പിണറായിയുടെ വാക്കിന് പുല്ലുവില; നോക്കു കൂലി നൽകിയില്ല, സിഐടിയുക്കാർ കൈ തല്ലിയൊടിച്ചു!

  • Written By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: പിണറായി വിജയന്റെ വാക്കിന് പുല്ലുവില. വീടു പണിക്ക് എത്തിച്ച സിമന്റ് ലോറിയില്‍നിന്ന് ഇറക്കാന്‍ ശ്രമിച്ച ഗൃഹനാഥന്റെ കൈ ചുമട്ടുതൊഴിലാളികള്‍ തല്ലിയൊടിച്ചു. സിഐടിയു പ്രവർത്തകാരാണ് അക്രമം കാണിച്ചതെന്ന് സൗത്ത് ലൈവ് റിപ്പോർട്ട് ചെയ്യുന്നു. ആംബുലന്‍സ് ഡ്രൈവര്‍ ശ്രീകുമാരമംഗലം വായിത്ര ആന്റണിക്കാണ് (51) മര്‍ദനമേറ്റത്. കൈക്ക് പരിക്കുപറ്റിയ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്റണിയും മകന്‍ ജോയലും ചേര്‍ന്ന് സിമന്റ് ഇറക്കുകയായിരുന്നു. ഇതിനിടെ സിഐടിയു പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തി നോക്കുകൂലി ആവശ്യപ്പെട്ടു. ലോഡ് ഇറക്കാന്‍ സമ്മതിക്കില്ലെന്നായിരുന്നു ഭീഷണി.

ഇത് കൂട്ടാക്കാതിരുന്ന ആന്റണിയെ വലിച്ച് താഴെയിട്ടു. തുടർന്ന് രണ്ട് മൂന്ന് പേർ ചേർന്ന് ചവിട്ടുകയും കുത്തുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് മകൻ മൊഴി നൽകി. കഴിഞ്ഞ ദിവസമാണ് നോക്കു കൂലി വാങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന ഇറക്കിയത്. അടുത്ത സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ കേരളം നോക്കുകൂലി മുക്ത സംസ്ഥാനമാകുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മേയ് ഒന്നുമുതല്‍ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത തൊഴിലാളി സംഘടന നേതാക്കളുടെ യോഗത്തിലാണ് ധാരണയായിരുന്നത്.

Pinarayi Vijayan

ഇതിനു പിന്നാലെയാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കുകയും ജനം പൊറുതിമുട്ടുകയും ചെയ്യുന്ന നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള സര്‍ക്കാന്‍ തീരുമാനത്തിന് കേന്ദ്ര ട്രേഡ് യൂനിയനുകള്‍ പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ കുമരകത്ത് ഉണ്ടായിരിക്കുന്ന സംഭവം സിഐടിയുവിനെ നാണം കെടുത്തുന്നതാണ്. നോക്കുകൂലിയെ തുടര്‍ന്ന് സംരംഭം തുടങ്ങാനാകാതെ പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവം നിയമസഭയില്‍ ചര്‍ച്ച ചെയ്യവെ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഈ യോഗത്തിലാണ് പുതിയ തീരുമാനം ഉണ്ടായത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
CITU worker attacked a man at Kumarakam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്