ഇടുക്കിയിലെ ക്രിസ്ത്യന്‍ പുരോഹിതന്‍ ബിജെപിയില്‍: 'ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയല്ല ബിജെപി'
ഇടുക്കി: ഇടുക്കി രൂപതയിലെ വൈദികന്‍ ബി ജെ പിയില്‍ ചേർന്നു. കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെൻതോമസ് ദേവാലയത്തിലെ ഇടവക വൈദികൻ ഫാ. കുര്യക്കോസ് മറ്റമാണ് ബി ജെ പി അംഗത്വം സ്വീകരിച്ചത്. ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജിയുടെ നേതൃത്വത്തില്‍ ഫാ.കുര്യക്കോസ് മറ്റത്തിന് ബി ജെ പിയിലേക്ക് സ്വീകരണം നല്‍കി. ഇടുക്കിയിൽ ആദ്യമായാണ് ഒരു വൈദികൻ ബി ജെ പിയിൽ അംഗമാകുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബി ജെ പി എന്ന് കരുതുന്നില്ലെന്ന് പാർട്ടി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ഫാ. കുര്യാക്കോസ് മറ്റം വ്യക്തമാക്കിയെന്ന് ബി ജെ പി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ എസ് അജി വ്യക്തമാക്കി. 'ഇടുക്കി കൊന്നത്തി മങ്കുവ ഇടവക പള്ളിയിലെ വികാരി ഫാദർ കുര്യാക്കോസ് മറ്റം ജനതാ പാർട്ടിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചു . ഭാരതീയ ജനതാ പാർട്ടി ക്രൈസ്തവർക്ക് ചേരാൻ പറ്റാത്ത പാർട്ടിയാണ് എന്നു താൻ വിശ്വസിക്കന്നില്ല എന്ന് അദ്ദേഹം പറഞ്ഞു' കെ എസ് അജി ഫേസ്ബുക്കില്‍ കുറിച്ചു.

ആനുകാലിക സംഭവങ്ങൾ സസൂഷ്മം വീക്ഷിച്ചതിനുശേഷമാണ് ഭാരതീയ ജനതാ പാർട്ടിയിൽ അംഗമാകാൻ തീരുമാനിച്ചത് എന്നും ഫാദർ കുര്യാക്കോസ് മറ്റം പറഞ്ഞു . മണിപ്പൂർ വിഷയത്തിൽ ബി ജെ പിയെ ഒറ്റപ്പെടുത്തി പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിവർക്കുള്ള മറുപടിയാണ് ഫാദർ കുര്യാക്കോസ് മറ്റത്തിന്റെ ബി ജെ പി പ്രവേശനമെന്നും കെ എസ് അജി പറഞ്ഞു.
മതന്യൂനപക്ഷങ്ങളെ ചേർത്തു നിർത്തുവാൻ ബി ജെ പി ശ്രമിക്കുമ്പോൾ അവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുവാൻ ശ്രമിക്കുന്നവർക്കുള്ള താക്കീതു കൂടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ബി ജെ പി ഇടുക്കി മണ്ഡലം പ്രസിഡണ്ട് എസ്. സുരേഷ് , ജനറൽ സെക്രട്ടറി നോബി ഇ എഫ് , മൈനോറിറ്റി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിൽ ദേവസ്യ , ബി ജെ പി മണ്ഡലം ഭാരവാഹികളായ സുരേഷ് തെക്കേക്കൂറ്റ്, സോജൻ പണം കുന്നിൽ ,സുധൻ പള്ളിവിളാകത്ത് , മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ലീന രാജുഎന്നിവർ സംബന്ധിച്ചു












Click it and Unblock the Notifications