ചലച്ചിത്ര ഗാനകലയെ ജനകീയവൽക്കരിച്ച ഗാനരചയിതാവ്, ബിച്ചു തിരുമലയെ അനുസ്മരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളള പ്രമുഖര്‍. ഇന്ന് രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. സിനിമാ രംഗത്ത് നിന്ന് മമ്മൂട്ടിയും മോഹൻലാലും അടക്കമുളളവർ ബിച്ചു തിരുമലയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. ചലച്ചിത്ര ഗാനകലയെ ജനകീയവൽക്കരിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.
സിനിമാ ലോകത്തെ അമ്പരപ്പിച്ച ആ സർപ്രൈസ്, ദിലീപിനും കാവ്യയ്ക്കും സ്പെഷ്യൽ ഡേ- ചിത്രങ്ങൾ
മുഖ്യമന്ത്രിയുടെ വാക്കുകൾ: '' കവിയും പ്രശസ്ത ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. ചലച്ചിത്ര ഗാനകലയെ ആസ്വാദക പക്ഷത്തേക്ക് കൂടുതലായി അടുപ്പിക്കുകയും ജനകീയവൽക്കരിക്കുകയും ചെയ്ത ഗാന രചയിതാവാണ് ബിച്ചു തിരുമല. അസാധാരണമായ പദ സ്വാധീനം കൊണ്ടും സംഗീതാത്മകമായ ഭാഷാ പ്രയോഗം കൊണ്ടും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആസ്വാദക മനസ്സിനോട് ചേർന്നു നിന്നു. സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളുമടക്കം അയ്യായിരത്തിലേറെ ഗാനങ്ങൾ അദ്ദേഹത്തിന്റേതായി വന്നു. എൺപതുകളിലും തൊണ്ണൂറുകളിലും കേരളത്തിൽ മുഴങ്ങിക്കേട്ട നിരവധി ഹിറ്റ് ഗാനങ്ങൾ ബിച്ചുവിന്റെ തൂലികയിൽ പിറന്നതായിരുന്നു. മലയാളത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര ഗാനങ്ങൾക്ക് വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനായിരുന്നു ബിച്ചു തിരുമല. ബിച്ചുവിന്റ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു''.

സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ: '' മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് ബിച്ചു തിരുമലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അരനൂറ്റാണ്ട് നീണ്ട എഴുത്തുജീവിതത്തിനിടെ അയ്യായിരത്തിലേറെ ഗാനങ്ങൾ മലയാള സിനിമയ്ക്കായി സമ്മാനിച്ച അതുല്യകലാകാരനാണ് ബിച്ചു തിരുമല. സിനിമാ ഗാനങ്ങളിൽ വാങ്മയ ചിത്രങ്ങൾ കാവ്യഭംഗി തുളുമ്പുന്ന വരികളിലൂടെ സൃഷ്ടിക്കാൻ പ്രത്യേക കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമാ മേഖലയ്ക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ''.
