സ്‌നേഹാലയത്തില്‍ നിന്നും കാണാതായ കുട്ടികള്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: സ്‌നേഹാലയത്തില്‍ നിന്നും കാണാതായ പിഞ്ചുകുട്ടികളെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് ഷെപ്പേഡ് കോണ്‍വെന്റിനോട് അനുബന്ധിച്ചുള്ള സ്‌നേഹാലയത്തിലെ കുട്ടികളാണ് മരിച്ചത്. രാവണേശ്വരത്തെ ബാബുസൗമ്യ ദമ്പതിമാരുടെ മകന്‍ അപ്പു എന്ന അഭിഷേക് (ഏഴ്), ഇരിട്ടി മണിക്കടവിലെ ജിഷോസൗമ്യ ദമ്പതിമാരുടെ മകന്‍ ജെറിന്‍ (ആറ്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി എട്ടോടെ മന്ദിരത്തിന് പിന്നിലെ ആളൊഴിഞ്ഞ പറമ്പില്‍ വര്‍ഷങ്ങളായി നിര്‍ത്തിയിട്ട കാറിനുള്ളിലാണ് ഇരുവരെയും കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വൈകിട്ട് നാലുമണിയോടെ ഇരുകുട്ടികളെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് പോലിസും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ ഇരുവരും തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറിനുള്ളില്‍ തളര്‍ന്നു കിടക്കുന്നത് കാണുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജെറിന്‍ രണ്ടുദിവസം മുന്‍പാണ് അമ്മയ്‌ക്കൊപ്പം ഇവിടെ എത്തിയത്. നാട്ടിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ്സ് വിദ്യാർഥിയാണ്. അഭിഷേക് അമ്മയ്‌ക്കൊപ്പം ഇവിടെ തന്നെയാണ് താമസം. കാഞ്ഞങ്ങാട് സൗത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. അഭിഷേകിന്റെ സഹോദരങ്ങളായ അഭിനവും കീര്‍ത്തനയും ഇതേ മന്ദിരത്തിലെ അന്തേവാസികളാണ്.
കുട്ടികളുടെ മൃതദേഹങ്ങള്‍ ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പോലിസ് പറഞ്ഞു. അഭിഷേകിന്റെ മാതാവ് സൗമ്യ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അമിതമായി ഗുളിക കഴിച്ചാണ് സൗമ്യ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം.












Click it and Unblock the Notifications