് എന്നോട് പറയുന്നത്, എനിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരനാണ്. അദ്ദേഹം ആലപ്പുഴയിലെ ദേവകുമാറിന്റെ മകനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹിന്ദുവിന് അഭിമുഖം കൊടുക്കുന്നത് എനിക്കും താല്‍പര്യമുള്ള കാര്യമായിരുന്നു. സമയം കൊടുത്തപ്പോള്‍ അവർ രണ്ടുപേരാണ് വന്നത്. ലേഖിക ഒറ്റപ്പാലത്തുകാരിയാണ്. അഭിമുഖത്തില്‍ ധാരാളം ചോദ്യമുണ്ടായിരുന്നു. എല്ലാത്തിനും വിശദമായ രീതിയില്‍ തന്നെ ഉത്തരം പറഞ്ഞു. അതില്‍ ഒരു ചോദ്യം അന്‍വറിന്റെ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു. ആ വിഷയം വിശദമായി തന്നെ നേരത്തെ പറഞ്ഞ് കഴിഞ്ഞിരുന്നതിനാല്‍ അതിലേക്ക് പോകുന്നില്ലെന്നായിരുന്നു എന്റെ മറുപടി.

അഭിമുഖം പ്രസിദ്ധീകരിച്ച് വന്നപ്പോള്‍ ഞാന്‍ പറയാത്ത ഭാഗവുമുണ്ടായി. എന്റെ നിലപാടുകള്‍ എന്താണെന്ന് നിങ്ങള്‍ക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ. ഏതെങ്കിലും ഒരു ജില്ലയേയോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു വിഭാഗത്തെയോ പ്രത്യേകമായി കുറ്റപ്പെടുത്തി സംസാരിക്കുന്ന ഒരു രീതി എന്റെ പൊതുപ്രവർത്തന രംഗത്ത് നിങ്ങള്‍ ആരെങ്കിലും കണ്ടിട്ടുണ്ടോ? എന്റെ ഭാഗത്ത് നിന്നും അത്തരമൊരു പ്രവർത്തനം ഉണ്ടാകില്ല. എന്നിട്ടും അവർ എന്തുകൊണ്ട് അങ്ങനെ കൊടുത്തെന്ന് അറിയില്ല. അതില്‍ അവരുടെ വിശദീകരണം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.
ഞാനോ സർക്കാറോ ഒരു പിആർ ഏജന്‍സിയേയും ചുമതലപ്പെടുത്തിയിട്ടില്ല. ഇതിനായി ഒരു പൈസയും അനുവദിച്ചിട്ടില്ല. ദേവകുമാറിന്റെ മകന്‍ എന്ന് പറയുന്നത് രാഷ്ട്രീയപരമായി ചെറുപ്പം മുതല്‍ തന്നെ ഞങ്ങളുടെ കൂടെ നില്‍ക്കുന്ന ആളും കൃത്യമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തിയുമാണ്. അതിന്റെയൊക്കെ ഭാഗമായി അയാള്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ അഭിമുഖത്തിനായി സമ്മതിച്ചെന്നേയുള്ളു. മറ്റ് കാര്യങ്ങള്‍ അവർ തമ്മില്‍ തീരുമാനിക്കേണ്ടതാണ് എനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പിവി അന്‍വർ ലക്ഷ്യം വെക്കുന്നത് സി പി എമ്മിനേയും എല്‍ ഡി എഫ് സർക്കാറിനേയുമായി. അന്‍വർ ഈ വിഷയം തുടങ്ങുമ്പോള്‍ തന്നെ കാര്യങ്ങള്‍ ഏറെക്കുറെ നമുക്ക് എല്ലാവർക്കും മനസ്സിലായതാണ്. നിങ്ങള്‍ക്ക് നല്ലത് പോലെ മനസ്സിയാട്ടുണ്ടെന്ന് കരുതുന്നു. എനിക്ക് നല്ല ധാരണ ഉണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ ആ ധാരണയല്ല പ്രകടിപ്പിച്ചത്. അദ്ദേഹം ഒരു എം എല്‍ എ ആയതിനാല്‍ അദ്ദേഹം ഉന്നയിച്ച് പ്രശ്നങ്ങള്‍ അതിന്റേതായ പ്രാധാന്യത്തോടെ എടുക്കുകയാണ് ചെയ്തത്.
അന്‍വറിന്റെ പരാതിയില്‍ അന്വേഷണത്തിന് നിർദേശം കൊടുത്തു. അന്വേഷണം നടന്ന് വരികയും ചെയ്യുന്നു. അപ്പോള്‍ അതാ മെല്ലെ മെല്ലെ മാറി വരികയാണ്. അത് സി പി എം പാർലമെന്ററി പാർട്ടിയില്‍ നിന്നും എല്‍ ഡി എഫില്‍ നിന്നും വിടുന്നുവെന്ന നിലയിലേക്ക് എത്തി. ഏതെല്ലാം തരത്തില്‍ തെറ്റായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമം നടന്നു.
കേരളത്തില്‍ എല്ലാ കാലത്തും വർഗ്ഗീയതക്ക് എതിരായ നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. രാഷ്ട്രീയ എതിരാളികള്‍ പരസ്യമായി അത് അംഗീകരിക്കാന്‍ തയ്യാറാവില്ലെങ്കിലും അവരെല്ലാം അത് ഉള്‍ക്കൊള്ളുന്നു. സി പി എമ്മിന്റെ ഈ നിലപാടില്‍ ഏറ്റവും കൂടുതലുള്ള അമർഷമുള്ളത് വർഗീയ വാദികള്‍ക്കാണ്. അതില്‍ ഭൂരിപക്ഷ വർഗ്ഗീയ വാദികളും ന്യൂനപക്ഷ വർഗ്ഗീയ വാദികളുമുണ്ട്..
ഞങ്ങളുടെ കൂടെ ആളുകള്‍ അണിനിരക്കുന്നതില്‍ വല്ലാതെ അസഹിഷ്ണുത കാണിക്കുന്നവരുണ്ട്. ഇത് കാരണം തന്നെ ഞങ്ങളോട് സഹകരിക്കുന്നവരെ തിരിച്ചുകൊണ്ടു പോവാനുള്ള ശ്രമം നടത്താറുണ്ട്. ഇതിനായി ഞങ്ങളെ ഏതെങ്കിലും ഒരു വർഗ്ഗീയതയുടെ ഭാഗമായി ചിത്രീകരിക്കാന്‍ രണ്ട് കൂട്ടരും ശ്രമിക്കുന്നുണ്ട്. ആ ശ്രമത്തിന്റെ ഭാഗമായി അന്‍വറും മാറിയോ എന്നാണ് അദ്ദേഹം ഈയിടെയായി നടത്തിയ പല പ്രസ്താവനകളും കാണിക്കുന്നത്.












Click it and Unblock the Notifications