നടൻ മോഹൻലാലിന്റെ അനുസ്മരണം: '' തലമുറകൾ ഏറ്റുപാടുന്ന ഭാവസാന്ദ്രമായ ആയിരത്തിലധികം ഗാനങ്ങൾ മലയാളത്തിന് നൽകി പ്രിയപ്പെട്ട ശ്രീ ബിച്ചു തിരുമല വിടവാങ്ങി. അനായാസരചനയിലൂടെ വാക്കുകൾക്കൊണ്ട് ഇന്ദ്രജാലം തീർത്ത പ്രതിഭയായിരുന്നു അദ്ദേഹം. സാധാരണക്കാരൻ്റെ ഭാഷയിൽ, ജീവിതഗന്ധിയായ വരികൾ സമ്മാനിച്ച, അദ്ദേഹത്തിൻ്റെ ഒട്ടനവധി ഗാനങ്ങളിൽ പാടിയഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. ഒരു കാലഘട്ടത്തിൽ, പ്രിയപ്രേക്ഷകർ ഹൃദയത്തോടു ചേർത്തുപിടിച്ച, എൻ്റെ ഒട്ടനേകം ഹിറ്റ് ഗാനരംഗങ്ങൾക്ക് ജീവൻ പകർന്നത് അദ്ദേഹത്തിൻ്റെ തൂലികയിൽ പിറന്ന വരികളാണെന്നത് സ്നേഹത്തോടെ ഓർക്കുന്നു. ബിച്ചുവേട്ടന് ആദരാഞ്ജലികൾ''.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി: '' മിഴിയോരം നനഞ്ഞൊഴുകും...ബിച്ചു തിരുമല ജലശംഖുപുഷ്പം പോലെ ഒഴുകി മാഞ്ഞു. സിനിമാ ഗാനങ്ങളിൽ നീലാകാശവും മേഘങ്ങളും അദ്ദേഹം മലയാളിക്ക് അനുഭവമായി നൽകി. ഒന്ന് നിനയ്ക്കും വേറൊന്ന് ഭവിക്കുമെന്ന് മനുഷ്യ ജീവിതത്തിന്റെ കേവലതയെ അദ്ദേഹം വരികളിലാക്കി. ആരാരോ ആരീരാരോ എന്ന് താരാട്ട് കുറിക്കാൻ ബിച്ചു തിരുമല ഇനിയില്ല. ജീവിതമെന്ന തൂക്കുപാലം അദ്ദേഹം പിന്നിട്ടിരിക്കുന്നു. ഏഴു സ്വരങ്ങളായി അദ്ദേഹം മലയാളിയുടെ നെഞ്ചിൽ ജീവിക്കും. മാനവ ഹൃദയത്തെ ദേവാലയമാക്കി വാഴ്ത്തിയ പ്രിയ കവിക്ക് വിട... ആദരാഞ്ജലികൾ''
Recommended Video
ധനമന്ത്രി പി രാജീവ്: '' പ്രശസ്ത ഗാന രചയിതാവും കവിയും മലയാളികൾക്കാകെ പ്രിയങ്കരനുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. അയ്യായിരത്തിലധികം ഗാനങ്ങൾ ഒരു ജീവിതകാലത്തിനിടയിൽ എഴുതുക എന്നത് വളരെ കഠിനമായ പ്രയത്നമാണ്. എന്നാൽ അദ്ദേഹം നമ്മുടെയെല്ലാം ജീവിതത്തോട് ചേർന്നു നിൽക്കുന്ന വരികളാൽ അത്രയും ഗാനങ്ങൾ എഴുതി. പല ഗാനങ്ങളും നമുക്ക് നേരിട്ട് പരിചിതമായ ചുറ്റുപാടുകളിൽ നിന്നുള്ളതായിരുന്നു. ഇത് അദ്ദേഹത്തെ മലയാളികൾക്കാകെ പ്രിയങ്കരനാക്കിമാറ്റി. എണ്ണമറ്റ സംഗീത സംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചു. എല്ലാവർക്കൊപ്പവും ഓർത്തുവെക്കാൻ പാകത്തിലുള്ള ഗാനരചനയും അദ്ദേഹം നടത്തി. സിനിമാ ഗാനങ്ങൾ മാത്രമല്ല, ഭക്തിഗാനങ്ങളും അദ്ദേഹമെഴുതി. അവയെല്ലാം മലയാളികൾ ഇപ്പോഴും മൂളിക്കൊണ്ടേയിരിക്കുന്നു. തലമുറകളുടെ നാവിലൂടെയാണ് അദ്ദേഹത്തിൻ്റെ ഗാനങ്ങൾ ജീവിച്ചുകൊണ്ടേയിരിക്കുന്നത്, ഇനിയുള്ള തലമുറകളും ഈ ഗാനങ്ങളിലൂടെ അദ്ദേഹത്തെ ഓർക്കും. അദ്ദേഹത്തിൻ്റെ മരണത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുകളുടെയും മലയാള സിനിമാ ലോകത്തിൻ്റെയും ദുഃഖത്തിൽ പങ്കുചേരുന്നു''.












Click it and Unblock the Notifications